മദ്യപാനിയായ ഭർത്താവിനെ ഭയന്ന് മാറി താമസിച്ച് ഭാര്യയും മക്കളും, തിരികെയെത്താൻ ആവശ്യം, തർക്കം, കത്തിക്കുത്ത്
തിരികെ ഗ്രാമത്തിലേക്ക് എത്തണമെന്ന് ഇയാൾ ആവശ്യപ്പെട്ടത് യുവതി അനുസരിക്കാതെ വന്നതോടെയാണ് ഇയാൾ യുവതിയ കത്തിയെടുത്ത് കുത്തിയത്.
ദില്ലി: മദ്യപനായ ഭർത്താവിന്റെ ശല്യം സഹിക്കാതെ മാറി താമസിച്ച ഭാര്യയെ ഗുരുതരമായി കുത്തിപരിക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കി. യുവതിയെ ആക്രമിക്കുന്നതിനിടെ രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയ്ക്കും യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ദില്ലിയിലാണ് സംഭവം. അമിതാഭ് അഹിർവാർ എന്ന 27കാരനാണ് അക്രമം ചെയ്തത്.
ഒരുമാസം മുൻപാണ് ഉത്തർ പ്രദേശിലെ മഹോബയിൽ നിന്ന് 25കാരിയായ സീമ നാല് കുട്ടികളുമൊന്നിച്ച് ദില്ലിയിലെത്തിയത്. മദ്യപാനവും ചൂതാട്ടവും പതിവാക്കിയ ഭർത്താവിൽ നിന്ന് മാറി കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതവും തൊഴിലും ഉറപ്പാക്കാനായിരുന്നു ഇത്. ദില്ലിയിലെത്തിയ സീമ ഒരു വീട്ടിലെ ജോലിക്കാരിയാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അമിതാഭ് ഭാര്യയെ തിരഞ്ഞ് ദില്ലിയിലെത്തുന്നത്. ദില്ലിയിലെ ഒറ്റമുറി വാടക വീട്ടിൽ നിന്ന് തിരികെ ഗ്രാമത്തിലേക്ക് എത്തണമെന്ന് ഇയാൾ ആവശ്യപ്പെട്ടത് യുവതി അനുസരിക്കാതെ വന്നതോടെയാണ് ഇയാൾ യുവതിയ കത്തിയെടുത്ത് കുത്തിയത്.
പരിക്കേറ്റ് യുവതി സഹായം തേടി അടുത്ത വീട്ടിലേക്ക് എത്തുകയായിരുന്നു. യുവതിയെ പിന്തുടർന്നെത്തിയ അമിതാഭ് രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയേയും കുത്തുകയായിരുന്നു. ആളുകൾ ഓടിയെത്തിയപ്പോഴേയ്ക്കും ഇയാൾ കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. അമിതാഭ് - സീമ ദമ്പതികൾക്ക് 8 മുതൽ 2 വരെ പ്രായമുള്ള മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഉള്ളത്. ഒൻപത് വർഷമായി വിവാഹിതരാണ് സീമയും അമിതാഭും.
ജോലിയെടുക്കാതെ മദ്യപാനവും ചൂതാട്ടവും യുവാവ് പതിവാക്കിയതോടെയാണ് സീമ മധ്യപ്രദേശിലെ അവരുടെ വീട്ടിലേക്ക് എത്തിയിരുന്നു. ഇവിടെ നിന്ന് പിതാവിനൊപ്പമാണ് സീമ ദില്ലിയിലെത്തിയത്. സീമയുടെ സഹോദരി ഭർത്താവ് താമസിക്കുന്നതിന്റെ സമീപത്തായാണ് സീമയും അച്ഛനും താമസിച്ചിരുന്നത്. ദില്ലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സീമയുടെ അച്ഛൻ. പീതാംബുരയിലെ ജി പി ബ്ലോക്കിന് പിന്നിലുള്ള ചേരിയിലാണ് ഇവർ താമസിച്ചിരുന്നത്. നിലവിൽ രോഹിണിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സീമയും സീമയെ രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയായ രാജേഷിനും കത്തിക്കുത്തേറ്റിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം