Michael Jackson : നമുക്ക് മുറിവുകള്‍ ഉണക്കാം, കരുണയുള്ളവരാകാം; ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നു എംജെ

മൈക്കല്‍ ജാക്‌സണ്‍ അരങ്ങൊഴിഞ്ഞിട്ട് 13 വര്‍ഷങ്ങള്‍. പോപ്പ് ചക്രവര്‍ത്തി നടന്നുതീര്‍ത്ത വഴികളിലൂടെ, ബാക്കിനിര്‍ത്തിയ വാക്കുകളിലൂടെ ഒരു യാത്ര. പി ആര്‍ വന്ദന എഴുതുന്നു 
 

2022 Michael Jackson death anniversary 13 years without Michael Jackson

തനിക്ക് ഏറ്റവും അഭിമാനകരമെന്ന് അദ്ദേഹം പറഞ്ഞ പാട്ട്  Heal the world  ലോകത്തെ ഇങ്ങനെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. നമുക്ക് മുറിവുകള്‍ ഉണക്കാം. കരുണയുള്ളവരാകാം. നമ്മുടെ കുട്ടികള്‍ക്ക് അതല്ലെങ്കില്‍ അവരുടെ കുട്ടികള്‍ക്കെങ്കിലും ഇതൊരു നല്ല ലോകമാക്കാം.

 

2022 Michael Jackson death anniversary 13 years without Michael Jackson

 

ഈ ലോകത്ത് പോപ് ചക്രവര്‍ത്തി അന്നും ഇന്നും ഒരാളേ ഉള്ളു-മൈക്കല്‍ ജാക്‌സണ്‍. ആ സിംഹാസനത്തിന്റെ കൈപ്പിടിയില്‍ ഇരിക്കാന്‍ രാജകുമാരന്‍മാര്‍ പലരും വന്നു. പക്ഷേ പട്ടാഭിഷേകം നടത്തി കിരീടം ഏറ്റെടുക്കാനോ  എംജെക്ക് പകരക്കാരനാകാനോ ആര്‍ക്കും കഴിഞ്ഞില്ല.  'ബീറ്റ് ഇറ്റ്' പോലെ വേഗതയേറിയ താളവും 'ഹീല്‍ ദ വേള്‍ഡ്' പോലെ ചിന്തിപ്പിക്കുന്ന ഈണവും ഒരു പോലെ അവതരിപ്പിച്ചാണ്  മൈക്കല്‍ ജാക്‌സന്‍ ലോകത്തിന്റെ പ്രിയം മുഴുവന്‍ ഏറ്റുവാങ്ങിയത്.  നാല് പതിറ്റാണ്ട് നീണ്ട കലാജീവിതം. എണ്ണമറ്റ പുരസ്‌കാരങ്ങള്‍. നിരവധി റെക്കോഡുകള്‍. മൈക്കല്‍ ജോസഫ് ജാക്‌സണ്‍ എന്ന മൈക്കല്‍ ജാക്‌സണ്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഇടം അനന്യമാണ്. പദവിയും ആലവാരങ്ങളും അഴിച്ചുവെച്ച് ലോകത്തെ ഞെട്ടിച്ച് എംജെ അരങ്ങുവിട്ടിട്ട്  പതിമൂന്ന് വര്‍ഷം കഴിയുന്നു.  

പോപ് വഴിയില്‍ ജാക്‌സണ്‍ നടന്നു തുടങ്ങിയത് സഹോദരങ്ങളുടെ ഒപ്പമാണ്. ജാക്‌സണ്‍ 5-ലെ ഇളയവന്‍ കാണികളുടെ പ്രിയങ്കരനായിരുന്നു. 1978-ല്‍ മ്യൂസിക് പ്രൊഡ്യൂസര്‍ ക്വിന്‍സി ജോണ്‍സിനെ കണ്ടുമുട്ടുന്ന ജാക്‌സണ്‍ ഒറ്റക്ക് നടന്നു തുടങ്ങുന്നു.  ക്വിന്‍സിയുമായി ചേര്‍ന്നുള്ള ജാക്‌സന്റെ 'ത്രില്ലര്‍' എന്ന ആല്‍ബം അതുവരെയുള്ള മ്യൂസിക് വീഡിയോകളുടേയും പാട്ടുകളുടേയും എല്ലാം ശീലങ്ങള്‍ മാറ്റിമറിക്കുന്നതായിരുന്നു.  ആല്‍ബത്തിലെ ബീറ്റ് ഇറ്റ്, പേര് സൂചിപ്പിക്കുന്ന പോലെ തന്നെ അതുവരെയുണ്ടായിരുന്ന എല്ലാവരേയും ഒരരികിലേക്ക് മാറ്റി എംജെയെ അന്താരാഷ്ട്ര പോപ് ഐക്കണ്‍ ആക്കി.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ആല്‍ബമായി 'ത്രില്ലര്‍' മാറി. എട്ട് ഗ്രാമി അവാര്‍ഡുകളും കരസ്ഥമാക്കി.  ത്രില്ലര്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും  ഹാലോവീന്‍ ആഘോഷവേദികളില്‍ മുഴങ്ങുന്നു. Read Also: മൈക്കല്‍ ജാക്സണ്‍ ; തലമുറകളെ നൃത്തം ചവിട്ടിച്ച പോപ്പ് രാജാവ്

എം ജെ വേറിട്ട വഴിയിലൂടെ നടന്ന ഡെയ്ഞ്ചറസ് ആകട്ടെ ലോകത്തെ എക്കാലത്തേയും മികച്ച, ജനപ്രീതി നേടിയ ആല്‍ബങ്ങളിലൊന്നും. വംശീയവിരുദ്ധതക്ക് എതിരെ, മനുഷ്യാവകാശനിഷേധത്തിന് എതിരെയുള്ള പാട്ടെന്ന് മൈക്കല്‍ ജാക്‌സണ്‍ വിലയിരുത്തിയ THEY DON'T REALLY CARE ABOUT US-ന് രണ്ട് വീഡിയോ ഇറങ്ങി. ജൂതവിരുദ്ധമെന്ന് വിമര്‍ശനം കേട്ടെങ്കിലും പാട്ട് എക്കാലത്തേയും ഹിറ്റാണ്. 2014-ലും 2015-ലും 2020-ലും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭങ്ങള്‍ക്കിടെ ആ പാട്ട് വീണ്ടും ഉയര്‍ന്നു കേട്ടു. 

ഇപ്പോഴും പ്രസക്തമെന്നും ഗായകന്‍ ഭാവി മുന്നില്‍ കണ്ടെഴുതിയ കരുതല്‍ പാട്ടെന്നും എംജെ ആരാധകര്‍ ഊറ്റം കൊള്ളുന്ന പാട്ടാണ് 'എര്‍ത്ത്  സോങ്'. ആമസോണ്‍ മഴക്കാടുകളിലും  ക്രൊയേഷ്യയിലെ യുദ്ധഭൂമിയിലും  മൃഗവേട്ട വ്യാപകമായ താന്‍സാനിയയിലും ന്യൂയോര്‍ക്കിലെ വാര്‍വിക്കിലുമായിരുന്നു ചിത്രീകരണം.  നമ്മളോട് തന്നെ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായിരുന്നു എര്‍ത്ത് സോങ്. നമ്മുടെ ഭൂമിയെ കുറിച്ച് ,നാം പുലര്‍ത്തേണ്ട കരുതലിനെ കുറിച്ച്, നമ്മുടെ അത്യാര്‍ത്തിയെ കുറിച്ച്, നാം നേരിടാനിരിക്കുന്ന വെല്ലുവിളികളെ കുറിച്ച്. 

വംശീയൈക്യത്തെ കുറിച്ചുള്ള Black or white, ലോകം നന്നാകാന്‍ ആദ്യം വേണ്ടത് നമ്മള്‍ ഓരോരുത്തരും സ്വയം മാറുകയാണെന്ന് പറയുന്ന Man in the mirror, ഉയര്‍ച്ച താഴ്ചക്കള്‍ക്ക് ഇടയിലും ആരും എക്കാലത്തേക്കും ഒറ്റക്കായി പോകില്ലെന്ന് പറയുന്ന You are not alone , ഒറ്റപ്പെട്ടു പോകുന്നവരുടെ ആശങ്കകള്‍ പറയുന്ന Stranger in Moscow , കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലും ചിത്രീകരണത്തിലും  വൈവിധ്യത്തിന്റെ പൂമഴ തീര്‍ത്തു മൈക്കല്‍ ജാക്‌സണ്‍. 

ബില്ലി ജീന്‍ അവതരിപ്പിക്കുമ്പോഴാണ് 1983 മാര്‍ച്ചില്‍ മോടൗണില്‍ എംജെ ആദ്യമായി മൂണ്‍വാക്ക് നടത്തിയത്. പിന്നീടിതുവരെയും മൈക്കല്‍ ജാക്‌സണ്‍ എന്ന പേരിന്റെ പര്യായം തന്നെയാണ് മൂണ്‍വാക്ക്. നൃത്തതാളവിന്യാസത്തിലെ എംജെ ടച്ച്. Read Also: ഒറ്റത്തവണയേ കണ്ടുള്ളൂ, അതേപടി കോപ്പി ചെയ്ത് നെഞ്ചേറ്റി എംജെയെ

ബാലപീഡന ആരോപണങ്ങളും മയക്കുമരുന്ന് ആരോപണങ്ങളും കേസുകളും സാമ്പത്തികപ്രതിസന്ധിയും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും എല്ലാം ആ താളം തെറ്റിച്ചു. ഒതുങ്ങിപ്പോയ ജീവിതം തിരിച്ചുപിടിക്കാന്‍ This is it എന്ന പര്യടനത്തിന് തയ്യാറെടുക്കവേ 2009`-ല്‍ അന്ത്യം. അമ്പതാംവയസ്സില്‍  മൈക്കല്‍ ജാക്‌സണ്‍ കളമൊഴിഞ്ഞു, എന്നത്തേക്കുമായി.  

propofol മരുന്ന് അധികം നല്‍കിയതിന് ഡോക്ടര്‍ക്ക് എതിരെ കേസു വന്നു. ശരീരവും ചുവടുകളും പരിപാലിക്കാന്‍ സ്വീകരിച്ച ഭക്ഷണരീതികളെ കുറിച്ച് ചര്‍ച്ച നടന്നു, വിനോദലോകത്തെ വിഐപികളുടെ ജീവിതത്തിലെ ചിട്ടവട്ടങ്ങളുടെ ദയാരാഹിത്യം വാര്‍ത്തകള്‍ക്ക് വിഷയമായി.  വേലിക്കെട്ടുകളില്ലാത്ത സാമൂഹികമാധ്യമലോകം വിനോദലോകം കീഴടക്കുംമുമ്പേ ലോകാതിര്‍ത്തികള്‍ ഭേദിച്ച പോപ് മാജിക്കിന്റെ മുന്നില്‍ തലതാഴ്ത്തി നിന്ന് ലോകം വിളിച്ചു പറഞ്ഞു, ഇല്ലാ മൈക്കല്‍ ഇല്ലാ, നിങ്ങള്‍ മരിച്ചിട്ടില്ല. ഇപ്പോഴും പോപ് ലോകം അതുതന്നെ പറയുന്നു. 

തനിക്ക് ഏറ്റവും അഭിമാനകരമെന്ന് അദ്ദേഹം പറഞ്ഞ പാട്ട്  Heal the world  ലോകത്തെ ഇങ്ങനെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. നമുക്ക് മുറിവുകള്‍ ഉണക്കാം. കരുണയുള്ളവരാകാം. നമ്മുടെ കുട്ടികള്‍ക്ക് അതല്ലെങ്കില്‍ അവരുടെ കുട്ടികള്‍ക്കെങ്കിലും ഇതൊരു നല്ല ലോകമാക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios