48 ലക്ഷം രൂപ വിലമതിക്കുന്ന കശുവണ്ടി ട്രക്കോടെ മോഷ്ടിച്ച ഡ്രൈവറും സഹായിയും പിടിയിൽ
20 കാർട്ടണുകളിലായി സൂക്ഷിച്ചിരുന്ന 6,000 കിലോഗ്രാം കശുവണ്ടി പരിപ്പ് തന്‍റെ ഗോഡൗണിലേക്ക് എത്തിക്കാൻ ലോറി ഏർപ്പാടാക്കിയിരുന്നെങ്കിലും അത് എത്താത്തതിനെ തുടർന്നാണ് ഇദ്ദേഹം പരാതി നൽകിയത്.
48 ലക്ഷം രൂപ വിലവരുന്ന കശുവണ്ടി പരിപ്പ് നിറച്ച ട്രക്ക് മോഷ്ടിച്ച രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ അശോക് വിഹാർ സ്വദേശിയായ അലോക് ഭാട്ടിയയുടെ പരാതിയിലാണ് പോലീസിന് നടപടി. 20 കാർട്ടണുകളിലായി സൂക്ഷിച്ചിരുന്ന 6,000 കിലോഗ്രാം കശുവണ്ടി പരിപ്പ് തന്‍റെ ഗോഡൗണിലേക്ക് എത്തിക്കാൻ ലോറി ഏർപ്പാടാക്കിയിരുന്നെങ്കിലും അത് എത്താത്തതിനെ തുടർന്നാണ് ഇദ്ദേഹം പരാതി നൽകിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അണ്ടിപ്പരിപ്പുമായി കടന്നുകളഞ്ഞ ലോറി ഡ്രൈവറെയും അയാളുടെ സഹായിയെയും പോലീസ് പിടികൂടി.
കേശവ് പുരത്തെ ലോറൻസ് റോഡിലുള്ള ലൂത്ര ഐസ് പ്ലാന്‍റിൽ നിന്ന് ബദർപൂരിലേക്ക് ചരക്ക് എത്തിക്കുന്നതിനായാണ് അശോക് വിഹാർ ലോറി ഏർപ്പാടാക്കിയിരുന്നത്. എന്നാൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും DL 01 LAF 7764 എന്ന നമ്പർ പ്ലേറ്റുള്ള ട്രക്ക് എത്താതെ വന്നതോടെ അലോക് ഭാട്ടിയ, ട്രക്ക് ഡ്രൈവറെ ഫോണിൽ വിളിച്ചെങ്കിലും ഇയാൾ ഫോൺ എടുത്തില്ല. തുടർന്നാണ് ചരക്ക് മോഷണം പോയയായി സംശയം തോന്നിയ അലോക് ഭാട്ടിയ കേശവ് പുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.'
സിസിടിവി ക്യാമറകൾ നിരീക്ഷിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 24 കാരനായ സാബിർ, 32 കാരനായ ഫൈസാൻ എന്നിവരാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അണ്ടിപ്പരിപ്പുമായി കടന്നു കളയാൻ ശ്രമം നടത്തിയത്. ഇരുവരും ബിഹാർ സ്വദേശികളാണ്. ഇവർക്കെതിരെ ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 316(3) പ്രകാരം പോലീസ് കേസെടുത്തു. ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മുഴുവൻ ചരക്കും കണ്ടെടുത്തതായി ദില്ലി പോലീസ് പറഞ്ഞു. ആദർശ് നഗർ മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നും പ്രതികൾ മോഷണത്തിന് ഉപയോഗിച്ച ട്രക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
'പെട്ടെന്ന് വാ..'; വാഴത്തോപ്പിൽ കിടന്ന പുലിക്കൊപ്പം സെൽഫി എടുക്കുന്ന നാട്ടുകാരുടെ വീഡിയോ വൈറൽ