കാറിന്‍റെ എഞ്ചിനിൽ നിന്നും പെട്ടന്ന് ചൂടും പുകയും, പിന്നാലെ തീ; ഡോക്ടർ ദമ്പതിമാർ അത്ഭുതകരമായി രക്ഷപ്പെട്ടു
എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പിൽ വാഹനം നിർത്തുമ്പോഴേക്കും തീ പടർന്നിരുന്നു. ഉടനെ തന്നെ വാഹനം റോഡരുകിലേക്ക് നിർത്തി ചാടിയിറങ്ങിയതിനാൽ ജീവൻ തിരിച്ച് കിട്ടിയെന്ന് ഡോക്ടർ പ്രവീൺ കുമാറും ഭാര്യ ഡോ. സ്വപ്ന ഭാരതിയും പറയുന്നു.
(പ്രതീകാത്മക ചിത്രം)
സുൽത്താൻപൂർ: ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന ഡോക്ടർ ദമ്പതിമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡോക്ടർ പ്രവീൺ കുമാറും ഭാര്യ ഡോ. സ്വപ്ന ഭാരതിയുമാണ് വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പ്രവീൺ കുമാറും ഭാര്യയും പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് കാറിൽ പോകുന്ന വഴിയാണ് തീപിടിച്ചത്.
സുൽത്താൻപൂരിൽ വെച്ചാണ് കാറിന്‍റെ എഞ്ചിനിൽ നിന്നും തീ പടർന്നത്. ആദ്യം ശക്തമായ ചൂട് അനുഭവപ്പെട്ടു, പിന്നാലെ ബോണറ്റിനുള്ളിൽ നിന്നും പുകയുയർന്നു. എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പിൽ വാഹനം നിർത്തുമ്പോഴേക്കും തീ പടർന്നിരുന്നു. ഉടനെ തന്നെ വാഹനം റോഡരുകിലേക്ക് നിർത്തി ചാടിയിറങ്ങിയതിനാൽ ജീവൻ തിരിച്ച് കിട്ടിയെന്ന് ഡോക്ടർ പ്രവീൺ കുമാറും ഭാര്യ ഡോ. സ്വപ്ന ഭാരതിയും പറയുന്നു.
'തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാഹനം നിർത്താനായിരുന്നില്ലെങ്കിൽ കാറിനുള്ളിൽപ്പെട്ട് പോയേനെ'യെന്ന് ഡോ. സ്വപ്ന പറഞ്ഞു. രക്ഷപ്പെട്ടതിന് പിന്നാലെ പ്രവീണ്‍ ഫയർഫോഴ്സിൽ വിവരമറിയിച്ചു. വിവരമറിഞ്ഞയുടൻ സുരക്ഷാ ടീമും ആംബുലൻസും സ്ഥലത്തെത്തി. ഇതിന് പിന്നാലെ അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കാർ കത്തി നശിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ തീപിടിത്തതിന് കാരണം വ്യക്തമാകൂവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. ബരാബങ്കി ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമയാണ് ഡോ. പ്രവീൺ കുമാർ.
Read More : 'സാറേ... ന്യൂയർ പൊളിക്കാൻ ലീവ് വേണമെന്ന് ജീവനക്കാരൻ'; ഡബിൾ ഓക്കെ പറഞ്ഞ് സിഇഒ, വൈറലായി പോസ്റ്റ്