കൊച്ചിയിൽ ബസിനുള്ളിൽ കണ്ടക്ടറുടെ അരുംകൊലക്ക് പിന്നിൽ സ്നേഹിതയെ കളിയാക്കിയതിലുള്ള വൈരാഗ്യം
മെഡിക്കൽ കോളേജ്, എച്ച്എംടി റൂട്ടിൽ ഷട്ടിൽ സർവീസ് നടത്തുന്ന ബസ് എച്ച്എംടി ജംഗ്ഷനിൽ എത്തിയപ്പോഴായിരുന്നു നടുക്കുന്ന സംഭവം. ഇരു ചക്ര വാഹനത്തിൽ എത്തി കാത്ത് നിന്ന ഒരാൾ ബസിലേക്ക് ഓടിക്കയറി.
ഫോട്ടോ: കൊല്ലപ്പെട്ട അനീഷ് പീറ്റർ, പ്രതി മിനൂപ്
കൊച്ചി: കളമശേരിയിൽ പട്ടാപ്പകൽ ഓടുന്ന ബസിൽ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ ആണ് കൊല്ലപ്പെട്ടത്. പ്രതി കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പ്രതിയുടെ സ്നേഹിതയെ കണ്ടക്ടറായ അനീഷ് പീറ്റർ കളിയാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് പട്ടാപ്പകൽ നാടിനെ നടുക്കിയ കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു.
മെഡിക്കൽ കോളേജ്, എച്ച്എംടി റൂട്ടിൽ ഷട്ടിൽ സർവീസ് നടത്തുന്ന ബസ് എച്ച്എംടി ജംഗ്ഷനിൽ എത്തിയപ്പോഴായിരുന്നു നടുക്കുന്ന സംഭവം. ഇരു ചക്ര വാഹനത്തിൽ എത്തി കാത്ത് നിന്ന ഒരാൾ ബസിലേക്ക് ഓടിക്കയറി. കണ്ടക്ടറുടെ അടുത്ത് ചെന്ന് ആദ്യം വാക്ക് തർക്കമുണ്ടായി. പൊടുന്നനെ കൈയിൽ കരുതിയ കത്തി എടുത്തു അനീഷിനെ കുത്തി. കഴുത്തിന്റെ ഭാഗത്ത് ആഴത്തിലുള്ള നാലുകുത്താണ് അനീഷിനേറ്റത്. ബസിൽ ചുരുക്കം ചിലരായിരുന്നു ഉണ്ടായിയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന ഞെട്ടലിൽ നിന്ന് അവർ തിരിച്ചറിയും മുമ്പ് പ്രതി ഇറങ്ങി ഓടി. പീറ്റർ ബസിനുള്ളിൽ തന്നെ പിടഞ്ഞു മരിച്ചു.
ബസിൽ നിന്ന് ഇറങ്ങി ഓടുന്നതും, മൂലേപ്പാടം റോഡിലേക്കുള്ള ഇടവഴിയിലൂടെ ഓടുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് കിട്ടിയത്. അതിന് ചുവടുപിടിച്ച് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക്ക് വിദഗ്ദരെത്തി ബസില്‍ പരിശോധന നടത്തി. പ്രതിയുടേതെന്ന് കരുതുന്ന ഇരു ചക്ര വാഹനത്തിലും പരിശോധനയുണ്ടായിരുന്നു. ഒടുവിൽ വൈകിട്ട് മുട്ടത്തു നിന്നു പൊലീസ് പിടികൂടി. ബസിൽ യാത്രക്കാരായി 4 സ്ത്രീകളും ഒരു പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത്.