ബാലിയിൽ നിന്നും മടങ്ങാനേ തോന്നിയില്ല, ഇപ്പോൾ ലക്ഷങ്ങൾ സമ്പാദിച്ച് അവിടെ ആഡംബരജീവിതം നയിച്ച് യുവാവ്

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരുദിവസം ബാലി സന്ദർശിക്കുന്ന ഒരു സുഹൃത്തിന്റെ പോസ്റ്റ് ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം കണ്ടത്. അവിടത്തെ പ്രകൃതിദൃശ്യങ്ങൾ അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. അവിടേയ്ക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചു. 

33 year old man loves Bali now lives a lavish life

കടലും, പച്ചപ്പും കൊണ്ട് മനോഹരമായ ഇന്തോനേഷ്യയിലെ ഒരു ദ്വീപാണ് ബാലി(Bali).  ദശാബ്ദങ്ങളായി വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഒരിടമാണ് അത്. അവിടെ എത്തുന്ന പലർക്കും അവിടെ നിന്ന് പോകാൻ തോന്നാറില്ല. എന്നാൽ, പല കാര്യങ്ങളെക്കൊണ്ടും ആ ആഗ്രഹം പൂർത്തീകരിക്കാൻ ആർക്കും സാധിക്കാറില്ല. എന്നാൽ, മുപ്പത്തിമൂന്നുകാരനായ ഒലുമൈഡ് ​ഗാബെൻറോ (Olumide Gbenro), മിക്കവരും സ്വപ്‍നം കാണുന്ന ആ അതുല്യ ജീവിതം നയിക്കുകയാണ് ബാലിയിൽ.  

ഒലുമൈഡ് തന്റെ ജീവിതത്തിന്റെ ആദ്യ ആറ് വർഷം ജന്മനാടായ നൈജീരിയയിലാണ് ചെലവഴിച്ചത്. അവിടെ നിന്ന് ലണ്ടനിലേയ്ക്ക് പോയി. പിന്നീട്, 13 വയസ്സുള്ളപ്പോൾ ഒഹായോയിലെ കൊളംബസിലേക്ക് കുടിയേറി. ചെറുപ്പം മുതലേ ഇങ്ങനെ നാടുകൾതോറും സഞ്ചരിച്ച അദ്ദേഹത്തിന് യാത്രകൾ വല്ലാത്തൊരു ഹരമായി മാറി. 2016 -ൽ, സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ട് ബിരുദാനന്തര ബിരുദങ്ങൾ അദ്ദേഹം നേടി, ഒന്ന് എപ്പിഡെമിയോളജിയിലും മറ്റൊന്ന് ബിഹേവിയറൽ സയൻസിലും. തുടർന്ന്, തന്റെ മാതാപിതാക്കളുടെ ആഗ്രഹം പോലെ പിഎച്ച്‌ഡിയെടുക്കാൻ അദ്ദേഹം ഒരുങ്ങി. എന്നാൽ, പിഎച്ച്‌ഡിയ്ക്ക് പോയാൽ ലോകം ചുറ്റുന്നത് നിർത്തേണ്ടി വരുമെന്നത് അദ്ദേഹത്തെ വിഷമിപ്പിച്ചു. ആ സ്വപ്നം ഉപേക്ഷിക്കാൻ ഒലുമൈഡ് തയ്യാറായിരുന്നില്ല. പകരം പിഎച്ച്‌ഡി ഉപേക്ഷിച്ചു അദ്ദേഹം. തുടർന്ന്, അദ്ദേഹം സ്ഥലങ്ങൾ ചുറ്റിക്കാണാൻ തുടങ്ങി.

ബാലിയിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് വരെ ഒലുമൈഡ് പല സ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ചു. ആദ്യം ബെർലിനിൽ മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസയിൽ തങ്ങി. ഹോസ്റ്റലുകളിലും, സുഹൃത്തുക്കളുടെ വീടുകളിലുമായിരുന്നു താമസം. അമേരിക്ക വിടുമ്പോൾ അദ്ദേഹത്തിന് കാര്യമായ സമ്പാദ്യം ഇല്ലായിരുന്നു. അതുകൊണ്ട് ജോലി ചെയ്യാതിരിക്കാനായില്ല. അങ്ങനെ സോഷ്യൽ മീഡിയ വഴി ഒരു ഓൺലൈൻ ബിസിനസ്സ് ആരംഭിച്ചു. കൂടാതെ, തന്റെ സാഹസികതയുടെയും നൃത്തവീഡിയോകളുടെയും ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പോസ്റ്റ് ചെയ്തു. ഇതോടെ ഫോളോവേഴ്സിന്റെ എണ്ണം വളരെ വേഗത്തിൽ വർദ്ധിച്ചു. അതിൽ നിന്ന് കിട്ടുന്ന വരുമാനവും, ബിസിനസുകളിൽ നിന്നുള്ള വരുമാനവും തന്റെ ജീവിതം ഇഷ്ടപ്പെട്ടപോലെ ജീവിക്കാൻ അദ്ദേഹത്തെ പ്രാപ്തമാക്കി.

ബെർലിനിലെ മൂന്ന് മാസങ്ങൾക്ക് ശേഷം, അദ്ദേഹം മെക്സിക്കോയിലേക്കും പിന്നീട് സാൻ ഡീഗോയിലേക്കും പോയി. അവിടെ 2018 -ൽ ഒലുമൈഡ് ​ഗാൻബെറോ പിആർ ആൻഡ് ബ്രാൻഡ് മോണിറ്റൈസേഷൻ എന്ന പേരിൽ ഒരു ബിസിനസ്സ് ആരംഭിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരുദിവസം ബാലി സന്ദർശിക്കുന്ന ഒരു സുഹൃത്തിന്റെ പോസ്റ്റ് ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം കണ്ടത്. അവിടത്തെ പ്രകൃതിദൃശ്യങ്ങൾ അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. അവിടേയ്ക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചു. 30 ദിവസത്തേക്ക് വിസ നീട്ടാൻ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും നിരവധി തവണ യാത്ര ചെയ്തതോടെ അദ്ദേഹത്തിന് ഇൻവെസ്റ്റർ വിസ അനുവദിച്ചു.

ഇപ്പോൾ ബാലിയിൽ അദ്ദേഹം അടിപൊളിച്ച് ജീവിക്കുകയാണ്. പ്രതിവർഷം ഏകദേശം $140,000 (1,06,56,926.00) അദ്ദേഹം സമ്പാദിക്കുന്നുണ്ട്. വാടകയും യൂട്ടിലിറ്റികൾക്കുമായി പ്രതിമാസം $1,010 (76,882.11) ചിലവുണ്ട്. റെസ്‌റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനായി പ്രതിമാസം $600 (45,684.84) ചെലവഴിക്കുന്നു. മാസത്തിൽ ഒരിക്കലെങ്കിലും തന്റെ യാത്രകൾ തുടരുന്നു. ഇന്ന് ഒരു ആഡംബര ജീവിതം നയിക്കുന്ന അദ്ദേഹം പറയുന്നത് ഒരിക്കൽ യാത്ര ചെയ്യാൻ നിങ്ങളുടെ മനസ്സ് ആഗ്രഹിച്ചാൽ പിന്നെ ഒരുപാട് ആലോചിച്ച് സമയം കളയരുത് എന്നാണ്, വഴിയൊക്കെ താനേ തെളിയുമെന്നും അദ്ദേഹം പറയുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios