Eid Memory: പെരുന്നാള്‍ക്കാലത്ത് ഒരു തയ്യല്‍ക്കട!

 നോമ്പ് മുപ്പതും കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ചത് മനസ്സില്‍ ഭക്തി നിറഞ്ഞവരോ വിശ്വാസികളോ ആയിരിക്കില്ല. സമയത്തിന് വസ്ത്രം തയ്ച്ച് കൊടുക്കണമല്ലോ എന്ന വേവലാതി പൂണ്ട തയ്യല്‍ക്കാരായിരിക്കും.

a tailoring shop during Eid al fitr memory by Rafees maranchery

റാന്തലിനു പകരം എല്‍.ഇ.ഡി വെളിച്ചവും ഇഷ്ട ജോലിയും സൗകര്യങ്ങളും കൈവന്നെങ്കിലും ഓടുകളെ താങ്ങി നിന്ന ചിതല്‍ പാതിതിന്ന  കഴുക്കോലിന് പകരം ഇരുമ്പുകമ്പിയെ ഉള്ളിലൊളിപ്പിച്ച കോണ്‍ക്രീറ്റ് മേല്‍ക്കൂര വന്നെങ്കിലും കാലവും ദേശവും ജോലിയും മാറിയെങ്കിലും ആ പെരുന്നാളിന്റെ ശബ്ദവും നിറവും നിര്‍വൃതിയും പിന്നീടൊരിക്കലും കൈവന്നിട്ടില്ല.

 

a tailoring shop during Eid al fitr memory by Rafees maranchery


ഓരോ ആഘോഷങ്ങളും പിന്നിട്ട കാലങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ്. ദൂരകാലങ്ങളെ തോല്‍പ്പിക്കാനുള്ള അസാമാന്യ വേഗതയുണ്ട് ആ ഓര്‍മ്മകള്‍ക്ക്. ഇടവും കാലവും ഭൗതിക സാഹചര്യങ്ങളും എത്രയൊക്കെ മാറിയെന്നാലും മനുഷ്യത്വത്തിന്റെ ഇത്തിരി ചേരുവ സ്വഭാവ വൈഭവങ്ങളില്‍ കലര്‍ന്നവരെയെല്ലാം വിശേഷ അവസരങ്ങള്‍ പിന്നിട്ട കാലത്തേക്ക് കൈപിടിച്ച് നടത്തും. സ്വജീവിതത്തിലെ വ്യത്യസ്ത സ്ഥായിയായ അനുഭവങ്ങളുടെ ചിത്രങ്ങള്‍ അവിടെ തെളിയും. കയറ്റിറക്കങ്ങളും വളവുതിരിവുകളുമുള്ള പിന്നിട്ട പാതയിലെ ആ കാഴ്ചകളാണ് ഇടര്‍ച്ചയില്ലാതെ തേരോടിക്കാനുള്ള ത്രാണി നല്‍കുന്നത്.

ഉമ്മ ഒരു തയ്യല്‍ തൊഴിലാളിയായത് കൊണ്ടായിരിക്കണം ആ വേനലവധിക്കാലത്ത്  'വെറുതെ കളിച്ചു നടക്കാതെ പോയി തയ്യല്‍ പഠിക്കൂ' എന്ന ഉപദേശം തന്നത്. ഉപ്പയുടെ വരുമാനം മുടങ്ങിയ മാസങ്ങളില്‍ കുഞ്ഞു ആഗ്രഹങ്ങള്‍ക്ക് നിറം പകര്‍ന്നത് ഉമ്മ തയ്യല്‍ മെഷീനില്‍ കാലുകൊണ്ട് സൃഷ്ടിച്ച താളങ്ങളായിരുന്നു. ആ ബോധ്യം മനസ്സിലുണ്ടായിരുന്നതിനാല്‍ എതിര്‍ക്കാന്‍ നിന്നില്ല. രമേശേട്ടന്റെ തയ്യല്‍ കടയിലായിരുന്നു പോയിരുന്നത്. അവിടെ തയ്യലിനേക്കാള്‍ പ്രാധാന്യം ഫുട്‌ബോളിനും വായനയ്ക്കുമായിരുന്നു. 

ഉച്ചക്ക് ശേഷം കടയ്ക്കു മുമ്പില്‍ ഏതെങ്കിലും വാഹനം വന്നു നില്‍ക്കും. അതില്‍ കയറി രമേശേട്ടന്‍ കളിസ്ഥലത്തേക്ക് യാത്രയാവും. തയ്യല്‍ ജോലിയെക്കാള്‍ അദ്ദേഹത്തിന് താത്പര്യം കളിയും സാഹിത്യവും രാഷ്ട്രീയവുമൊക്കെയായിരുന്നു.  തൊട്ടുമുമ്പിലെ പഞ്ചായത്ത് ലൈബ്രറിയില്‍ നിന്ന് രമേശേട്ടന്‍ കൊണ്ടുവന്നുവെച്ച പുസ്തകങ്ങളൊക്കെ വായിച്ചു തീര്‍ക്കും. മുട്ടത്ത് വര്‍ക്കിയും തിക്കോടിയനും  പമ്മനും ബഷീറുമൊക്കെ തയ്യല്‍ മെഷീനില്‍ ഇരുന്ന് അക്ഷരങ്ങള്‍ കൊണ്ട് ഉള്ളില്‍ കഥകള്‍ തുന്നി. കുപ്പായങ്ങള്‍ക്കും പാന്റുകള്‍ക്കും തുള തുന്നിയതിലും കുടുക്ക് ഘടിപ്പിച്ചതിലും അധികം വരും കഥാപാത്രങ്ങളെ മനസ്സില്‍  തുന്നിച്ചേര്‍ത്തതും ഉള്ളു സ്പര്‍ശിച്ച വരികളെ ഹൃദയത്തില്‍ കുടിയിരുത്തിയതും.

കാലചക്രം അതിന്റെ സ്വാഭാവിക ചലനത്തിനിടയില്‍ പിന്നീടുള്ള  വര്‍ഷത്തെ  സ്‌കൂള്‍ വേനലവധിക്കാലം കടന്നുവന്നത് വ്രത മാസത്തിന്റെ പരിശുദ്ധിയും പേറിയാണ്. സ്വാഭാവികമായും വീണ്ടും ഉപദേശം വന്നു. കൗമാരത്തിന്റെ കളിമ്പങ്ങള്‍ക്ക് വീണ്ടും അവധി നല്‍കി. ചെന്നു കയറിയത് കബീര്‍ക്കയുടെ തയ്യല്‍ കടയില്‍. വിവിധ തയ്യല്‍ മെഷീനുകളിലായി അഞ്ചോളം പേര്‍ ജീവിത താളം ചവിട്ടുന്നു. തുള തുന്നലും ബട്ടണ്‍ ഘടിപ്പിക്കലുമായി സതീശന്‍, കട്ടിംഗ് മാസ്റ്ററായി കബീര്‍ക്ക. അതൊരു പ്രതാപ കാലം കൂടിയായിരുന്നു. റെഡിമെയ്ഡ് വസ്ത്ര സംസ്‌കാരം മാറഞ്ചേരി പോലൊരു ഗ്രാമത്തില്‍ അക്കാലത്ത് വേരോടിയിരുന്നില്ല. അതിനാല്‍ തന്നെ വസ്ത്ര സങ്കല്പങ്ങളുടെ പൂര്‍ണ്ണതക്കായി തയ്യല്‍ മെഷീനിലെ സൂചികള്‍ അറ്റത്ത് നൂലും കടിച്ചുപിടിച്ച് രാപകലില്ലാതെ താഴ്ന്നു പൊങ്ങി.

കത്രികയുടെ അറ്റം കൊണ്ട് കബീര്‍ക്ക മുറിവ് സൃഷ്ടിച്ച കുപ്പായങ്ങളില്‍ സതീശന്‍ തുളതുന്നി. ഒരു ചിത്ര  കാരന്‍ കൂടിയായ അദ്ദേഹത്തിന് അതില്‍ അസാമാന്യ വേഗതയും വൈഭവവുമുണ്ടായിരുന്നു. ബാല പാഠങ്ങള്‍ അദ്ദേഹം ചൊല്ലിത്തന്നു. നൂലിന്റെ കയറ്റിറക്കങ്ങളില്‍ അശ്രദ്ധ കൊണ്ട് സംഭവിച്ച വൈരൂപ്യങ്ങള്‍ അദ്ദേഹം പരിഹരിച്ചു തന്നു. ഞാന്‍ ഒരു കുപ്പായത്തിന്റെ തുള തുന്നി ബട്ടണ്‍ ഘടിപ്പിച്ചു തീര്‍ക്കുമ്പോഴേക്കും അദ്ദേഹം നിരവധിയെണ്ണം തീര്‍ത്ത് ഇസ്തിരിയിടാനുള്ള ടേബിളിലേക്ക് ഇട്ടുകൊടുത്തിട്ടുണ്ടാവും.

വ്രതം ആദ്യ പകുതി പിന്നിട്ടപ്പോള്‍ തന്നെ കടയില്‍ തുണികള്‍ നിറഞ്ഞു. പിന്നീട് വരുന്നവരോട് പെരുന്നാള്‍ തലേന്ന് തരാന്‍ പറ്റില്ലെന്നും പെരുന്നാളിന്റെ അന്നോ അല്ലെങ്കില്‍ പിറ്റേന്നോ തരാന്‍ ശ്രമിക്കാം എന്നൊക്കെ പറഞ്ഞു കബീര്‍ക്ക സമാധാനിപ്പിക്കും. സ്ഥിരം ഉപഭോക്താക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. നോമ്പ് മുപ്പതും കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ചത് മനസ്സില്‍ ഭക്തി നിറഞ്ഞവരോ വിശ്വാസികളോ ആയിരിക്കില്ല. സമയത്തിന് വസ്ത്രം തയ്ച്ച് കൊടുക്കണമല്ലോ എന്ന വേവലാതി പൂണ്ട തയ്യല്‍ക്കാരായിരിക്കും.

ഇടതു കയ്യിന്റെ ചൂണ്ടു വിരലില്‍ തുണിവെച്ച് വലതു കയ്യിലെ തള്ളവിരലും ചൂണ്ടു വിരലും കൊണ്ട് നൂലുകോര്‍ത്ത സൂചികൊണ്ട് തുളതുന്നും. അശ്രദ്ധ ഇരുകയ്യിലേയും വിരലുകളില്‍ നേര്‍ത്ത സൂചികൊണ്ടുള്ള കുത്തുകള്‍ തീര്‍ത്തു. ദിനംപ്രതി കുത്തുകളുടെ എണ്ണം കൂടിക്കൂടി വന്നു. പല ഇടങ്ങളില്‍ പല വീടുകളില്‍ പലപല  പേരുകളിലുള്ളവര്‍ക്കുള്ള കുപ്പായങ്ങളില്‍ തുണിയുടെ നിറമനുസരിച്ചുള്ള നൂലുകളില്‍ തുളകള്‍ തുന്നി, അനുയോജ്യമായ വര്‍ണ്ണങ്ങളില്‍ ബട്ടണ്‍ ഘടിപ്പിച്ചു. സതീശന്റെ വൈഭവത്തിനടുത്ത് എത്തിയില്ലെങ്കിലും പെരുന്നാള്‍ ദിവസം എത്തും മുമ്പേ തുന്നലിനു വേഗത കൂടി വന്നു. പണി കഴിഞ്ഞു പോകുമ്പോള്‍ പലപ്പോഴും അര്‍ദ്ധ രാത്രിയായി. കുട്ടി എന്ന പരിഗണന തന്ന് നേരത്തെ പോകാന്‍ പറഞ്ഞെങ്കിലും തിരക്കു പരിഗണിച്ച് അധികസമയമിരുന്നു. കൈകള്‍ കഴച്ചെങ്കിലും തോട്ടകലെ വരാനിരിക്കുന്ന പെരുന്നാള്‍ സുദിനം മുന്നില്‍ കണ്ട് തുന്നല്‍ തുടര്‍ന്നു.

തയ്യല്‍ കടയിലെ ഷെല്‍ഫുകളില്‍ ഇസ്തിരിയിട്ട്  മടക്കി ഭംഗിയായി അടുക്കിവെച്ച പണിതീര്‍ത്ത കുപ്പായങ്ങളും പാന്റുകളും പെരുന്നാളിന്റെ തലേദിവസമായപ്പോഴേക്കും കാലിയായി തുടങ്ങി.  തലേദിവസം രാത്രി പള്ളിയില്‍ നിന്ന് തക്ബീര്‍ മന്ത്രങ്ങള്‍ ഉയര്‍ന്നപ്പോള്‍ പള്ളിയിലേക്കാള്‍ അധികം ആളുകള്‍ തയ്യല്‍കടക്ക് മുമ്പില്‍ നാളെ അണിയാനുള്ള തങ്ങളുടെ ഇഷ്ട വസ്ത്രത്തിനായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അര്‍ദ്ധ രാത്രി പിന്നിട്ടപ്പോള്‍ 'ഇനി നീ പൊയ്ക്കോ, നാളെ പള്ളിയില്‍ പോകേണ്ടതല്ലേ.. ബാക്കിയുള്ളത് ഞാന്‍ നോക്കിക്കോളാം' എന്നുപറഞ്ഞു സതീശന്‍ എന്നെ യാത്രയാക്കി.

കബീര്‍ക്കയോട് യാത്ര പറഞ്ഞപ്പോള്‍ ഒരുമിനിറ്റ് നില്‍ക്കാന്‍ പറഞ്ഞു. ആളൊഴിഞ്ഞപ്പോള്‍ അദ്ദേഹം അടുത്തേക്ക് വന്നു. കയ്യിലേക്ക് നോട്ടുകള്‍ വെച്ചു തന്നു. ആദ്യ പ്രതിഫലം ഏറ്റുവാങ്ങിയപ്പോള്‍ തയ്യല്‍ മെഷീനിനെക്കാള്‍ ശബ്ദത്തില്‍ ഹൃദയമിടിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ റോഡരികില്‍ താത്കാലികമായി മേശയിട്ട് സ്ഥാപിച്ച പടക്കക്കടക്ക് മുന്നില്‍ വെച്ച് അതെണ്ണി നോക്കി, തയ്യല്‍ക്കാരന്റെ ആ കാലത്തെ  പ്രതാപം ആ നോട്ടുകളുടെ എണ്ണത്തിലുമുണ്ടായിരുന്നു.

ഉറക്കത്തിലേക്ക് വഴുതിവീണിട്ടുണ്ടായിരുന്ന അനിയന്മാരെയും പെങ്ങളെയും വിളിച്ചുണര്‍ത്തി. അണയും മുമ്പുള്ള ആളിക്കത്തല്‍  പോലെ ഉമ്മറത്തെ കഴുക്കോലില്‍ ഞാന്നു കിടന്നിരുന്ന റാന്തല്‍ ഊരി ഉമ്മറത്ത് വെച്ചു, കാറ്റിനെ തടയാന്‍ താഴ്ത്തിവെച്ച ചില്ലുകളുയര്‍ത്തി. കടലാസ് പൊതിയഴിച്ച് ഓലപ്പടക്കവും തലച്ചക്രവും മത്താപ്പും പൂത്തിരിയും പുറത്തെടുത്തു. റാന്തലിലെ കരിപ്പടര്‍ന്ന തീനാളങ്ങള്‍ പടക്കത്തിന്റെ തിരിയില്‍ ചുടുചുംബനം നല്‍കി. ഉണങ്ങിയ പനയോലയുടെ ഉള്ളറകളില്‍ ഒളിപ്പിച്ച ഇത്തിരി വെടിമരുന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൂത്തിരിയില്‍ ആഘോഷത്തിന്റെ താരപ്രഭ തെളിഞ്ഞു. മത്താപ്പില്‍ നിര്‍വൃതിയുടെ  വര്‍ണ്ണങ്ങള്‍ പുകയുടെ അകമ്പടിയോടെ നിറഞ്ഞു.

റാന്തലിനു പകരം എല്‍.ഇ.ഡി വെളിച്ചവും ഇഷ്ട ജോലിയും സൗകര്യങ്ങളും കൈവന്നെങ്കിലും ഓടുകളെ താങ്ങി നിന്ന ചിതല്‍ പാതിതിന്ന  കഴുക്കോലിന് പകരം ഇരുമ്പുകമ്പിയെ ഉള്ളിലൊളിപ്പിച്ച കോണ്‍ക്രീറ്റ് മേല്‍ക്കൂര വന്നെങ്കിലും കാലവും ദേശവും ജോലിയും മാറിയെങ്കിലും ആ പെരുന്നാളിന്റെ ശബ്ദവും നിറവും നിര്‍വൃതിയും പിന്നീടൊരിക്കലും കൈവന്നിട്ടില്ല. അതങ്ങനെയാണ് നോവുകളില്‍ നിന്ന് എത്രയൊക്കെ വിമുക്തി നേടിയാലും അത് വീണ്ടും നമ്മെ പിന്‍ നടത്തും. അനുഭവങ്ങളുടെ  കൂരമ്പുകള്‍ തീര്‍ത്ത തുളകളില്‍ കാലം പൂക്കളെ വിടര്‍ത്തുക തന്നെ ചെയ്യും. നമുക്ക് ഓര്‍മ്മകളുടെ വര്‍ണ്ണക്കുടുക്കുകളെ സൂക്ഷിച്ചുവെയ്ക്കാം,  ഭാവിസ്വപ്നങ്ങളെ അവ ഭൂതകാലത്തോടും വര്‍ത്തമാന കാലത്തോടും ബന്ധിപ്പിച്ച് കൊണ്ടിരിക്കട്ടെ...

Latest Videos
Follow Us:
Download App:
  • android
  • ios