വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; ഒന്നാം പ്രതി രൂപേഷിന് 10 വർഷം തടവും പിഴയും
ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള കുറ്റങ്ങളും യുഎപിഎ നിയമ പ്രകാരമുള്ള കുറ്റങ്ങളും കോടതിയില്‍ തെളിഞ്ഞു.
കൊച്ചി: വയനാട് വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ ഒന്നാം പ്രതി രൂപേഷ് അടക്കം 4 പ്രതികൾക്കും തടവും പിഴയും ശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി. ഒന്നാം പ്രതി രൂപേഷിനെ 10 വർഷം തടവിനും വിവിധ വകുപ്പുകളിലായി രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. നാലാം പ്രതി കന്യാകുമാരി ആറ് വർഷം തടവും ഒരു ലക്ഷത്തി അമ്പത്തി നാലായിരം രൂപ പിഴയുമൊടുക്കണം. ഏഴാം പ്രതി അനൂപിന് 8 വർഷം തടവും അറുപതിനായിരം രൂപ പിഴയുമുണ്ട് എട്ടാം പ്രതി ബാബു ഇബ്രാഹിമിന് 6 വർഷം തടവും നാൽപ്പതിനായിരം രൂപ പഴിയും ശിക്ഷയുണ്ട്.
കേസിലെ ഒന്നാം പ്രതി രൂപേഷേ് ഒഴികെയുള്ള പ്രതികളുടെ വിചാരണ തടവ് കാലം ശിക്ഷയിൽ പരിഗണിക്കുമെന്നതിനാൽ ഉടൻ പുറത്തിറങ്ങാനാകും. 2014 ല്‍ വയനാട് വെള്ളമുണ്ടയില്‍ സിവിൽ പൊലീസ് ഓഫീസർ പ്രമോദിന്‍റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും വാഹനം കത്തിക്കുകയും ചെയ്തെന്നാണ് കേസ്. മാവോയിസ്റ്റ് പ്രവർത്തകരെ പൊലീസിന് ഒറ്റിക്കൊടുക്കുന്നു എന്നാരോപിച്ചാണ് ആക്രമണം നടന്നത്. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള കുറ്റങ്ങളും യുഎപിഎ നിയമ പ്രകാരമുള്ള കുറ്റങ്ങളും കോടതിയില്‍ തെളിഞ്ഞിരുന്നു.