സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം; ഹൈടെക് കള്ളനെ പൂർണമായും പൂട്ടാൻ പൊലീസ്

തൊണ്ടി മുതൽ പൂർണമായും കണ്ടെടുക്കാനായത് കേസിന് ബലം നൽകും. ബിഹാറിലും മഹാരാഷ്ട്രയിലുമെല്ലാം അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

robbery in director Joshiys house at kochi kerala police movie  to lock high tech thief completely

കൊച്ചി: സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം നടത്തിയ ഹൈടെക് കള്ളൻ മുഹമ്മദ് ഇർഫാനെ കൃത്യമായി പൂട്ടാനുറച്ച് കൊച്ചി പൊലീസ്. തൊണ്ടി മുതൽ പൂർണമായും കണ്ടെടുക്കാനായത് കേസിന് ബലം നൽകും. ബിഹാറിലും മഹാരാഷ്ട്രയിലുമെല്ലാം അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

ഉയർന്ന മതിലുകൾ ചാടിക്കടക്കാനും സ്ക്രൂ ഡ്രൈവർ മാത്രമുപയോഗിച്ച് ജനലും വാതിലും തുറക്കാനും ആഡംബര വാഹനങ്ങളിൽ അതിവേഗം പാഞ്ഞ് സ്ഥലം വിടാനും മാത്രമല്ല മുഹമ്മദ് ഇർഫാന് മിടുക്ക്. നിയമത്തിലെ പഴുതുകളിൽ കൂടി ഊർന്നിറങ്ങാനുമുണ്ട് സാമർത്ഥ്യം. അത് ഇത്തവണ സമ്മതിക്കാതെ സ്ഥിരം മോഷ്ടാവിനെ എങ്ങനെ ജയിലക്കാം എന്നാണ് കൊച്ചി പൊലീസ് നോക്കുന്നത്. സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ എല്ലാം വീണ്ടെടുക്കാനായത് കേസിന് ബലം നൽകും. മോഷണമുതലുമായി മുംബൈയിലേക്ക് കടക്കുന്നതിനിടെയാണ് ഉഡുപ്പിയിൽ വെച്ച് മുഹമ്മദ് ഇ‌ർഫാൻ പിടിയിലായിത്. 

മോഷണ മുതൽ മുംബൈയിൽ എവിടെ എങ്ങനെ വിൽക്കാനായിരുന്നു പദ്ധതി, അവിടെ ആരൊക്കെയാണ് സഹായത്തിനുള്ളത്, അവിടെ ഏത് ബന്ധുവിന്റെ സ്ഥാപനത്തിലാണ് ജോലി ചെയ്തത്ൽ കേരളത്തിലേക്ക് വരുന്ന വഴിയും പോകുന്ന വഴിയും വേറെ എവിടെയെങ്കിലും മോഷ്ടിക്കാൻ ശ്രമിച്ചോ അങ്ങനെ കുറച്ചധികം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഒപ്പം സ്വദേശമായ ബിഹാറിൽ മുഹമ്മദ് ഇ‌ർഫാനുള്ള ഇടപാടുകളും അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഭാര്യ ഗുൽഷൻ പർവീണിന്റെ പദവി രേഖപ്പെടുത്തിയ ബോർഡുവെച്ച കാറിലായിരുന്നു മുഹമ്മദ് ഇ‌ർഫാൻ പിടിയിലായത്. സീതാമർസി ഗ്രാമത്തിലെ പ‍ഞ്ചായത്ത് പ്രസിഡന്റാണ് ഗുൽഷൻ. 

മോഷണ മുതൽ വിറ്റുകിട്ടുന്ന തുകയുടെ ഒരു പങ്ക് കൊണ്ട് ചികിത്സക്കും കല്യാണത്തിനും തുടങ്ങി റോഡുണ്ടാക്കാൻ വരെ കയ്യയച്ച് സഹായം നൽകുന്ന ഇ‌ർഫാനുള്ള പിന്തുണയാണ് ഗുൽഷൻ പർവീണിന്റെ പദവി നേട്ടത്തിലെത്തിച്ചത്. അതുകൊണ്ട് തന്നെ ഭർത്താവിന്റെ മോഷണങ്ങൾക്ക് ഭാര്യയുടെ പിന്തുണയുണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ച് മുങ്ങിയതും മോഷണം തുടർന്നതും കോടതിയുടെ ശ്രദ്ധയിലെത്തിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ചുരുക്കത്തിൽ വിട്ടു പോയ എല്ലാ കള്ളികലും കൃത്യമായി പൂരിപ്പിച്ച് ഹൈടെക് കള്ളനെ കൃത്യമായി പൂട്ടാനൊരുങ്ങുകയാണ് കേരളാ പൊലീസ്.

Latest Videos
Follow Us:
Download App:
  • android
  • ios