ത്രികോണ പ്രണയം കൊലപാതകത്തിൽ അവസാനിച്ചു, സ്റ്റാർ ഹോട്ടലിൽ 44 കാരൻ കൊല്ലപ്പെട്ടു, യുവതിയും കാമുകനും പിടിയിൽ
വിമാനത്താവളത്തിനടുത്തുള്ള അസാരയിലെ ഹോട്ടലിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ അഞ്ജലി ഷാ (25), കാമുകൻ ബികാഷ് കുമാർ ഷാ (23) എന്നിവർ പിടിയിലായി.
ഫോട്ടോ: കൊല്ലപ്പെട്ട സന്ദീപ് കുമാർ കാംബ്ലെ, പ്രതികളായ അഞ്ജലി, ബികാഷ്
ഗുവാഹത്തി: ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന കൊലപാതകത്തിൽ യുവതിയും കാമുകനും പിടിയിൽ. കൃത്യം നടത്തി കൊൽക്കത്തയിലേക്ക് വിമാനത്തിൽ പോകുന്നതിന് മുമ്പേ പൊലീസ് ഇരുവരെയും പിടികൂടി. സന്ദീപ് കുമാർ കാംബ്ലെ (44) എന്നയാളാണ് കൊല്ലപ്പെട്ടത്. ഗുവാഹത്തി വിമാനത്താവളത്തിനടുത്തുള്ള അസാരയിലെ ഹോട്ടലിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ അഞ്ജലി ഷാ (25), കാമുകൻ ബികാഷ് കുമാർ ഷാ (23) എന്നിവർ പിടിയിലായി. രാത്രിയിൽ കൊൽക്കത്തയിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുമ്പാണ് അറസ്റ്റ്.
പൂനെ സ്വദേശിയായ കാർ ഡീലറാണ് കാംബ്ലെ. കൊൽക്കത്ത വിമാനത്താവളത്തിലെ ഒരു റെസ്റ്റോറൻ്റിൽ ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ വർഷം വിമാനത്താവളത്തിൽ വച്ചാണ് കാംബ്ലെയുമായി സൗഹൃദത്തിലാകുന്നത്. അതേസമയം. അഞ്ജലിക്ക് ബികാഷുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. അഞ്ജലിയെ വിവാഹത്തിനായി ബികാഷ് നിർബന്ധിച്ചു. എന്നാൽ, കാംബ്ലെയുടെ കൈയിൽ അഞ്ജലിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുടെ ശേഖരമുണ്ടായിരുന്നു. ചിത്രങ്ങൾ ഉപയോഗിച്ച് കാംബ്ലെ ബ്ലാക്ക് മെയിൽ ചെയ്യുമോ എന്ന ഭയമാണ് കൊലക്ക് കാരണം.
അഞ്ജലിയും കാംബ്ലെയും കൊൽക്കത്തയിലെ ഹോട്ടലിൽ വെച്ച് കാണാമെന്ന് സമ്മതിച്ചു. എന്നാൽ കാംബ്ലെ അത് ഗുവാഹത്തിയിലേക്ക് മാറ്റുകയും അവിടെ അദ്ദേഹം പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. എന്നാൽ, കാംബ്ലെ അറിയാതെ അഞ്ജലിയോടൊപ്പം ബികാഷും കൂടെകൂടി. കാംബ്ലെ അറിയാതെ അതേ ഹോട്ടലിൽ ബികാഷും മുറിയെടുത്തു.
പദ്ധതി അനുസരിച്ച്, അഞ്ജലിയും കാംബ്ലെയും ഒരുമിച്ച് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തു. അഞ്ജലിയും കാംബ്ലെയും താമസിക്കുന്ന മുറിയിലേക്ക് ബികാഷ് എത്തി. ബികാഷ് വന്നതോടെ കാംബ്ലെയെ രോഷാകുലനായി. ഇരുവരും തമ്മിൽ വക്കേറ്റമുണ്ടാകുകയും അടിപിടിയിൽ കാംബ്ലെയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ശേഷം അഞ്ജലിയും ബികാഷും ഹോട്ടൽ വിട്ടു. ചിത്രങ്ങളുണ്ടായിരുന്ന കാംബ്ലെയുടെ രണ്ട് മൊബൈൽ ഫോണുകളും അവർ എടുത്തു.
ഹോട്ടൽ ജീവനക്കാരാണ് കാംബ്ലെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ഉടൻ തന്നെ ഹോട്ടൽ രജിസ്റ്റർ, സിസിടിവി ദൃശ്യങ്ങൾ, എയർപോർട്ട് യാത്രക്കാരുടെ പട്ടിക എന്നിവ പരിശോധിച്ച് രാത്രി 9:15ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പ് അഞ്ജലിയെയും ബികാഷിനെയും അറസ്റ്റ് ചെയ്തു.