പ്രചോദനം 'ദ കേരള സ്റ്റോറി', ലക്ഷ്യം പണം; കൂടെ താമസിച്ചവരുടെ കുളിമുറിയിൽ ഒളിക്യാമറ, യുവതിയും കാമുകനും പിടിയിൽ
യുവതിയുടെ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. 'ദി കേരള സ്റ്റോറി' എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ഒളിക്യാമറ സ്ഥാപിച്ചതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.
ദില്ലി: പിജി വിദ്യാർഥികൾ പേയിങ് ഗസ്റ്റുകളായി താമസിക്കുന്ന വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ച യുവതിയും കാമുകനും പൊലീസ് പിടിയിൽ. ഛണ്ഡീഗഢിലാണ് സംഭവം. കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിക്കുകയും നാല് കൂട്ടുകാരികളുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് കേസ്. കാമുകന്റെ നിർദേശപ്രകാരമാണ് ഒളിക്യാമറ സ്ഥാപിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബാത്ത്റൂമിൽ ക്യാമറ സ്ഥാപിക്കാനുള്ള ആശയം ലഭിച്ചത് ‘ദി കേരള സ്റ്റോറി’ എന്ന സിനിമയിൽ നിന്നാണെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
ഇവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ക്യാമറയിലോ അവരുടെ മൊബൈൽ ഫോണുകളിലോ വീഡിയോകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശിയായ യുവതി ഐഇഎൽടിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഛണ്ഡിഗഡിലെ പിജിയിൽ താമസിച്ചു വരികയായിരുന്നു.
കുളിമുറിയിൽ സംശയാസ്പദമായ ഒരു ഉപകരണം കണ്ട സ്ത്രീകളിലൊരാൾ ഉടമയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും അന്വേഷണത്തിനായി പിജിയിലെത്തുകയും ചെയ്തു. പരിശോധനയിൽ ഒരു യുവതിയുടെ പൊലീസ് വെരിഫിക്കേഷൻ ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് പിജി ഉടമ പറഞ്ഞതോടെ പൊലീസിന് സംശയമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി കുറ്റം സമ്മതിച്ചു.
യുവതിയുടെ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. 'ദി കേരള സ്റ്റോറി' എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ഒളിക്യാമറ സ്ഥാപിച്ചതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 സി, 509, ഐടി ആക്‌ട് സെക്ഷൻ 66 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.