നാട് വിട്ടു പോയ 10 ക്ലാസുകാരനിൽ നിന്ന് സെലിബ്രിറ്റി 'ആൾദൈവം'; സന്തോഷ് മാധവന്റെ വളർച്ചയും തളർച്ചയും ഇങ്ങനെ
വിശ്വാസികളെ നിഷ്പ്രയാസം കയ്യിലെടുത്തു. ആള്‍ദൈവം എന്ന് പ്രസിദ്ധിയാര്‍ജ്ജിച്ചു. കൊച്ചിയില്‍ ശാന്തി തീരമെന്ന പേരില്‍ ആശ്രമം തുടങ്ങി, ശിഷ്യരും വിശ്വാസികളും കൂടി.
തിരുവനന്തപുരം: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവമായിരുന്ന സന്തോഷ് മാധവന്‍ മരിച്ചത്. ആരായിരുന്നു സന്തോഷ് മാധവന്‍. നാട് വിട്ട് പോയ പത്താം ക്ലാസുകാരനില്‍ നിന്നും സെലിബ്രിറ്റി ആള്‍ദൈവമായുള്ള വളര്‍ച്ചയും പിന്നീടുള്ള തളര്‍ച്ചയും ഇങ്ങനെ,
കട്ടപ്പനയിലെ ചുമട്ടുകാരന്‍ മാധവന്റെ മകന്‍ സന്തോഷ്, പത്താം ക്ലാസ് തോറ്റ് പഠിപ്പു നിര്‍ത്തി. ആദ്യം നോക്കിയത് ചെരുപ്പുകടയിലെ സെയില്‍സ്മാന്റെ ജോലി. പതിനെട്ടു തികഞ്ഞപ്പോള്‍ കലൂരിലെ ക്ഷേത്രത്തില്‍ പരികര്‍മിയായി. അധികം വൈകാതെ മരട് തുരുത്തി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി. മേല്‍ശാന്തിയായിരിക്കെ സന്തോഷ് മാധവനെന്ന പേരില്‍ ജ്യോതിഷ വഴിയില്‍ പ്രസിദ്ധനായി. ഗള്‍ഫിലും മറ്റും നിരവധി സന്ദര്‍ശനങ്ങള്‍. പ്രമുഖരുമായി അടുത്ത സൗഹൃദം. ലക്ഷങ്ങളുടെ വരുമാനം.
തുരുത്തിയില്‍ മേല്‍ശാന്തിയായിരിക്കെ പെട്ടെന്നൊരു നാള്‍ സന്തോഷ് മാധവനെ കാണാതായി. ഉത്തരേന്ത്യയിലെ ഏതോ ആശ്രമങ്ങളിലെ അന്തേവാസി എന്ന് മാത്രം വീട്ടുകാര്‍ക്ക് വിവരം കിട്ടി. മൂന്നുവര്‍ഷത്തെ അജ്ഞാത വാസത്തിനു ശേഷം റീഎന്‍ട്രി സ്വാമി അമൃത ചൈതന്യ എന്ന പേരിലായിരുന്നു. ഇംഗ്ലീഷും ഉര്‍ദുവും പഠിച്ചും സന്തോഷ് മെച്ചപ്പെട്ടു. വിശ്വാസികളെ നിഷ്പ്രയാസം കയ്യിലെടുത്തു. ആള്‍ദൈവം എന്ന് പ്രസിദ്ധിയാര്‍ജ്ജിച്ചു. കൊച്ചിയില്‍ ശാന്തി തീരമെന്ന പേരില്‍ ആശ്രമം തുടങ്ങി, ശിഷ്യരും വിശ്വാസികളും കൂടി.
സ്വന്തം നാടായ കട്ടപ്പനയില്‍ നിന്നും നാടുവിട്ട പയ്യന്‍ സ്വാമിയായി തിരിച്ചെത്തിയപ്പോള്‍ ടൗണില്‍ കോടികള്‍ വില മതിക്കുന്ന ബഹുനില കെട്ടിടവും വിലയ്ക്ക് വാങ്ങി. 2008-ല്‍ മെയ് മുതലാണ് കഷ്ടകാലം തുടങ്ങുന്നത്. മെയ് പതിനൊന്നാം തീയതി ദുബായിലുള്ള ഒരു ബിസിനസുകാരി 45 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് കേരള പൊലീസിന് പരാതി നല്‍കിയതോടെ സ്വാമി കള്ളസ്വാമിയായി.
പരാതിക്ക് പിന്നാലെ അന്വേഷണവും, അറസ്റ്റുമുണ്ടാവുന്നു. തട്ടിപ്പും വെട്ടിപ്പും കള്ളപൂജകളും കള്ളക്കച്ചവടങ്ങളും ഒന്നൊന്നായി പുറത്തു വന്നു. സന്തോഷിന്റെ ഫ്‌ലാറ്റില്‍ നിന്ന് ലഹരിവസ്തുക്കളും കടുവാത്തോലും പിടിച്ചെടുത്ത പൊലീസിന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സിഡികളും കിട്ടി.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കോടതി സന്തോഷ് മാധവന് വിധിച്ചത് പതിനാറു വര്‍ഷത്തെ തടവുശിക്ഷയാണ്. ശിക്ഷാകാലയളവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും സ്വാമിക്ക് ലഭിച്ചത് വിഐപി പരിഗണന. ജയിലിലും 'പൂജാരി'യാകാന്‍ ഇയാള്‍ ശ്രമിച്ചതും വിവാദമായി. സെലിബ്രിറ്റി സ്വാമിയുടെ വളര്‍ച്ചയും തകര്‍ച്ചയും കേരളത്തിന് പാഠമായോ? ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്ക് ഇപ്പോഴും ഒരു കുറവുമില്ല.