എല്ലാ കള്ളൻമാരെയും പോലെയല്ല സക്കറിയ, വ്യത്യസ്തനാണ്; കട കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നത് ടൂറിന് പോകാൻ!
ബുധനാഴ്ച പുലർച്ചെയായിരുന്നു മോഷണം നടന്നത്. 43000 രൂപയും ഒരു മൊബൈൽ ഫോണും മോഷ്ടിച്ചു. സിസിടിവികൾ പരതിയാണ് കസബ പൊലീസ് സക്കറിയയിലേക്ക് എത്തിയത്.
കോഴിക്കോട്: കടകൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച് ടൂറിന് പോകൽ പതിവാക്കിയ കള്ളൻ പിടിയിൽ. കൊടുവള്ളി കളാന്തിരി സക്കറിയയെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റു ചെയ്തത്. മോഷണക്കേസുകളിൽ സെഞ്ച്വറിയടിച്ചിട്ടുണ്ട് സക്കറിയ. 14ആം വയസ്സിൽ മോഷണം തുടങ്ങിയ സക്കറിയക്ക് ഇപ്പോൾ 41 വയസ്സുണ്ട്. കേസുകൾ 110. ഒടുവിൽ പിടിയിലായത്, കോട്ടപ്പറമ്പ് റോഡിൽ മൂന്ന് കടകൾ കുത്തിത്തുറന്ന് പണം കവർന്നതിനെ തുടർന്ന്.
ബുധനാഴ്ച പുലർച്ചെയായിരുന്നു മോഷണം നടന്നത്. 43000 രൂപയും ഒരു മൊബൈൽ ഫോണും മോഷ്ടിച്ചു. സിസിടിവികൾ പരതിയാണ് കസബ പൊലീസ് സക്കറിയയിലേക്ക് എത്തിയത്. ബത്തേരിയിലെ ലോഡ്ജിൽ വച്ചാണ് ഇയാളെ പിടികൂടിയത്. രാത്രി മോഷണത്തിന് കയറിയാൽ നേരം വെളുക്കുവോളം കവർച്ച തന്നെ. കിട്ടുന്ന പണവുമായി നേരേ പോവുക ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ്. പണം തീരുംവരെ അടിച്ചുപൊളി ലൈഫ്.
പണം തീരാറായാൽ, മറ്റൊരിടത്ത് മറ്റൊരു കടയിൽ മറ്റൊരു മോഷണം നടത്തും. അതിനിടയ്ക്ക് പിടിയിലായാൽ അറസ്റ്റും വിചാരണയും ശിക്ഷയും നേരിടും. അങ്ങനെയൊരു ശിക്ഷ കഴിഞ്ഞ് ജൂൺ 6ന് ജയിൽ മോചിതനായിട്ടേ ഉള്ളൂ സക്കറിയ. മീനങ്ങാടി, മുക്കം, ഫറോഖ് അടക്കം 15 സ്റ്റേഷനുകളിൽ വാറൻ്റ് ഉണ്ട് സക്കറിയയുടെ പേരിൽ. തലേന്നെ വന്ന് കടയും പരിസരവും കണ്ടുറപ്പിച്ച് പോകും. തൊട്ടടുത്ത തക്കത്തിന് മോഷ്ടിച്ചിരിക്കും. ഇതാണ് രീതിയെന്ന് പൊലീസ് വിശദീകരിച്ചു.