ദിനോസറുകളെ ഇല്ലാതാക്കിയത് അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളല്ല!
ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, ബ്രിസ്റ്റല്‍ സര്‍വകലാശാല, ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നത് ഒരു ഛിന്നഗ്രഹത്തിന് മാത്രമേ ദിനോസറുകളുടെ വംശനാശത്തിന് കാരണമാകുന്ന സാഹചര്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നതാണ്
ജുറാസിക് പാര്‍ക്ക് സിനിമയിലാണ് നാമാ ഭീമാകാരന്‍ ജീവിയെ കണ്ടത്. നീളന്‍ കഴുത്തും വലിയ വാലും നാലുകാലുകളും 100-130 അടിയോളം ഉയരവുമുള്ള ഭീമന്‍ ദിനോസറുകള്‍, പറക്കുന്ന വമ്പന്‍ ദിനോസറുകള്‍. ദിനോസറുകളെന്ന് നമ്മളില്‍ പലരും ആദ്യമായി കേള്‍ക്കുന്നത് പോലും ജുറാസിക് പാര്‍ക്കെന്ന 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ആ സിനിമയിലൂടെയാവണം. എന്നാല്‍ 230 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ഉല്‍ഭവിച്ചു പിന്നീട് വംശനാശം സംഭവിച്ച ജീവികളാണ് ഈ ദിനോസറുകള്‍. ഓസ്ട്രേലിയയിലും ചിക്കാഗോയിലെ കാനഡയിലുമടക്കം പല പ്രദര്‍ശനാലയങ്ങളിലും ഇപ്പോളും ഈ ദിനോസറുകളുടെ അസ്ഥികൂടം സൂക്ഷിച്ചു വച്ചിട്ടുണ്ട്.
ദിനോസറുകളുടെ വംശനാശത്തെ കുറിച്ച് ശാസ്ത്രലോകത്ത് പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. ഛിന്നഗ്രഹം പതിച്ചതാണ് വംശനാശത്തിന് കാരണമായത് എന്നൊരു കൂട്ടം ശാസ്ത്രജ്ഞര്‍ വാദിക്കുമ്പോള്‍ അഗ്‌നിപര്‍വ്വതങ്ങളാണ് നാശത്തിനു കാരണം എന്ന് മറ്റൊരു കൂട്ടം പറയുന്നു. എങ്കിലും നല്ലൊരു ശതമാനം ഗവേഷകരെങ്കിലും വിശ്വസിക്കുന്നത് പതിനായിരക്കണക്കിന് വര്‍ഷത്തെ വലിയ അഗ്‌നിപര്‍വ്വത സ്ഫോടനങ്ങളാണ് വംശനാശത്തിന്റെ യഥാര്‍ത്ഥ കാരണമായിരിക്കാമെന്നാണ്, ഇത് ഭൂമിയിലെ 75% ജീവജാലങ്ങളെയും നശിപ്പിച്ചിട്ടുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. മറ്റൊരു ശതമാനം വിശ്വസിക്കുന്നത് ഛിന്നഗ്രഹങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായാണ് വംശനാശം സംഭവിച്ചത് എന്നാണ്.
എന്നാല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, ബ്രിസ്റ്റല്‍ സര്‍വകലാശാല, ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നത് ഒരു ഛിന്നഗ്രഹത്തിന് മാത്രമേ ദിനോസറുകളുടെ വംശനാശത്തിന് കാരണമാകുന്ന സാഹചര്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നതാണ്. ഡോ. അല്‍ഫോ അലെസാന്‍ഡ്രോയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. പ്രൊസീഡിങ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ പഠനത്തിനുവേണ്ടി ഗവേഷകര്‍, ഫോസിലുകളുടെ വിവരങ്ങള്‍ ശിലാ-കാലാവസ്ഥ ആവാസവ്യവസ്ഥ മോഡലുകളുമായി ഏകീകരിപ്പിച്ചുകൊണ്ട് ദിനോസറുകളുടെ ആവാസവ്യവസ്ഥയെക്കുറിച്ച് വിലയിരുത്തി. ഛിന്നഗ്രഹ-ആഘാത മോഡലുകള്‍ ഒരു വലിയ ശൈത്യകാലമാണ് കാണിച്ചത്. ഇത്തരത്തില്‍ ശൈത്യകാലം ഉണ്ടായാല്‍ അത് ദിനോസറുകളുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കുന്ന അവസ്ഥയാണ ഉണ്ടാക്കുക എന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ നേരെമറിച്ചു , ഡക്കാന്‍ അഗ്‌നിപര്‍വ്വതങ്ങളുടെ പഠനം നടത്തിയപ്പോള്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് മൂലമുള്ള താപനം ദിനോസറുകളുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായതായും കണ്ടെത്തി. മാത്രമല്ല ഹ്രസ്വകാല അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും ആവാസവ്യവസ്ഥയെ പിന്തുണക്കുന്നു.
ഈ വിവരങ്ങള്‍ പിന്താങ്ങുന്നത് ഛിന്നഗ്രഹ സിദ്ധാന്തത്തെയാണ്. അതുകൊണ്ടു തന്നെ പക്ഷിവര്‍ഗ്ഗത്തില്‍ പെടാത്ത മറ്റുള്ള ദിനോസറുകളുടെ വംശനാശത്തിന്റെ പ്രധാന കാരണം ഛിന്നഗ്രഹത്തിന്റെ പതനമായിരുന്നു. മാത്രമല്ല അഗ്‌നിപര്‍വ്വത സ്ഫോടനങ്ങളില്‍ നിന്നുള്ള താപനം ഛിന്നഗ്രഹ സ്വാധീനത്തിന്റെ ഏറ്റവും തീവ്രമായ പ്രത്യാഘാതങ്ങളെ ലഘൂകരിക്കുകയും വംശനാശത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.