താലി ഊരിവച്ച് മാലയെടുത്തു, സ്വര്‍ണവും പണവും മോഷ്ടിച്ച് പോകുന്ന പോക്കില്‍ സിസിടിവി ഹാര്‍ഡ് ഡിസ്കും തൂക്കി കള്ളൻ
ജോണും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഊരിവച്ചിരുന്ന രണ്ട് സ്വര്‍ണമാലകള്‍ രാവിലെ നോക്കിയപ്പോള്‍ കണ്ടില്ല. ഇതോടെയാണ് മോഷണം നടന്നത് വീട്ടുകാര്‍ മനസിലാക്കിയത്.
വയനാട്: കൂളിവയലില്‍ വയോധികര്‍ മാത്രം താമസിക്കുന്ന വീട്ടില്‍ മോഷണം. അഞ്ചര പവന്‍റെ സ്വര്‍ണാഭരണങ്ങളും 47,800 രൂപയുമാണ് മോഷണം പോയിരിക്കുന്നത്. ഇത്രയും മോഷ്ടിച്ചുവെന്ന് മാത്രമല്ല, മറ്റൊരു 'സ്മാര്‍ട്ട്' പണി കൂടി കള്ളൻ ചെയ്തുവച്ചിട്ടുണ്ട്. മോഷണം കഴിഞ്ഞ് പോകുന്ന പോക്കില്‍ വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കും കള്ളൻ തൂക്കിയെടുത്ത് കൊണ്ടുപോയിരിക്കുകയാണ്.
കൂളിവയല്‍ കുഴിമുള്ളില്‍ ജോണിന്‍റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. ജോണും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഊരിവച്ചിരുന്ന രണ്ട് സ്വര്‍ണമാലകള്‍ രാവിലെ നോക്കിയപ്പോള്‍ കണ്ടില്ല. ഇതോടെയാണ് മോഷണം നടന്നത് വീട്ടുകാര്‍ മനസിലാക്കിയത്. തലയണയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന 47,800 രൂപയും ഇതോടൊപ്പം മോഷ്ടിക്കപ്പെട്ടതായി ഇവര്‍ മനസിലാക്കി.
സിസിടിവി ക്യാമറകള്‍ ആദ്യം തന്നെ മോഷ്ടാവ് തുണികൊണ്ട് മൂടിയിരുന്നുവത്രേ. മോഷണത്തിന് ശേഷമാകട്ടെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കും കവര്‍ന്നു.
കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നെടുത്ത പണമാണ് പോയിരിക്കുന്നത്. സ്വര്‍ണമാലയിലെ താലി ഊരി അവിടെ വച്ച ശേഷമാണ് മാല കവര്‍ന്നിരിക്കുന്നതെന്നും ശ്രദ്ധേയം. വാതിലുകള്‍ പൊളിക്കാത്തതിനാല്‍ മോഷ്ടാക്കള്‍ നേരത്തെ തന്നെ വീടിനുള്ളില്‍ കയറി പതുങ്ങിയിരുന്നിട്ടുണ്ടാകാം എന്നാണ് വീട്ടുകാരുടെ സംശയം.
എന്തായാലും മാനന്തവാടി ഡിവൈഎസ്‍പി ബിജു രാജിന്‍റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധരും, ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധന നടത്തിയിട്ടുണ്ട്. പ്രദേശത്തുള്ള മറ്റ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-