പകൽ കളിപ്പാട്ടങ്ങൾ വിൽക്കാനെത്തും, രാത്രിയിൽ വീടുകളിൽ മോഷണം, തസ്കര ഗ്രാമത്തിലെത്തി പ്രതികളെ പൊക്കി പൊലീസ്
രാജസ്ഥാനിലെ താണ്ടോടി തസ്കര ഗ്രാമത്തിൽ നിന്നാണ് ആറ്റിങ്ങൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.പ്രതികളെ നാളെ കേരളത്തിലെത്തിക്കും
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ കിഷൻലാൽ, സാൻവർ ലാൽ എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ താണ്ടോടി തസ്കര ഗ്രാമത്തിൽ നിന്നാണ് ആറ്റിങ്ങൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ നാളെ കേരളത്തിലെത്തിക്കും. അജിമീറിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള ഉൾഗ്രാമം. ദുർഘട പാതയിലൂടെ സഞ്ചരിച്ചാലാണ് തസ്കര ഗ്രാമമായ താണ്ടോടിയിലെ കെയ്രോട്ടിലെത്തുക. ആറ്റിങ്ങൽ എസ്ഐ ആദർശ്, റൂറൽ ഡാൻസാഫ് എസ്ഐ ബിജുകുമാർ ഉൾപ്പെടുന്ന ഏഴംഗ സംഘമാണ് ദുർഘടപാത താണ്ടി ഗ്രാമത്തിലെത്തിയത്.
മോഷണത്തിന് ശേഷം ലഭിച്ച സിസിടിവി കേന്ദ്രീകരിച്ചായിരുന്നു പ്രതികളിലേക്കെത്തിയത്. പൊലീസ് ആദ്യം പ്രതികളുടെ താമസസ്ഥലം മനസിലാക്കി. ശേഷം സാഹസികമായി 27 കാരനായ കിഷൻ ലാലിനെ കസ്റ്റഡിയിലെടുത്തു. കിഷൻ ലാൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാമൻ 26 കാരനായ സാൻവർ ലാലിനെ തൊട്ടടുത്ത ജെട്പുര ഗ്രാമത്തിൽ നിന്നും പിടികൂടി. അതിവിദഗ്ധമായി കവർച്ച നടത്തുന്ന സംഘത്തിലുള്ളവരാണ് പ്രതികൾ. ഉത്സവപ്പറമ്പുകളിലും റോഡുകളിലും കളിപ്പാട്ടങ്ങൾ ,തുണികളും വിൽക്കാനെന്ന വ്യാജേനയാണ് ഇവർ കേരളത്തിൽ അലഞ്ഞുതിരിയുന്നത്.
സ്ത്രീകളും കുട്ടികളുമായി എത്തുന്ന ഇത്തരത്തിലുള്ള സംഘങ്ങൾ റോഡരുകിൽ ടെന്റ് അടിച്ചാണ് താമസം. തുടർന്ന് ആളൊഴിഞ്ഞ വീടുകൾ നോക്കി മനസ്സിലാക്കി ആണ് കവർച്ച നടത്തുന്നത്. മോഷണ വസ്തുക്കൾ നിസ്സാര വിലയ്ക്ക് മറ്റുള്ളവർക്ക് വിൽക്കുന്നതാണ് പതിവ്. ഇതിനിടയിലാണ് കഴിഞ്ഞ മാർച്ച് ഏഴിന് ആറ്റിങ്ങലിൽ ദന്തൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 50 പവനും 4.5 ലക്ഷം രൂപയും കവർന്നത്.
ആലുവയിലെ തട്ടിക്കൊണ്ടുപോകല്‍; കൊലപാതക കേസിലടക്കം പ്രതിയായ ആള്‍ പിടിയിൽ