കൊവിഡ് ബാധിതനായ മോഷ്ടാവ് ഡ്രാക്കുള സുരേഷ് മൂന്നാം തവണ ആശുപത്രിയിൽ നിന്ന് ചാടി

ഇത് മൂന്നാം തവണയാണ് ഡ്രാക്കുള സുരേഷ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുന്നത്. മൂവാറ്റുപുഴ വിരുവാമൂഴി പാലത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ ചാടി വെള്ളത്തിന് പകരം കരയിൽ വീണാണ് ഡ്രാക്കുള ഒരു തവണ പിടിയിലാകുന്നത്.

thief dracula suresh escaped from kalamassery covid treatment centre

എറണാകുളം: നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന എറണാകുളം പുത്തൻകുരിശ് സ്വദേശി സുരേഷ് കളമശ്ശേരി കൊവിഡ് ചികിത്സാകേന്ദ്രത്തിൽ നിന്ന് വീണ്ടും ചാടി. കൊവിഡ് ബാധിതനാണ് ഇയാൾ. ഇത് മൂന്നാം തവണയാണ് പ്രതി കൊവിഡ് ചികിത്സാകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുന്നത്. കറുകുറ്റി കൊവിഡ് കെയർ സെന്‍ററിൽ നിന്ന് കഴിഞ്ഞ ആഴ്ച രണ്ട് തവണ ഇയാൾ ചാടിപ്പോയിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടി ആശുപത്രിയിലാക്കിയത്. 

പെരുമ്പാവൂർ പൊലീസാണ് ഇയാളെ മോഷണക്കേസിൽ അറസ്റ്റ് ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കറുകുറ്റിയിലെ നിരീക്ഷണകേന്ദ്രത്തിൽ നിന്ന് ചാടിയ ഇയാളെ കണ്ടെത്താനായി എറണാകുളം റൂറല്‍ എസ്പി  കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്.

ജൂൺ ആറിന് മോഷണത്തിന് ശേഷം പാലത്തിൽ നിന്ന് ചാടിരക്ഷപ്പെടുന്നതിനിടെ സുരേഷ് പൊലീസിന്‍റെ പിടിയിലായിരുന്നു. മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ മൂവാറ്റുപുഴ പെരുവാംമൂഴി പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വെള്ളമുണ്ടെന്ന് കരുതി പുഴയിലേക്ക് ചാടിയെങ്കിലും വീണത് കരയ്ക്കാണ്. താഴെ വീണ സുരേഷിനെ പിടിക്കാൻ നാട്ടുകാർ എത്തിയെങ്കിലും തനിക്ക് കൊവിഡാണെന്നും കയ്യും കാലും നട്ടെല്ലും ഒടിഞ്ഞെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ നാട്ടുകാർ പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചു. പൊലീസ് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ സുരേഷിന് ഓടിവോ ചതവോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് കണ്ടെത്തി.

എപ്പോൾ പുറത്തിറങ്ങിയാലും ഒരു മോഷണം പദ്ധതിയിട്ട് മാത്രം ഇറങ്ങുന്നയാൾ എന്നാണ് ഡ്രാക്കുള സുരേഷിനെപ്പറ്റി പൊലീസ് പറയുന്നത്. തുടക്കകാലത്ത് രാത്രി മാത്രം മോഷണത്തിന് ഇറങ്ങിയതുകൊണ്ടാണ് ഇയാൾക്ക് ഡ്രാക്കുള സുരേഷ് എന്ന് വട്ടപ്പേര് വീണത്. ഇതിനകം ഇരുപതിലധികം കേസുകളിൽ പ്രതിയാണിയാൾ. ഇപ്പോൾ മോഷണത്തിന് അങ്ങനെ സമയമൊന്നുമില്ല. രാത്രിയും പകലും മോഷ്ടിക്കാനിറങ്ങും. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ മോഷണം നടത്തുന്ന സുരേഷ് പിന്നീട് ഒളിവിൽ പോകും. പിടിയിലായി ജയിലിലെത്തി ശിക്ഷ കഴിഞ്ഞ് മോചിതനായാൽ വീണ്ടും മോഷണം നടത്തും. ഇതാണ് സുരേഷിന്‍റെ രീതി.

കഴിഞ്ഞ വർഷം പിടിയിലായതിനിടെ, ഇയാൾ പൊലീസിനെ ചില്ലറയൊന്നുമല്ല കുഴപ്പിച്ചത്. പൊലീസ് ജീപ്പിന് പിന്നിലെ ചില്ല് അടിച്ച് പൊട്ടിച്ച സുരേഷ് അതെടുത്ത് വായിലിട്ട്, വിഴുങ്ങി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. സുരേഷിന്‍റെ ഭീഷണിക്ക് മുന്നിൽ പൊലീസും മൂവാറ്റുപുഴ ജനറലാശുപത്രിയിലെ ഡോക്ടറും അങ്കലാപ്പിലായി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യേണ്ടി വന്നു. 2001 മുതൽ പുത്തൻ കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളിലായി ഇരുപതിൽപ്പരം കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. 

അഞ്ച് വർഷം മുമ്പ്, കോലഞ്ചേരിയിലെ ഒരു പള്ളിയിൽ മോഷണം നടത്താൻ കയറി ഡ്രാക്കുള സുരേഷ്. അവിടത്തെ വെന്‍റിലേറ്ററിൽ കുടുങ്ങിപ്പോയി. അകത്തേക്ക് കയറാനും പറ്റുന്നില്ല, പുറത്തിറങ്ങാനും പറ്റുന്നില്ല. ഒടുവിൽ അവിടിരുന്ന് സുരേഷ് ഉറങ്ങിപ്പോയി. മദ്യലഹരിയിലായിരുന്നു ഉറക്കം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒടുവിൽ പൊലീസെത്തി സുരേഷിനെ പുറത്തെടുക്കാൻ പെട്ട പാട് ചില്ലറയല്ല. 

2019-ൽ സുരേഷ് മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള ഒരു ആധാരം എഴുത്തോഫീസിൽ നിന്ന് ഒന്നരലക്ഷം രൂപ മോഷ്ടിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് വാങ്ങിയ ബൈക്കിൽ സഞ്ചരിക്കവേ, പെരുമ്പാവൂരിൽ വച്ച് ഇയാൾ അപകടത്തിൽപ്പെട്ടു. കാലുകൾ ഒടിഞ്ഞ് റോഡിൽ കിടന്ന സുരേഷിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. അന്ന് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞില്ല. എന്നാൽ ആശുപത്രിയിൽ നിന്ന് ചികിത്സ പൂർത്തിയാക്കാതെ സുരേഷ് മുങ്ങി. വരിക്കോലിയിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ നാട്ടുകാർ നൽകിയ സൂചന പിന്തുടർന്ന് എത്തിയ പുത്തൻകുരിശ് പൊലീസ് പിടികൂടുകയായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios