യുവാവിനെ കൊല്ലാൻ 25,000ത്തിന്റെ ക്വട്ടേഷൻ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരുക്ക്, പിടികൂടി നാട്ടുകാർ
കൂവക്കുടിയില്‍ ഫോണ്‍ ചെയ്ത് കൊണ്ട് നില്‍ക്കുകയായിരുന്ന അരുണിനെ രണ്ടംഗ സംഘം ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും കത്തിയും കൊണ്ട് അക്രമിക്കുകയായിരുന്നു.
തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ ആര്യനാട് പൊലീസിന്റെ കസ്റ്റഡിയില്‍.
വെള്ളനാട് കൂവക്കുടിയില്‍ ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. വെള്ളനാട് കൂവക്കുടി ലക്ഷം വീട് കോളനിയില്‍ അരുണി (25)നെയാണ് രണ്ടംഗ സംഘം അക്രമിച്ചത്. ഇത് തടയാനെത്തിയ മാതാവ് ലക്ഷ്മിയമ്മ(55)യെയും സംഘം അക്രമിച്ചു. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് അക്രമണം നടന്നത്. കൂവക്കുടിയില്‍ ഫോണ്‍ ചെയ്ത് കൊണ്ട് നില്‍ക്കുകയായിരുന്ന അരുണിനെ രണ്ടംഗ സംഘം ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും കത്തിയും കൊണ്ട് അക്രമിക്കുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ രക്ഷപെടുന്നതിനിടെ അക്രമികളില്‍ ഒരാള്‍ക്ക് നിലത്ത് വീണ് പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. 25,000 രൂപ വാങ്ങിയാണ് അരുണിനെ ആക്രമിക്കാന്‍ വന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അക്രമത്തിന് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരുക്കേറ്റ അരുണിനെയും മാതാവിനെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ അക്രമികളിലൊരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
ബസില്‍ എംഡിഎംഎ കടത്ത്; മധ്യവയസ്‌കന്‍ പിടിയില്‍
മാനന്തവാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തുന്നതിനിടെ മധ്യവയസ്‌കനെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് കേച്ചേരി എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി വീട്ടില്‍ കെ. ശ്രീജിഷ് (47) ആണ് പിടിയിലായത്. അമ്പത് ഗ്രാം എം.ഡി.എം.എ ആയിരുന്നു ഇയാള്‍ ചില്ലറ വില്‍പനക്കായി കടത്തിയിരുന്നത്. പോക്കറ്റിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ പത്തരയോടെ വാഹന പരിശോധന നടത്തുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ കെ. ജോണി, പി.ആര്‍. ജിനോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ ആയ കെ.എസ്. സനൂപ് എക്സൈസ് ഡ്രൈവര്‍ കെ.കെ. സജീവ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. തൊണ്ടി മുതലും പ്രതിയെയും കൂടുതല്‍ നടപടികള്‍ക്കായി മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി.