പാരീസ് നഗരം തൊഴിലാളികള്‍ ഭരിച്ച ആ 72 ദിവസങ്ങള്‍!

പാരീസ് കമ്യൂണിന് 150 വയസ്സ്. അവസാനം, തൊഴിലാളികളുടെ കൂട്ടക്കുരുതി ആയിരുന്നുവെങ്കിലും, ഭാവിയില്‍ വരാനിരിക്കുന്ന വിപ്ലവങ്ങളുടെ മാര്‍ഗദര്‍ശിയായിരുന്നു അത്.

150 years of paris commune

ലോകത്തെ ആദ്യ തൊഴിലാളി വര്‍ഗ ഭരണകൂടം. 1871-ലെ പാരീസ് കമ്യൂണിനെ അങ്ങനെയാണ് വിശേഷിപ്പിക്കാനാവുക. 1871 മാര്‍ച്ച് 18-ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ ബൂര്‍ഷ്വാഭരണകൂടത്തെ തുരത്തിയോടിച്ച് പതിനായിരക്കണക്കിനു തൊഴിലാളികള്‍ അധികാരം പിടിച്ചെടുക്കുകയായിരുന്നു. വെറും  72 ദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എങ്കിലും ലോകം അന്നേവരെ കാണാത്ത പുതിയ ഭരണത്തിന്റെ കേളികൊട്ടായിരുന്നു അത്. അതിനവസാനം, തൊഴിലാളികളുടെ കൂട്ടക്കുരുതി ആയിരുന്നുവെങ്കിലും, ഭാവിയില്‍ വരാനിരിക്കുന്ന വിപ്ലവങ്ങളുടെ മാര്‍ഗദര്‍ശിയായിരുന്നു അത്. ചരിത്രത്തില്‍ പുതിയ വഴിവെട്ടിത്തുറന്ന ആ സംഭവത്തിന്റെ 150-ാം വാര്‍ഷികമായിരുന്നു ഇന്നലെ. 

 

150 years of paris commune

 

എന്താണ് പാരീസ് കമ്യൂണ്‍

1870-ല്‍ ബിസ്മാര്‍ക്കിന്റെ പ്രഷ്യയും (ജര്‍മനി) ലൂയി നെപ്പോളിയന്‍ മൂന്നാമന്റെ ഫ്രാന്‍സും തമ്മിലുണ്ടായ യുദ്ധത്തിന്റെ തുടര്‍ച്ചയായിരുന്നു പാരീസ് കമ്യൂണ്‍. യുദ്ധത്തില്‍ ഫ്രാന്‍സ് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ജര്‍മനി ഏകപക്ഷീയവും ഫ്രഞ്ച് ജനതയ്ക്ക് അപമാനകരവുമായ ഒത്തുതീര്‍പ്പ് ഉടമ്പടി മുന്നോട്ടുവെച്ചു. ഫ്രഞ്ച് ജനത കടലില്‍ക്കളഞ്ഞ രാജഭരണത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും ഫ്രാന്‍സില്‍ വ്യാപകമായി. ജനസംഖ്യയില്‍  ഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ അവസ്ഥ ഇക്കാലത്ത് പരിതാപകരമായിരുന്നു. യുദ്ധം അവരെ ഗുരുതരമായി ബാധിച്ചിരുന്നു. 

അതിനിടെയാണ്, യുദ്ധകാലത്ത്, ജര്‍മന്‍ സേനയുടെ കടന്നുകയറ്റം തടയാന്‍ ആയുധമേന്തിയ തൊഴിലാളികളില്‍നിന്നും ആയുധം തിരിച്ചുവാങ്ങാനുള്ള ശ്രമം നടന്നത്. ദേശീയ ഗാര്‍ഡുകള്‍ എന്നറിയപ്പെട്ട ആയുധമേന്തിയ തൊഴിലാളികളാണ് യുദ്ധകാലത്ത് പാരീസിനെ സംരക്ഷിച്ചിരുന്നത്. ഭൂവുടമകളുടെയും മുതലാളിമാരുടെയും പ്രതിനിധിയായിരുന്ന ഫ്രഞ്ച് ഭരണത്തലവന്‍ ഥേയേഴ്‌സ് ആണ് ദേശീയ ഗാര്‍ഡുകളുടെ യൂണിഫോമിട്ട തൊഴിലാളികളില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന്, മാര്‍ച്ച് 18ന് ദേശീയ ഗാര്‍ഡുകളുടെ പിന്തുണയോടെ ജനങ്ങള്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആസ്ഥാനങ്ങള്‍ കീഴടക്കി. ബൂര്‍ഷ്വാ ഭരണകൂടം പിന്തിരിഞ്ഞോടുകയും പാരീസിന്റെ പ്രാന്തപ്രദേശമായ വാഴ്‌സേയില്‍സില്‍ താവളമുറപ്പിക്കുകയും ചെയ്തു. 

മാര്‍ച്ച് 26ന് നടന്ന തെരഞ്ഞെടുപ്പില്‍ 60 പേരടങ്ങുന്ന പാരീസ് കമ്യൂണ്‍ നേതൃത്വം നിലവില്‍വന്നു. തൊഴിലാളികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ചെറുകിട ബിസിനസുകാരും അടങ്ങുന്നതായിരുന്നു ഈ ജനകീയ സമിതി. തുടര്‍ന്ന്, മാര്‍ച്ച് 28ന് പാരീസ് കമ്യൂണ്‍ നിലവില്‍ വന്നു. താല്‍ക്കാലിക ആസ്ഥാനമായ ഹോട്ടല്‍ ഡിവിയയില്‍ തൊഴിലാളി പതാകകള്‍ ഉയര്‍ന്നു. 

 

150 years of paris commune

 

ഭരണപരമായ മാറ്റങ്ങള്‍ 

72 ദിവസമാണ് കമ്യൂണ്‍ അധികാരത്തിലിരുന്നത്. എന്നാല്‍, രാജ്യത്ത് വിപ്‌ളവപരമായ ഭരണപരിഷ്‌കാരങ്ങള്‍ നിലവില്‍വരുത്താന്‍ കമ്യൂണിനായി.  സ്ഥിരം സൈന്യത്തെ പിരിച്ചുവിട്ടു. ആയുധധാരികളായ ജനങ്ങള്‍ രാജ്യസംരക്ഷണത്തിന് ചുമതലപ്പെട്ടു. സാര്‍വത്രിക വോട്ടവകാശം നടപ്പാക്കി.   ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രാദേശിക കമ്യൂണുകള്‍ നിലവില്‍വന്നു.  ഉദ്യോഗസ്ഥരെയും ന്യായാധിപരെയും തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കി. ഉദ്യോഗസ്ഥരുടെ ശമ്പളം തൊഴിലാളികളുടെ ശമ്പളത്തിനു തുല്യമാക്കി. 

ചര്‍ച്ചിനെ ഭരണകൂടത്തില്‍നിന്നു വേര്‍പ്പെടുത്തി. വിദ്യാഭ്യാസം സൗജന്യമാക്കി. ഉപരോധകാലത്തെ വീട്ടുവാടക വേണ്ടെന്നുവച്ചു. നഗരസഭാ വായ്പാ ഓഫീസില്‍ പണയംവച്ച ഉരുപ്പടികള്‍ വില്‍ക്കുന്നത് തടഞ്ഞു. ഉയര്‍ന്ന ശമ്പളം 6000 ഫ്രാങ്കായി നിയന്ത്രിച്ചു. വിദ്യാഭ്യാസം മതനിരപേക്ഷമാക്കി. അധിക ഭൂമി ഏറ്റെടുക്കാന്‍ നിയമം കൊണ്ടുവന്നു. ജനങ്ങളെ കശാപ്പുചെയ്തുകൊണ്ടിരുന്ന 'ഗില്ലറ്റിന്‍' കത്തിച്ചുകളഞ്ഞു. ഉടമസ്ഥര്‍ അടച്ചുപൂട്ടിയ ഫാക്ടറികള്‍ തൊഴിലാളി സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തു. ബാലവേലയും രാത്രി ജോലിയും അവസാനിപ്പിച്ചു. ഭക്ഷണവിതരണത്തിനും ചികില്‍സയ്ക്കുമായി സ്ഥാപനങ്ങള്‍ ആരംഭിച്ചു. ഇങ്ങനെ നിരവധി ജനക്ഷേമപരമായ നടപടികള്‍ കമ്യൂണ്‍ കൈക്കൊണ്ടു. 

 

150 years of paris commune

 

കൂട്ടക്കരുതി 
ഈ ഭരണപരിഷ്‌കാരങ്ങള്‍ ഭൂവുടമകളെയും ബൂര്‍ഷ്വാ പ്രമാണിമാരെയും ചെറുതായല്ല ചൊടിപ്പിച്ചത്. രാജഭരണം തിരിച്ചുകൊണ്ടുവരാന്‍ നടക്കുന്നവരും കമ്യൂണിന് എതിരെ തിരിഞ്ഞു.  പ്രഷ്യ (ജര്‍മനി) അടക്കമുള്ള രാജ്യങ്ങള്‍ക്കും കമ്യൂണ്‍ ഭരണം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം. തൊഴിലാളി വിപ്ലവ സമയത്ത് വെഴ്‌സൈല്‍സിലേക്ക് തോറ്റോടിയ ബൂര്‍ഷ്വാ ഗവര്‍മെന്റും പ്രഷ്യന്‍ ഭരണകൂടവും കമ്യൂണിനെ അട്ടിമറിക്കാന്‍ ഒന്നിച്ചു. അവര്‍ ഒന്നിച്ച് കമ്യൂണിനെ ആക്രമിച്ചു. 

1871 മെയ് 21-ന് സംയുക്ത സൈന്യം പാരീസ് നഗരത്തെ ആക്രമിച്ചു. പതിനായിരക്കണക്കിന് ജനങ്ങളെ കൂട്ടക്കൊല ചെയ്തു. കമ്യൂണും ദേശീയ ഗാര്‍ഡും അംഗങ്ങളും ദിവസങ്ങളോളം ചെറുത്തുനിന്നു. മെയ് 28 -ന് കമ്യൂണ്‍ പരാജയപ്പെട്ടു. പതിനായിരക്കണക്കിന് തടവുകാരെ സൈന്യം പിടികൂടി. പലരെയും വധിച്ചു. പാരീസിലുള്ള പെര്‍-ലഷേസ് സെമിത്തേരിയില്‍ വിപ്ലവകാരികളെ അടക്കം ചെയ്തു. സമത്വം എന്ന ആശയത്തിനു വേണ്ടി ലോകത്താദ്യമായി നടന്ന വിപ്ലവമായിരുന്ന പാരീസ് കമ്യൂണ്‍ അസ്തമിച്ചു. 

150 years of paris commune

 

വിശകലനങ്ങള്‍

ബൂര്‍ഷ്വാ ഭരണാധികാരികളെ പുറത്താക്കി അധികാരം കൈയിലെടുത്ത വിപ്‌ളവകാരികളെ കമ്യൂണിസ്റ്റ് ആചാര്യന്‍ കാള്‍ മാര്‍ക്‌സ് വിശേഷിപ്പിച്ചത് 'സ്വര്‍ഗ കവാടങ്ങള്‍ തള്ളിത്തുറന്നവര്‍' എന്നാണ്. തൊഴിലാളിവര്‍ഗ സര്‍വാധിപത്യ ഭരണകൂടമായിരുന്നു പാരീസ് കമ്യൂണ്‍ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. കമ്യൂണ്‍ തകരാനിടയാക്കിയ വിപ്‌ളവ ഭരണകൂടത്തിന്റെ അബദ്ധങ്ങളെയും പരിമിതികളെയും തെറ്റുകളെയും അദ്ദേഹം സൂക്ഷ്മമായി വിശകലനം ചെയ്യുകയും ഇനി വരുന്ന വിപ്ലവ സര്‍ക്കാറുകള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തു. 

കമ്യൂണിനെക്കുറിച്ച് മാര്‍ക്‌സ് നടത്തിയ സൂക്ഷ്മ വിശകലനമാണ് 'ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം' എന്ന കൃതി. ഒന്നാം ഇന്റര്‍നാഷണലിനുള്ള റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ 35 പേജുള്ള ലഘുഗ്രന്ഥമാണിത്.  രണ്ടു പതിറ്റാണ്ടിനുശേഷം ആ പുസ്തകത്തിന് ഫ്രെഡറിക്ക് ഏംഗല്‍സ് എഴുതിയ ആമുഖവും പാരീസ് കമ്യൂണിനെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതാണ്.  1908-ല്‍ ലെനിന്‍ 'കമ്യൂണിന്റെ പാഠങ്ങള്‍' എന്നപേരില്‍ നടത്തിയ  പ്രഭാഷണവും ഈ വിഷയം ചര്‍ച്ച ചെയ്യുന്നു.  ലെനിന്റെ 'ഭരണകൂടവും വിപ്ലവവും' എന്ന കൃതിയും പാരീസ് കമ്യൂണിനെക്കുറിച്ചു പറയുന്നു. 
 
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ജര്‍മന്‍ പതിപ്പിന് 1872 ജൂണ്‍ 24ന് മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്ന് എഴുതിയ ആമുഖത്തില്‍ ഇങ്ങനെ വായിക്കാം:  'പാരീസ് കമ്യൂണ്‍  തെളിയിച്ചത് മുമ്പുള്ളവര്‍ ഉണ്ടാക്കിയ ഭരണകൂടത്തെ കൈവശപ്പെടുത്തി സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി അതേപടി ഉപയോഗിക്കാന്‍ തൊഴിലാളി വര്‍ഗത്തിന് സാധ്യമല്ല'.

 

Latest Videos
Follow Us:
Download App:
  • android
  • ios