ആന്ധ്ര- ബാലരാമപുരം, ഗോവ രജിസ്ട്രേഷൻ കാർ, ഇടനിലക്കാരില്ല; യൂത്ത് കോൺഗ്രസ് നേതാവ് 40 കിലോ കഞ്ചാവുമായി പിടിയിൽ
ഗോവ രജിസ്ട്രേഷൻ കാറിലാണ് ഷൈജു കഞ്ചാവുമായി പിടിയിലാകുന്നത്. ഈ കാർ ദീർഘനാളത്തേക്ക് വാടകയ്ക്ക് എടുത്തതാണ്.
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ. യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം സെക്രട്ടറി പൂവച്ചൽ സ്വദേശി ഷൈജുവാണ് എക്സൈസിന്‍റെ പിടിയിലായത്. അടുത്തിടെ നടന്ന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലാണ് ഷൈജുവിനെ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 40 കിലോ കഞ്ചാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. പുതുവത്സര പാർട്ടിക്കായാണ് തലസ്ഥാനത്തേക്ക് കഞ്ചാവ് എത്തിച്ചതെന്ന് ഷൈജു എക്സൈസിനോട് സമ്മതിച്ചു. ആന്ധ്ര പ്രദേശിൽ നിന്നുമാണ് ഷൈജു കഞ്ചാവുമായി എത്തിയത്.
ക്രിസ്മസ് - ന്യൂയർ ആഘോഷങ്ങൾ ലക്ഷ്യം വെച്ചാണ് പ്രതി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു. ഗോവ രജിസ്ട്രേഷൻ കാറിലാണ് ഷൈജു കഞ്ചാവുമായി പിടിയിലാകുന്നത്. ഈ കാർ ദീർഘനാളത്തേക്ക് വാടകയ്ക്ക് എടുത്തതാണ്. നാട്ടിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ് ഷൈജു. ഇയാൾക്ക് ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ക്രിസ്മസ് - ന്യൂയർ ആഘോഷത്തിന്‍റെ മറവിൽ പണമുണ്ടാക്കാനാണ് ഇടനിലക്കാരെ ഒഴിവാക്കി ഷൈജു ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവ് കടത്തിയതെന്ന് എക്സൈസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെ ബാലരാമപുരത്ത് വെച്ചാണ് എക്സൈസ് കാർ തടഞ്ഞ് ഷൈജുവിനെ പിടികൂടുന്നത്. നേരത്തെയും ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്. എന്നാൾ ചോദ്യം ചെയ്യലിൽ ഷൈജു ഇത് സമ്മതിച്ചിട്ടില്ല. ഷൈജു എത്തിക്കുന്ന കഞ്ചാവ് വിൽപ്പന നടത്താൻ പദ്ധതിയിട്ടവരെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. മുൻപ് രാഷ്ട്രീയ സമരങ്ങളുടെ പേരിലുള്ള കേസുകളല്ലാതെ മറ്റ് കേസുകളൊന്നും ഷൈജുവിനെതിരെയില്ല.