7 വയസുകാരിയെ 3 വർഷം പീഡിപ്പിച്ച കേസിൽ പരോളില്ലാതെ ജീവപര്യന്തം, 39കാരനെ ജയിൽ ചാടാന്‍ സഹായിച്ച് അമ്മ, തെരച്ചിൽ
ഡിഎന്‍ആർ 9145 എന്ന നമ്പർ പ്ലേറ്റോട് കൂടിയ കാറിൽ അമ്മയോടൊപ്പം ഇയാൾ രക്ഷപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇയാൾ ജയിലിന് പുറത്ത് എത്തിയത് എങ്ങനെയാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല
ടെക്സാസ്: ഏഴ് വയസുകാരിയെ മൂന്ന് വർഷം തുടർച്ചയായി പീഡിപ്പിച്ച കേസിൽ പരോൾ ഇല്ലാതെ ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ച കുറ്റവാളി ജയിൽ ചാടി. 2018 മുതൽ 2021 വരെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഇയാൾ ജയിലിലായത്. ടെക്സാസിലെ വിക്ടോറിയ ജയിലിൽ നിന്നാണ് റോബർട്ട് യാന്‍സി ജൂനിയർ എന്ന 39കാരനാ തടവുകാരന്‍ രക്ഷപ്പെട്ടത്. കറുത്ത വസ്ത്രമണിഞ്ഞ് അമ്മയോടൊപ്പം ഞായറാഴ്ചയാണ് ഇയാളെ കാണാതായത്.
ഡിഎന്‍ആർ 9145 എന്ന നമ്പർ പ്ലേറ്റോട് കൂടിയ കാറിൽ അമ്മയോടൊപ്പം ഇയാൾ രക്ഷപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇയാൾ ജയിലിന് പുറത്ത് എത്തിയത് എങ്ങനെയാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. നിസാന്‍ വേർസ കാറിലാണ് ഇയാൾ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്. ബ്രസോറിയ ജയിലിലെ ക്ലെമന്‍റ്സ് യൂണിറ്റിലായിരുന്നു ഇയാളെ തടവിലാക്കിയിരുന്നത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.30ഓടെയാണ് ഇയാളെ കാണാതായതെന്നാണ് അധികൃതർ വിശദമാക്കുന്നത്. 2022ലാണ് ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജൂണ്‍ മാസത്തിലായിരുന്നു ഇയാളുടെ ജീവപര്യന്തം തടവ് ശിക്ഷ ആരംഭിച്ചത്.
ഞായറാഴ്ച രാത്രി 8.30ഓടെ ഇയാളുടെ അമ്മ ലെനോർ പ്രീസ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജയിൽപുള്ളിയെ കണ്ടെത്താനായില്ല. മകനെ സുരക്ഷിതമായ എവിടെയോ എത്തിച്ച ശേഷമാണ് അമ്മ പിടിയിലായതെന്നാണ് സൂചന. ഇവർ ഓടിച്ച് പോയ വാഹനവും പൊലീസ് കണ്ടെത്തി. എന്നാൽ റോബർട്ട് യാന്‍സി ജൂനിയറിനെ കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസ് മുന്നറിയിപ്പും ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ വർഷം സെപ്തംബറിൽ സമീപ സംസ്ഥാനമായ പെന്‍സിൽവാനിയയിലും ജയിൽപുള്ളി തടവ് ചാടിയിരുന്നു. മലകയറാനുള്ള പരിശീലനത്തിലെ ടെക്നിക്കുകള്‍ ഉപയോഗിച്ചാണ് അഞ്ചടിയിലേറെ ഉയരമുള്ള മതിൽ ഞണ്ടിനേപ്പോലെ നടന്ന് കയറിയ കൊലക്കേസ് പ്രതിയെ 14 ദിവസത്തിന് ശേഷമാണ് കണ്ടെത്താനായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം