'ഹെർബൽ പീജിയനി'ൽ അസ്വാഭാവിക തിരക്ക്; നിരീക്ഷണം, പിന്നാലെ മിന്നൽ പരിശോധന: കണ്ടെത്തിയത് 3 ലക്ഷത്തിന്റെ എംഡിഎംഎ
വൈറ്റിലയിൽ ഹെര്‍ബല്‍ പീജിയണ്‍ ആയുര്‍വേദ തെറാപ്പി ആന്‍ഡ് സ്പാ എന്ന മസാജ് പാര്‍ലര്‍ നടത്തി വരികയായിരുന്നു ലെനിൻ.
കൊച്ചി: കൊച്ചിയില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍. കാക്കനാട് കുസുമഗിരി സ്വദേശി ആഷില്‍ ലെനിന്‍ (25) ആണ് എക്‌സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 38 ഗ്രാം എംഡിഎംഎ, രണ്ട് ഗ്രാം ഹാഷിഷ് ഓയില്‍, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവയും മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന രണ്ട് സ്മാര്‍ട്ട് ഫോണുകളും, 9100 രൂപയും കസ്റ്റഡിയില്‍ എടുത്തതായി എക്‌സൈസ് അറിയിച്ചു.
'വൈറ്റില സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ ഹെര്‍ബല്‍ പീജിയണ്‍ ആയുര്‍വേദ തെറാപ്പി ആന്‍ഡ് സ്പാ എന്ന മസാജ് പാര്‍ലര്‍ നടത്തി വരികയായിരുന്നു ലെനിൻ. ഇതിന്റെ മറവിലായിരുന്നു മയക്ക് മരുന്ന് കച്ചവടം. സ്പായില്‍ അസ്വാഭാവികമായ തിരക്ക് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തുകയും കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധന നടത്തി മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു.' വിപണിയില്‍ മൂന്ന് ലക്ഷം രൂപയോളം മതിപ്പ് വിലയുള്ള ബ്രൗണ്‍ മെത്ത് വിഭാഗത്തില്‍ പെടുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു.
മസാജ് പാര്‍ലറുകളില്‍ രാസ ലഹരി ഉപയോഗിക്കപ്പെടുന്നതായുള്ള വിവരം എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ മസാജ് സെന്ററുകളില്‍ പരിശോധനകള്‍ നടന്നു വരികയാണെന്നും എക്‌സൈസ് പറഞ്ഞു. സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.പി പ്രമോദ്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി അജിത്ത് കുമാര്‍, സി.പി ജിനേഷ് കുമാര്‍, എം.ടി ഹാരിസ്, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി ടോമി, സി.ഇ.ഒമാരായ ടി.പി ജെയിംസ്, വിമല്‍ കുമാര്‍ സി.കെ, നിഷ എസ്, മേഘ വി.എം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
'മലയാളിയുടെ വിദേശ കുടിയേറ്റം ഗതികേട് കൊണ്ടല്ല...' കാരണം പറഞ്ഞ് മന്ത്രി രാജേഷ്