പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന ആരോപണം: മൂന്നുപേര്‍ പിടിയിൽ
കോണ്‍ഗ്രസിലെ സയ്യിദ് നസീര്‍ ഹുസൈന്‍ വിജയിച്ചതിന്റെ ആഘോഷത്തിലാണ് മുദ്രാവാക്യം വിളി ഉയര്‍ന്നത് എന്നാണ് ബിജെപി ആരോപണം.
ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്ന ആരോപണത്തില്‍ മൂന്നുപേര്‍ പിടിയിൽ. മുനവര്‍, മുഹമ്മദ് ഷാഫി, ഇംതിയാസ് എന്നിവരെയാണ് വിധാന്‍ സൗധ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ സയ്യിദ് നസീര്‍ ഹുസൈന്‍ വിജയിച്ചതിന്റെ ആഘോഷത്തിലാണ് മുദ്രാവാക്യം വിളി ഉയര്‍ന്നത് എന്നാണ് ബിജെപി ആരോപണം. ഫെബ്രുവരി 27നായിരുന്നു സംഭവം.
അതേസമയം, നസീര്‍ ഹുസൈന്‍ സിന്ദാബാദ് എന്നാണ് ഇവര്‍ വിളിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിന്റെ വീഡിയോ വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആരോപണം ശരിയാണെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. അന്വേഷണം നടക്കട്ടെ. ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യ വികസിച്ചിട്ടുണ്ട്. ഇതൊരു ഗൂഢാലോചനയായിരിക്കാമെന്നാണ് സംഭവത്തില്‍ നസീര്‍ ഹുസൈന്‍ പറഞ്ഞത്.