വയനാട്ടില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ യുവാക്കളെ മര്‍ദിച്ചെന്ന് പരാതി; നിഷേധിച്ച് പൊലീസ്
ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപെടുത്താൻ യുവാക്കൾ ശ്രമിച്ചെന്നാണ് പൊലീസ് വാദം
കല്‍പറ്റ: വയനാട്ടില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ യുവാക്കളെ പൊലീസ് മര്‍ദിച്ചതായി പരാതി. മാനന്തവാടി പീച്ചങ്കോട് സ്വദേശികളായ ഇഖ്ബാല്‍, ഷമീര്‍ എന്നിവരെ മർദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപെടുത്താൻ യുവാക്കൾ ശ്രമിച്ചെന്നാണ് പൊലീസ് വാദം.
സാധനങ്ങൾ വാങ്ങാനെത്തിയപ്പോൾ മാസ്‌ക് ശരിയായ ധരിക്കാത്തതിന്റെ പേരില്‍ തലപ്പുഴയില്‍ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത യുവാക്കളെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതായി എസ്‌ഡിപിഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ മാസ്‌ക് ധരിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ യുവാക്കള്‍ തട്ടിക്കയറിയെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. സ്റ്റേഷനില്‍ വച്ച് ഒരു പൊലീസുകാരനെ തള്ളിയിട്ട ശേഷം ഇവരിലൊരാള്‍ സ്വയം തല ഭിത്തിയിലിടിച്ചതാണെന്നും പൊലീസ് പറയുന്നു. മര്‍ദനമേറ്റമെന്ന പരാതി പറഞ്ഞ യുവാക്കളിൽ ഒരാൾക്കെതിരെ വധശ്രമമടക്കമുള്ള കേസുകളുണ്ട്.