നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, ആർപ്പൂക്കര സ്വദേശികളെ കാപ്പ ചുമത്തി നാടുകടത്തി
ടോണി തോമസിനെ ഒരു വർഷത്തേക്കും, റൊണാൾഡോയെ ആറ് മാസത്തേക്കുമാണ് നാട് കടത്തിയത്.
കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്ന് പുറത്താക്കി. ആർപ്പുക്കര സ്വദേശികളായ ടോണി തോമസ്, റൊണാൾഡോ എന്നിവരെയാണ് ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവായത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ടോണി തോമസിനെ ഒരു വർഷത്തേക്കും, റൊണാൾഡോയെ ആറ് മാസത്തേക്കുമാണ് നാട് കടത്തിയത്. ടോണി തോമസിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, അയർക്കുന്നം, എറണാകുളം ഇൻഫോപാർക്ക് എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, കവർച്ച, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളുണ്ട്. റൊണാൾഡോയ്ക്ക് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലായി അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വിൽപ്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
മലപ്പുറത്ത് 9 പേരെ കാപ്പ നിയമം ചുമത്തി നാടുകടത്തിയത് ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ്. നിരന്തര കുറ്റവാളികളെയാണ് കാപ്പ നിയമ പ്രകാരം നാടുകടത്തിയത്. മുഹമ്മദ് ഷെഫീഖ് (37), ഹർഷാദ്(26), ജലാലുദ്ദീൻ (37), ശ്രീജിത്ത് (24), മുഹമ്മദ് അനീസ് (32), മുസമ്മിൽ (34),നിധീഷ് (27),ജുനൈദ്, (19), സൂഫിയാൻ (48) എന്നിവർക്കെതിരെയാണ് നടപടി. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ഡിഐജിയാണ് ഉത്തരവിറക്കിയത്. ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കരുത് എന്നാണ് ഉത്തരവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം