'വന്‍ തസ്‌കര വിളയാട്ടം': ഒന്‍പത് കടകളില്‍ കയറിയതിന് പിന്നാലെ ക്ഷേത്രത്തിലും മോഷണം
മോഷണം പതിവായിട്ടും പൊലീസ് നിഷ്‌ക്രിയമെന്ന ആരോപണവുമായി കേരള വ്യാപാരി വ്യവസായ സമിതി രംഗത്തെത്തി.
മലപ്പുറം: പൊന്നാനിയില്‍ ജനങ്ങളെ ഭീതിയിലാക്കി വന്‍ തസ്‌കര വിളയാട്ടം. കൊല്ലന്‍പടിയിലും നിളയോരപാതയിലും മോഷണം നടന്നതിന് പിന്നാലെ പുഴമ്പ്രം, ബിയ്യം മേഖലകളിലെ ഒന്‍പത് കടകളിലും ക്ഷേത്രത്തിലും മോഷണം നടന്നു. പുഴമ്പ്രം സഫ സ്റ്റോര്‍, കവല സൂപ്പര്‍ മാര്‍ക്കറ്റ്, ബാറ്ററി സ്റ്റോര്‍, ബിയ്യം ഷിഹാസ് സ്റ്റോര്‍, ഹൈബ്രിഡ് ബാറ്ററി സ്റ്റോര്‍, ഫാമിലി ബേക്കറി, എം.ടി സ്റ്റോര്‍, ചെറുവായ്ക്കര സ്‌കൂള്‍, ഡോര്‍ മെന്‍സ് വെയര്‍, പതിയാരത്ത് അമ്പലം എന്നിവിടങ്ങളിലായിരുന്നു മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. കവല സൂപ്പര്‍ മാര്‍ക്കറ്റ്, ഷിഹാസ് സ്റ്റോര്‍, ഫാമിലി ബേക്കറി, എം.ടി സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് 15,000 രൂപയോളമാണ് നഷ്ടമായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വ്യാപകമായ മോഷണം നടന്നത്. കടകളുടെ പൂട്ട് തകര്‍ത്താണ് മോഷണസംഘം അകത്ത് പ്രവേശിച്ചതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, വിവിധയിടങ്ങളില്‍ മോഷണം പതിവായിട്ടും പൊലീസ് നിഷ്‌ക്രിയമെന്ന ആരോപണവുമായി കേരള വ്യാപാരി വ്യവസായ സമിതി രംഗത്തെത്തിയിട്ടുണ്ട്. വ്യാപാരികളെയും നാട്ടുകാരെയും ഭയത്തിലാക്കിയ മോഷ്ടാക്കളെ പിടികൂടാന്‍ സാധിക്കാത്തത് പൊലീസിന്റെ പിടിപ്പുകേടാണെന്ന് വ്യാപാരി സമിതി കുറ്റപ്പെടുത്തി. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ മോഷണം നടന്നിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ പൊലീസിന് സാധിക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കടകള്‍ കുത്തിത്തുറക്കുന്ന മോഷ്ടാക്കളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ട് പോലും തുടര്‍ മോഷണങ്ങള്‍ നടക്കുന്നത് പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണെന്നാണ് വ്യാപാരികളുടെ ആക്ഷേപം.
പതിവായി മോഷണം നടത്തുന്നവരാണ് ഇപ്പോഴത്തെ മോഷണ സംഘമെന്ന് സംശയമുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ പട്രോളിങ് നടക്കുന്നതിനിടെയാണ് പുഴമ്പ്രം, ബിയ്യം മേഖലകളില്‍ മോഷണം നടന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമാണെന്നും രാത്രി പട്രോളിങ് ഉള്‍പ്പെടെ ശക്തമാണെന്നും പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂര്‍ പറഞ്ഞു.
'നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയതാണ്'; ഗണേഷ് കുമാറിനെ തിരുത്തി വികെ പ്രശാന്ത്