ബിരുദാനന്തര ബിരുദധാരികൾ, ജോലി അധ്യാപനം; സഹോദരങ്ങളടക്കം പിടിയിലായത് എംഡിഡിഎ, കഞ്ചാവ് കേസിൽ
അളവ് കൃത്യമാക്കി ചെറു പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഇതെന്നാണ് എക്സൈസിന്‍റെ അനുമാനം.
കോട്ടയം: കോട്ടയത്ത് നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ പിടിയില്‍. മൂന്നര ഗ്രാം എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ മൂന്നു പേരും ബിരുദാനന്തര ബിരുദധാരികളാണ്. ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശി ജെത്രോ വര്‍ഗീസ്,സഹോദരന്‍ ജുവല്‍ വര്‍ഗീസ് എന്നിവരും ഇവരുടെ സുഹൃത്ത് സോനു രാജുവുമാണ് അറസ്റ്റിലായത്.
ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ കണ്ട് സംശയം തോന്നി വാഹനം പരിശോധിക്കുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് സംഘത്തെ കണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് 3.5 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്.
അളവ് കൃത്യമാക്കി ചെറു പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഇതെന്നാണ് എക്സൈസിന്‍റെ അനുമാനം. അറസ്ററിലായ മൂന്നു പേരും ബിരുദാനന്തര ബിരുദധാരികളാണ്. അധ്യാപന ജോലിയടക്കം ചെയ്യുന്നവരാണ് ഇവരെന്നും എക്സൈസ് പറഞ്ഞു.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ശ്രീരാജും സംഘവുമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.