ലഹരി വില്‍പ്പന: എക്‌സൈസിന് രഹസ്യവിവരം നല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം, അറസ്റ്റില്‍
സ്റ്റീല്‍ കമ്പി, കത്തി എന്നിവ കൊണ്ടുള്ള ആക്രമത്തില്‍ ഗുരുതര പരുക്കേറ്റ ഗിരിശങ്കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം: ലഹരി വില്‍പ്പനയെ കുറിച്ച് എക്‌സൈസിന് വിവരം നല്‍കിയെന്ന് ആരോപിച്ച് യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലു പേരെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇലങ്കം വെട്ടുവിള മണികണ്ഠ വിലാസത്തില്‍ അച്ചു എന്ന അരുണ്‍, മാരായമുട്ടം രാജ് ഭവനില്‍ സുജിത്ത് രാജ്, കീഴ് കൊല്ല വട്ടവിള പുതുവല്‍ പൊട്ടന്‍ വിള വീട്ടില്‍ ജോണി, ചെക്ക്മൂട് പാലക്കുഴി പുത്തന്‍ വീട്ടില്‍ വിപിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് കീഴ് കൊല്ല സ്വദേശി ഗിരിശങ്കറിനെ, ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിലിട്ട് ഏഴംഗ സംഘം ആക്രമിച്ചത്. സ്റ്റീല്‍ കമ്പി, കത്തി എന്നിവ കൊണ്ടുള്ള ആക്രമത്തില്‍ തലയില്‍ അടക്കം ഗുരുതര പരുക്കേറ്റ ഗിരിശങ്കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒളിവില്‍ കഴിയുന്ന മൂന്നു പേര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതായി പാറശാല പൊലീസ് അറിയിച്ചു.
പ്രതികളെല്ലാം ഒട്ടേറെ ക്രിമിനല്‍, ലഹരി, പോക്‌സോ, അടക്കം കേസുകളിലെ പ്രതികളാണ്. പിടിയിലായ സുജിത്ത് രാജിനെ കഴിഞ്ഞവര്‍ഷം ആറുമാസത്തോളം കാപ്പ ചുമത്തി ജില്ലയ്ക്ക് പുറത്തേയ്ക്ക് നാടു കടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. പാറശ്ശാല എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.