വയസ് 25, ഉറക്കം തൊട്ടിലിൽ, ഇപ്പോഴും ഡയപ്പർ വയ്ക്കുന്നു, കുട്ടികളുടെ ജീവിതം ജീവിക്കുന്ന യുവതി
സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിതം നയിക്കാൻ അവളെ പ്രോത്സാഹിപ്പിക്കുന്ന ഒരുപാട് ഓൺലൈൻ പ്രേക്ഷകർ അവൾക്കുണ്ട്. അവരിൽ നിന്ന് തനിക്ക് നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്നും അവൾ അവകാശപ്പെടുന്നു.
കുട്ടികൾ ഡയപ്പർ ധരിക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല, എന്നാൽ വലുതായിട്ടും ആ ശീലം തുടർന്നാലോ? 25 -കാരിയായ പൈഗെ മില്ലർ ഇപ്പോഴും ഡയപ്പർ ധരിച്ചാണ് നടക്കുന്നത്. ഒരു കൊച്ചുകുട്ടിയുടേതു പോലുള്ള ജീവിതം നയിക്കുന്ന അവൾ ഉറങ്ങുന്നത് തൊട്ടിലിലാണ്. കാലത്തുണർന്ന് കഴിഞ്ഞാൽ കളിപ്പാട്ടങ്ങൾക്കൊപ്പം കളിക്കുന്നതും അവളുടെ ഒരു ശീലമാണ്. അഡൾട്ട് ബേബി ഡയപ്പർ ലവേഴ്‌സ് (എബിഡിഎൽ) ഓൺലൈൻ കൂട്ടായ്മയിലെ അംഗമാണ് പൈഗെ. പ്രതിമാസം ഇരുപത്തിയൊന്നായിരത്തോളം രൂപയാണ് ഡയപ്പർ വാങ്ങാൻ മാത്രം അവൾ ചിലവാക്കുന്നത്.
നിലവിൽ യുഎസിലെ ഈസ്റ്റ് കോസ്റ്റിൽ താമസിക്കുന്ന പൈഗെ 2018 മെയ് മാസത്തിലാണ് ഈ പുതിയ ജീവിതശൈലി സ്വീകരിച്ചത്. താൻ എല്ലായ്പ്പോഴും കളിപ്പാട്ടങ്ങൾ ശേഖരിക്കുകയും ചെറുപ്പത്തിൽ നർമ്മബോധം പുലർത്തുകയും ചെയ്തിരുന്നുവെന്നും അതിനാൽ ഈ സ്വഭാവം സുഹൃത്തുക്കൾക്കും കുടുംബത്തിനും വളരെ സ്വീകാര്യമാണെന്നും അവൾ കൂട്ടിച്ചേർത്തു. ഒരു ശിശുവിനെപ്പോലെ പെരുമാറുന്നത് വലിയ കാര്യമല്ലെന്നും കുഞ്ഞായി ജീവിക്കാൻ ആളുകൾ ആഗ്രഹിക്കുന്നുവെങ്കിൽ ലജ്ജിക്കേണ്ടതില്ലെന്നും പൈഗെ പറഞ്ഞു. ഇത് ജീവിതകാലം മുഴുവൻ തുടർന്ന് കൊണ്ടുപോവുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അവൾ കൂട്ടിച്ചേർത്തു. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രമല്ല, വീടിന് പുറത്തും ഒരു കുട്ടിയെപോലെയാണ് അവൾ ജീവിക്കുന്നത്. പൊതുസ്ഥലങ്ങളിൽ പോലും കുട്ടികളുടെ വസ്ത്രമാണ് അവൾ ധരിക്കുന്നത്. എന്നാൽ, തന്റെ ഈ പ്രവൃത്തിയും, ജീവിതശൈലിയും പല ആളുകൾക്കും അംഗീകരിക്കാൻ സാധിക്കാറില്ലെന്നും പലപ്പോഴും നിഷേധാത്മക അഭിപ്രായങ്ങളും, പരിഹാസവും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും പൈഗെ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഒരുപക്ഷേ ഇതിനൊക്കെ പണം എവിടെനിന്നാണ് എന്നൊരു ചോദ്യം ഉയരാം. റിപ്പോർട്ട് അനുസരിച്ച്, ഓൺലൈനിൽ അവൾക്ക് സ്വന്തമായി ഒരു ചാനലും, കുറെ ഫോളോവേഴ്‌സും ഉണ്ട്. അവർ നൽകുന്ന പണത്തിലൂടെയാണ് ചിലവേറിയ ഈ ജീവിതം അവൾ മുന്നോട്ട് കൊണ്ടുപോകുന്നത്. 426 പേർ സബ്‌സ്‌ക്രൈബുചെയ്‌ത സ്വകാര്യ സബ്‌സ്‌ക്രിപ്‌ഷൻ സേവനം അവൾക്കുണ്ട്. പൈഗെയുടെ ഒരു ദിവസം ആരംഭിക്കുന്നത് തൊട്ടിലിൽ നിന്നാണ്. അവിടെ നിന്ന് എഴുന്നേറ്റ്, ഡയപ്പർ മാറ്റി, കളിപ്പാട്ടങ്ങൾ വച്ച് കളിച്ച് അവൾ കുട്ടികളെ അനുകരിക്കുന്നു. മുഴുവൻ സമയവും ഒരു കുട്ടിയെ പോലെയാണെങ്കിലും, വലിയവർ ചെയ്യുന്ന പലതും പൈഗെക്ക് ചെയ്യണം. ബില്ലുകൾ അടയ്ക്കുന്നത് പോലുള്ള മുതിർന്നവർ ചെയ്യുന്ന കാര്യങ്ങളും അവൾ ചെയ്യേണ്ടതുണ്ട്. അതിനുപുറമെ, അഞ്ചുവർഷത്തെ പങ്കാളിയുമായി അവളുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കയാണ്. ഭാവി വരൻ അവളെ പോലുള്ള ഒരു ജീവിതശൈലിയല്ല പിന്തുടരുന്നതെങ്കിലും, അവളുടെ ആ ജീവിത രീതിയെ അദ്ദേഹം പിന്തുണയ്ക്കുന്നു.
സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിതം നയിക്കാൻ അവളെ പ്രോത്സാഹിപ്പിക്കുന്ന ഒരുപാട് ഓൺലൈൻ പ്രേക്ഷകർ അവൾക്കുണ്ട്. അവരിൽ നിന്ന് തനിക്ക് നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്നും അവൾ അവകാശപ്പെടുന്നു. അതേസമയം ഈ ജീവിത രീതികൊണ്ട് അവളുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ആളുകളുമുണ്ട്. സാധാരണ ബുദ്ധിയുള്ള ഒരാൾ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്ന് ആളുകൾ ചോദിക്കുന്നു. "എനിക്ക് 18 വയസ്സായപ്പോൾ എന്നെ പോലെ കുട്ടിയായി ജീവിക്കാൻ ആഗ്രഹിക്കുന്ന മറ്റാരെങ്കിലും ഉണ്ടോ എന്ന് ഞാൻ വെറുതെ ഇന്റർനെറ്റിൽ തിരയാൻ തുടങ്ങി. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത്തരം ആളുകളുടെ ഒരു കൂട്ടായ്മ തന്നെയുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. ആളുകളുടെ ഏറ്റവും പ്രധാനപ്പെട്ട വികാരങ്ങളിലൊന്ന് ലജ്ജയാണ്, അതിനാൽ സമൂഹത്തിൽ എന്നെപോലുള്ളവരെ കണ്ടെത്താൻ ഞാൻ ശ്രമിക്കുന്നു. മുതിർന്നവർക്ക് എങ്ങനെ ഒരു ശിശു ജീവിതം നയിക്കാമെന്നതിനെക്കുറിച്ച് പറയാൻ ഞാൻ ഒരു YouTube ചാനലും, ഒരു വെബ്‌സൈറ്റും ഉണ്ടാക്കി" പൈഗെ പറഞ്ഞു.
എബിഡിഎൽ കൂട്ടായ്മയിൽ ഉള്ളടക്കം എഴുതുന്നതും അവളുടെ ജോലിയാണ്. കൊച്ചുകുട്ടികളായിരുന്നപ്പോൾ നമ്മൾ ചെയ്ത കാര്യങ്ങൾ നമുക്ക് സന്തോഷം നൽകാറുണ്ടെന്നും, കളിപ്പാട്ടങ്ങളുമായി കളിക്കാൻ തനിക്ക് ഇഷ്ടമാണെന്നും, പോളി പോക്കറ്റും ബാർബികളും ശേഖരിക്കുന്ന സ്വഭാവം തനിക്കുണ്ടെന്നും അവൾ പറഞ്ഞു. അവൾ എങ്ങനെയാണോ അതുപോലെ തന്നെ പൊതു സമൂഹത്തിന് മുന്നിൽ ജീവിച്ച് കാട്ടുന്നതിന് നിരവധി ആളുകൾ അവൾക്ക് അഭിനന്ദനം പറയുന്നു.