മാതൃത്വത്തിന് അപമാനം, ഒരു ദയയും അർഹിക്കുന്നില്ല: മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മക്കെതിരെ കോടതി

കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സഹോദരിയാണ് വിവരം പൊലീസിനെ അറിയിച്ചത്

Mother jailed on pocso rape case is shame to motherhood says pocso court kgn

തിരുവനന്തപുരം: പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അമ്മയ്ക്ക് എതിരെ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് അതിരൂക്ഷ വിമർശനം. തിരുവനന്തപുരത്ത് ഏഴ് വയസുകാരി മകളെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്ന അമ്മക്കെതിരെയാണ് കോടതിയുടെ അതിരൂക്ഷ വിമർശനം ഉണ്ടായത്. പ്രതി മാതൃത്വത്തിന് തന്നെ അപമാനമാണെന്നും യാതൊരു ദയയും അർഹിക്കുന്നില്ലെന്നും തിരുവനന്തപുരം പോക്സോ കോടതി വിധിന്യായത്തിൽ വിമർശിച്ചു. 40 വർഷം തടവും പിഴയുമാണ് അമ്മക്കെതിരെ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സഹോദരിയാണ് വിവരം പൊലീസിനെ അറിയിച്ചത്. കേസിൽ കുട്ടിയുടെ അമ്മയെയും കാമുകൻ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. ശിശുപാലനായിരുന്നു കേസിലെ ഒന്നാം പ്രതി. എന്നാൽ കേസിന്റെ വിചാരണ കാലയളവിൽ ഇയാൾ ജീവനൊടുക്കുകയായിരുന്നു. കേസിലെ അതിജീവിതയായ ഏഴ് വയസുകാരിയുടെ ബാല്യം അമ്മ കാരണം തകർന്നെന്ന് പോക്സോ കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ രക്ഷകർത്താവും സംരക്ഷകയുമായ അമ്മ കാരണമാണ് കുട്ടിയുടെ ബാല്യം തകർന്നത്. സന്തോഷമായി കഴിയേണ്ട കുട്ടിയുടെ ജീവിതം പ്രതിയുടെ പ്രവൃത്തി മൂലം നശിച്ചുവെന്നും കോടതി വിലയിരുത്തി. 

മാനസിക അസ്വാസ്ഥ്യമുള്ള ഭർത്താവിനെ ഉപേക്ഷിച്ചാണ് കേസിലെ പ്രതിയായ സ്ത്രീ കാമുകനുമൊത്ത്  താമസം തുടങ്ങിയത്. ഏഴു വയസ്സുകാരിയായ മകള്‍ അമ്മയക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. മൂത്ത കുട്ടി അച്ഛന്റെ അമ്മയ്ക്കൊപ്പമായിരുന്നു താമസം. 2018 മാർച്ച് മുതൽ 2019 സെപ്തംബർ വരെ ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ  കാണാനെത്തിയ മൂത്ത സഹോദരിയെയും അമ്മയുടെ കാമുകൻ പീഡിപ്പിച്ചു. അമ്മയ്ക്കൊപ്പം താമസിക്കുന്ന അനുജത്തി നിരന്തരമായി പീഡനം സഹിക്കുകയാണെന്ന കാര്യം മൂത്ത സഹോദരിയാണ് പുറത്ത് പറയുന്നത്. 

രണ്ടു കുട്ടികളെയും പൊലീസ് ഇടപെട്ട് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയായിരുന്നു. കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പറയുന്നത്. പള്ളിക്കൽ പൊലിസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പീഡന വിവരം അറിയിച്ചിട്ടും അമ്മ തടഞ്ഞില്ലെന്നും അമ്മയുടെ സാന്നിധ്യത്തിലും പീഡിപ്പിച്ചുവെന്നും ഇളയകുട്ടി മൊഴി നൽകി.  ഇളയ കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അമ്മയെ കൂടി പ്രതിയാക്കിയത്. അഡ്വ. ആർഎസ് വിജയമോഹനാണ് കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടറായി വാദിച്ചത്.

മൂത്ത കുട്ടിയെ പീഡിപ്പിച്ചതിന് ശിശുപാലനെ മാത്രമാണ് പ്രതി ചേർത്തത്. എന്നാൽ പ്രതി ജീവനൊടുക്കിയതോടെ മൂത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ വിചാരണ നിർത്തി. രണ്ടാമത്തെ കേസിലെ രണ്ടാം പ്രതിയായ അമ്മയുടെ വിചാരണ പൂർത്തിയാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. മകള്‍ അമ്മയ്ക്കെതിരെ മൊഴി നൽകിയിരുന്നു. മാനസികമായി തകർന്ന മൂത്ത കുട്ടിയെ വിചാരണ നടത്തിയില്ല. ഇപ്പോഴും ചിൽഡ്രൻസ് ഹോമിൽ കഴിയുന്ന രണ്ടും കുട്ടികൾക്കും ജില്ലാ ലീഗൽ സ‍ർവ്വീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios