ജഡ്‌ജി മരിച്ചത് ഓട്ടോ ഇടിച്ചു തന്നെ, കൊന്നത് കൽക്കരി മാഫിയയോ?
ഈ കേസിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് രവി ഠാക്കൂർ എന്ന പ്രതിയുടെ ജാമ്യാപേക്ഷ ജഡ്ജ് ഉത്തം ആനന്ദ് തള്ളിയിരുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത് ജസ്റ്റിസ് ഉത്തം ആനന്ദിന്റെ അസ്വാഭാവിക മരണത്തിന്റെ വാർത്തകളാണ്. ധൻബാദ് ജില്ലയിലെ അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോർട്ടിൽ ജഡ്ജിയായിരുന്നു അദ്ദേഹം. നഗരത്തിലെ രൺധീർ വർമ ചൗക്കിനു സമീപത്തുള്ള ന്യൂ ജഡ്ജ് കോളനിയുടെ അടുത്തുള്ള വളവിൽ വെച്ചാണ്, പതിവു പ്രഭാത സവാരിക്കിറങ്ങിയ ജസ്റ്റിസ് ആനന്ദിനെ ഒരു ഓട്ടോ പിന്നിൽ നിന്ന് വന്നിടിച്ചിടുന്നത്.
അപകടം നടന്ന ശേഷം ഒന്നു നിർത്തുകയോ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ മിനക്കേടുകയോ ചെയ്യാതെ ആ ഓട്ടോ സ്ഥലം വിടുന്നു. ഗുരുതരമായി പരിക്കേറ്റു വഴിയരികിൽ ബോധരഹിതനായിക്കിടന്ന അദ്ദേഹത്തെ, അതിലെ പോയ ചില യാത്രക്കാരാണ് ആശുപത്രിയിൽ എത്തിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കിടെ പിന്നീട് അദ്ദേഹം മരിച്ചു പോകുന്നു.
അപകടമോ കൊലപാതകമോ ?
എന്നാൽ സംശയാസ്പദമായ മറ്റു പല സമാനസംഭവങ്ങളിൽ നിന്നും ഈ അപകടത്തെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം, കൃത്യമായ സിസിടിവി ദൃശ്യങ്ങൾ ഈ സംഭവത്തിന് തെളിവായി നമ്മുടെ മുന്നിലുണ്ട് എന്നതാണ്. ഈ അപകടം നടക്കുന്ന സമയത്ത് റോഡിൽ ആ പരിസരത്തെങ്ങും മറ്റൊരു വാഹനം പോലും ഉണ്ടായിരുന്നില്ല. സിസിടിവിയുടെ ഫ്രെയിമിലേക്ക്, റോഡിന്റെ ഓരം പറ്റി, പതിയെ ജോഗ് ചെയ്തുകൊണ്ട് ആദ്യം ഉത്തം ആനന്ദ് കടന്നുവരുന്നു. തൊട്ടുപിന്നാലെ, പിന്നിൽ നിന്ന് ഒരു ഓട്ടോ അമിത വേഗത്തിൽ പാഞ്ഞു വരുന്നു. നേരെ പോകുന്നതിനു പകരം, ജഡ്‌ജിന് തൊട്ടടുത്ത് എത്താറായപ്പോഴേക്കും ഓട്ടോ ഇടത്തേക്ക് ചായുന്നു. പിന്നാലെ ഓട്ടോ വരുന്ന കാര്യം അറിയുക പോലും ചെയ്യാതെ ഓടിക്കൊണ്ടിരുന്ന അദ്ദേഹത്തെ ഇടിച്ച് റോഡരികിലേക്ക് മറിച്ചിട്ട്, നിർത്താതെ ആ വാഹനം കടന്നു കളയുന്നു.
അപകടം നടന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രസ്തുത ഓട്ടോ, ധൻബാദ് പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നു. ആ വാഹനം ധൻബാദിനടുത്തുള്ള പാതർഡീഹിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണ് എന്ന് പൊലീസ് പ്രാഥമികാന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഒപ്പം, ആ വാഹനം ഓടിച്ച ആളെയും രണ്ടു സഹായികളെയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ആ ഓട്ടോ രാത്രി നിർത്തിയിട്ടിടത്തുനിന്ന് മോഷണം പോയതാണ് എന്ന് സുഗനി ദേവി എന്ന സ്ത്രീ മൊഴിനൽകുന്നു.
ജഡ്‌ജിയുടെ ഈ അസ്വാഭാവിക മരണത്തെക്കുറിച്ച് അടുത്ത ദിവസം, ജൂലൈ 29 നുതന്നെ സുപ്രീം കോടതിയിലും ചോദ്യങ്ങൾ ഉയർന്നിരുന്നു. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് ചീഫ് ജസ്റ്റിസ് രമണയോട് ഈ സംഭവത്തെക്കുറിച്ച് നേരിട്ട് ചർച്ച ചെയ്യുകയുണ്ടായി. വിശദമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടക്കത്തിൽ ഹിറ്റ് ആൻഡ് റൺ കേസ് ആണെന്ന് തോന്നിച്ച ഈ സംഭവം കൃത്യമായ ഒരു പ്ലാനിങ്ങോടെ നടത്തപ്പെട്ട കൊലപാതകമാണ് എന്നാണ് സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത് എന്നും വികാസ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു.
കൊലയ്ക്കു പിന്നിൽ കൽക്കരി മാഫിയയുടെ കുടിപ്പക?
ഉത്തം ആനന്ദിന്റെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളുടെ നാൾവഴികൾ ചികഞ്ഞു ചെന്നാൽ നമ്മൾ എത്തിച്ചേരുക ധൻബാദിലെ കൽക്കരി മാഫിയകൾ തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട ശത്രുതയുടെ ചരിത്രത്തിലേക്കാണ്. ആ ചരിത്രം തുടങ്ങുന്നത്, 'സിംഗ് മാൻഷൻ' എന്ന മാളികയിൽ നിന്നാണ്. അവിടെയാണ് സൂര്യദേവ് സിംഗ് എന്ന കൽക്കരി രാജാവ് താമസിച്ചിരുന്നത്. ഉത്തർപ്രദേശിലെ ബലിയയിൽ നിന്ന് ഒരു തൊഴിൽ തേടി അറുപതുകളുടെ അവസാനത്തോടെ ധൻബാദിലെത്തുന്ന സൂര്യദേവ് സിംഗ് അവിടെ കൽക്കരി വ്യാപാരം നടത്തി കണക്കില്ലാത്ത സമ്പത്താർജ്ജിക്കുന്നു. 'സിംഗ് മാൻഷൻ' എന്ന പേരിൽ ഒരു മാളിക കെട്ടിപ്പൊക്കി അവിടെ കുടുംബ സമേതം താമസം തുടങ്ങുന്നു. എഴുപതുകളിലും എൺപതുകളിലും നാലു തവണ നിയമസഭംഗമായിരുന്നിട്ടുള്ള സൂര്യദേവ് സിങിന്റെ നാല് സഹോദരന്മാരും കൽക്കരി വ്യവസായത്തിലൂടെ തന്നെ സ്വത്തുണ്ടാക്കിയവരാണ്.
1991 -ൽ ഈ സൂര്യദേവ് സിംഗ് മരിച്ചുപോകുന്നു. അതോടെ, അന്നുവരെ ഒറ്റക്കെട്ടായി നിന്ന കുടുംബത്തിൽ സ്വത്തിന്റെ പേരിൽ തർക്കങ്ങൾ ഉടലെടുക്കുന്നു. സൂര്യദേവ് സിങിന്റെ സഹോദരൻ രാജ് നാരായൺ സിംഗ്, 'രഘുകുൽ മാൻഷൻ' എന്ന പേരിൽ മറ്റൊരു മാളിക പണിഞ്ഞ്, വേറിട്ട് താമസം തുടങ്ങുന്നു. പോകെപ്പോകെ 'സിംഗ് മാൻഷനും' 'രഘുകുൽ മാൻഷനും' ധൻബാദ് കൽക്കരി മാഫിയയിലെ രണ്ടു കാർട്ടലുകളായി വികസിച്ചു വരുന്നു. അവർ തമ്മിൽ സംഘട്ടനങ്ങൾ പതിവാകുന്നു.
'സിംഗ് മാൻഷൻ, രഘുകുൽ മാൻഷൻ'
സൂര്യദേവ് സിങിന്റെ മകൻ സഞ്ജീവ് സിംഗ് കഴിഞ്ഞ തവണ ജരിയ സീറ്റിൽ നിന്ന് ബിജെപിയുടെ എംഎൽഎ ആയിരുന്നു. അദ്ദേഹം തോല്പിച്ചത്, കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച, രഘുകുൽ മാൻഷനിൽ കഴിഞ്ഞിരുന്ന തന്റെ അമ്മാവന്റെ മകൻ നീരജ് സിങിനെ തന്നെ ആയിരുന്നു. തിരഞ്ഞെടുപ്പിലേറ്റ തോൽവി പകയ്ക്ക് ആക്കം കൂട്ടുന്നു. ഒടുവിൽ, 2017 -ൽ സഞ്ജീവ് സിങിന്റെ അടുത്ത അനുയായിയായ രഞ്ജയ് സിങിനെ അജ്ഞാതരായ അക്രമികൾ വെടിവെച്ചു കൊന്നുകളയുന്നു. ഇതിന്റെ പ്രതികാരമെന്നോണം ദിവസങ്ങൾക്കുള്ളിൽ തന്നെ നീരജ് സിങ്ങും വധിക്കപ്പെടുന്നു. ഈ കൊലപാതകത്തിന്റെ പേരിൽ അന്ന് പിടിക്കപ്പെടുന്നത് ബിജെപി എംഎൽഎ സഞ്ജീവ് സിംഗ് തന്നെയായിരുന്നു. തന്റെ വലംകൈ ആയിരുന്ന രഞ്ജയ് സിങിനെ വധിച്ചതിന്റെ പ്രതികാരമായിട്ടാണ് അന്ന് സഞ്ജീവ് സിംഗ് നീരജ് സിങിനെ കൊന്നുകളഞ്ഞത് എന്നായിരുന്നു അന്ന് പൊലീസിന്റെ പക്ഷം.
'നീരജ് സിംഗ്, സഞ്ജീവ് സിംഗ്'
ഈ രഞ്ജയ് സിങ് കൊലക്കേസിലെ വിചാരണ നടന്നിരുന്നത് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്ന ഉത്തം ആനന്ദിന്റെ കോടതിയിലാണ്. ഈ കേസിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് രവി ഠാക്കൂർ എന്ന പ്രതിയുടെ ജാമ്യാപേക്ഷ ജഡ്ജ് ഉത്തം ആനന്ദ് തള്ളിയിരുന്നു. കുപ്രസിദ്ധമായ അമൻ സിംഗ് ഗ്യാങിലെ അംഗമായിരുന്നു ഈ രവി ഠാക്കൂർ. തങ്ങളുടെ സംഘാംഗത്തിന്റെ ജാമ്യ ഹർജി തള്ളിയതിൽ അമൻ സിംഗ് ഗ്യാങ്ങിനുണ്ടായ വിരോധമാകാം ജഡ്ജ് ഉത്തം ആനന്ദിന്റെ വധത്തിനു പിന്നിൽ എന്നാണ് ഇപ്പോൾ ധൻബാദിൽ പരക്കെ പ്രചരിക്കുന്ന അഭ്യൂഹം.
ഒടുവിൽ കുറ്റം മയക്കുമരുന്നിനോ?
ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ അതൃപ്തിയുണ്ടായ സാഹചര്യത്തിലാണ് കേസ് ഒരു പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറപ്പെട്ടത്. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലായിരുന്നു പ്രത്യേക സംഘത്തിന്റെ അന്വേഷണം. ഈ വാഹനാപകടത്തിനുപിന്നിൽ ക്രിമിനൽ ഗൂഢാലോചന ഇല്ലെന്ന കണ്ടെത്തലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെത് എന്ന് തങ്ങളുടെ രഹസ്യസ്രോതസ്സുകളെ ഉദ്ധരിച്ചു കൊണ്ട് കഴിഞ്ഞ ദിവസം, 'ദ പ്രിന്റ്' റിപ്പോർട്ട് ചെയ്യുകയുണ്ടായി. അപസ്മാരത്തിനുള്ള നൈട്രോസൺ (N10) എന്ന മരുന്ന് വളരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു മയക്കുമരുന്നു കൂടിയാണ്. ഇതും നാടൻവാറ്റും കൂടി കലർത്തി സേവിച്ച ശേഷം പ്രതികൾ വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രത്യേകാന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ എന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം ആയതുകൊണ്ടാവും പ്രതികൾ വാഹനം നിർത്താതെ കടന്നു കളഞ്ഞത് എന്ന് പ്രത്യേകാന്വേഷണസംഘം കരുതുന്നതായും പ്രിന്റിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
'ജസ്റ്റിസ് ഉത്തം ആനന്ദ്'
നേരറിയുമോ സിബിഐ?
എന്തായാലും, ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുള്ള സമ്മർദം കാരണം അന്വേഷണം സിബിഐക്ക് കൈമാറപ്പെട്ടിട്ടുണ്ട്. ഒരു പ്രാഥമിക അന്വേഷണ റിപ്പോർട്ട് എന്ന നിലയ്ക്ക് മാത്രമാണ് സിബിഐ ഈ പ്രത്യേക ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളെ ആശ്രയിക്കുക. കൽക്കരി മാഫിയകളോട് കർക്കശമായ നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ ജീവൻ അപകടത്തിലായ ആദ്യത്തെ ജഡ്ജിയല്ല ജസ്റ്റിസ് ഉത്തം ആനന്ദ് എന്നതുകൊണ്ട്, അദ്ദേഹത്തിന്റെ അസ്വാഭാവിക മരണം, വെറുമൊരു ഹിറ്റ് ആൻഡ് റൺ വാഹനാപകടമല്ല, കൃത്യമായ ഗൂഢാലോചനയോടെ നടപ്പിലാക്കപ്പെട്ട കരുതിക്കൂട്ടിയുള്ള ഒരു കൊലപാതകം തന്നെയാണ് എന്ന ഉറച്ച വിശ്വാസത്തിലാണ് ധൻബാദിലെ പലരുമുള്ളത്. സിബിഐ അന്വേഷണത്തിലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി കിട്ടും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവർത്തകരും ഇപ്പോൾ.