അയോധ്യ സ്‌പെഷ്യല്‍ ട്രെയിന്‍ കത്തിക്കുമെന്ന് യുവാക്കള്‍; യാത്രക്കാരുടെ പരാതിയില്‍ കേസ്, ഒരാള്‍ പിടിയില്‍
പൊലീസ് ഉദ്യോഗസ്ഥന്‍ യുവാക്കളെ മറ്റൊരു ബോഗിയില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതോടെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി പ്രതിഷേധം ആരംഭിച്ചു.
ബംഗളൂരു: അയോധ്യയില്‍ നിന്ന് മൈസൂരുവിലേക്ക് മടങ്ങി വരുകയായിരുന്ന ട്രെയിന്‍ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനം കഴിഞ്ഞ് യാത്രക്കാരുമായി വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ കര്‍ണാടകയിലെ ഹോസ്പേട്ട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ ട്രെയിന്‍ കത്തിക്കുമെന്നായിരുന്നു ഭീഷണി. യുവാക്കളായ നാലു പേരാണ് ട്രെയിന്‍ കത്തിക്കുമെന്ന് പറഞ്ഞത്. യാത്രക്കാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാക്കളില്‍ ഒരാളെ പിടികൂടി. ഓടി രക്ഷപ്പെട്ട മറ്റു മൂന്നു പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവം ഇങ്ങനെ: അയോധ്യ- മൈസൂരു സ്‌പെഷ്യല്‍ ട്രെയിന്‍ ഹോസ്പേട്ട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ നാലംഗ യുവാക്കളുടെ സംഘം അയോധ്യ യാത്രക്കാര്‍ക്കായി നീക്കി വച്ച ബോഗിയില്‍ കയറാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് യാത്രക്കാര്‍ തടഞ്ഞതോടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെയാണ് ട്രെയിന്‍ നിങ്ങളുടെ പിതാവിന്റെ സ്വത്തല്ലെന്നും കത്തിച്ചു കളയുമെന്നും യുവാക്കള്‍ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ പ്രശ്‌നം പരിഹരിക്കാനായി, സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ യുവാക്കളെ മറ്റൊരു ബോഗിയില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതോടെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി പ്രതിഷേധം ആരംഭിച്ചു. യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. സംഭവം അറിഞ്ഞ് ബിജെപി പ്രവര്‍ത്തകരും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സംഘര്‍ഷ സാധ്യത ഉടലെടുത്തു.
വിവരം അറിഞ്ഞ് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ വിജയനഗര എസ്പി ശ്രീഹരി ബാബു എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നും യുവാക്കളെ അറസ്റ്റ് ചെയ്യുമെന്നും ഉറപ്പ് നല്‍കിയതോടെ യാത്രക്കാര്‍ ട്രെയിനില്‍ യാത്ര തുടരാമെന്ന് യാത്രക്കാര്‍ സമ്മതിച്ചു. ഇതിനിടെ യുവാക്കളിലെ മൂന്നു പേര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
28കാരിക്ക് ദുബായിലെ വാഹനാപകടത്തിൽ ദാരുണാന്ത്യം; മരിച്ചത് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മകൾ