മമ്മിഫൈ ചെയ്ത 2000 -ത്തിലധികം ആട്ടിൻതലകൾ, കണ്ടെത്തിയത് ഈജിപ്തിൽ നിന്ന്
മമ്മിഫൈ ചെയ്യപ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കൂടാതെ, ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പുള്ള അഞ്ച് മീറ്റർ മതിലുകളുള്ള ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും പുരാവസ്തു ഗവേഷകർ കണ്ടെത്തി.
ഈജിപ്തിന്റെ തെക്കൻ മേഖലയിലെ ഒരു പ്രദേശത്ത് നിന്നും 2000 -ത്തിലധികം മമ്മിഫൈ ചെയ്ത ആട്ടിൻതലകൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. ഫറവോൻ റാംസെസ് രണ്ടാമന്റെ ആരാധനാലയത്തിൽ വഴിപാടായി നൽകിയതാണ് ഈ ആടുകളെ എന്നാണ് കരുതുന്നത്. ടൂറിസം, പുരാവസ്തു മന്ത്രാലയമാണ് ഞായറാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്ഷേത്രങ്ങൾക്കും ശവകുടീരങ്ങൾക്കും പേരുകേട്ട തെക്കൻ ഈജിപ്തിലെ ഈ പ്രദേശത്ത് നിന്നും അബിഡോസിലെ ന്യൂയോർക്ക് സർവകലാശാലയിലെ യുഎസ് പുരാവസ്തു ഗവേഷകരുടെ ഒരു സംഘം നേരത്തെ തന്നെ നായ്ക്കൾ, ആട്, പശുക്കൾ, കലമാൻ, കീരി എന്നിവയുടെ മമ്മികളും പുറത്തെടുത്തിരുന്നു. റാംസെസ് രണ്ടാമന്റെ മരണത്തിന് 1000 വർഷങ്ങൾക്ക് ശേഷം നടന്ന ഒരു ആരാധനയിൽ വഴിപാടായി സമർപ്പിച്ചതായിരിക്കാം ഇപ്പോൾ പുറത്തെടുത്തിരിക്കുന്ന ആടുകളെ എന്ന് അമേരിക്കൻ മിഷന്റെ തലവൻ സമേഹ് ഇസ്‌കന്ദർ പറഞ്ഞു. 1304 മുതൽ 1237 ബിസി വരെ ഏഴ് പതിറ്റാണ്ട് റാംസെസ് ഇവിടം ഭരിച്ചിരുന്നു.
ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആൻറിക്വിറ്റീസ് മേധാവി മൊസ്തഫ വസീരി പറയുന്നത് ഈ കണ്ടെത്തൽ റാംസെസ് രണ്ടാമന്റെ ആരാധനാലയത്തെ കുറിച്ചും അതിനെ ചുറ്റിപ്പറ്റി നടന്നിരുന്ന മറ്റ് കാര്യങ്ങളെ കുറിച്ചും എല്ലാം മനസിലാക്കാൻ സാധിക്കുന്ന വിവരങ്ങൾ നൽകും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ്.
മമ്മിഫൈ ചെയ്യപ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കൂടാതെ, ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പുള്ള അഞ്ച് മീറ്റർ മതിലുകളുള്ള ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും പുരാവസ്തു ഗവേഷകർ കണ്ടെത്തി. നിരവധി പ്രതിമകൾ, പുരാതന വൃക്ഷങ്ങളുടെ അവശിഷ്ടങ്ങൾ, തുകൽ വസ്ത്രങ്ങൾ, ഷൂകൾ എന്നിവയും അവർ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.
ഏകദേശം 105 മില്ല്യൺ ആളുകൾ വസിക്കുന്ന ഈജിപ്ത് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. കൂടാതെ ജിഡിപിയുടെ 10 ശതമാനം ടൂറിസത്തെ ആശ്രയിച്ചാണ്. രണ്ട് ദശലക്ഷം ആളുകളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.