ആദ്യം വിട്ടയച്ചു, ഫോണ്‍ വിളികൾ തെളിവായി, മയക്കുമരുന്ന് കേസില്‍ യുവാവ് അറസ്റ്റിൽ
ഫോണ്‍ വിളികളുടെയും ടവര്‍ ലൊക്കേഷനുകളുടെയും വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിച്ചതിന് പിന്നാലെയാണ് ആദ്യം വിട്ടയച്ച യുവാവിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്
കല്‍പ്പറ്റ: മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യംചെയ്ത് വിട്ടയച്ചയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ നാലിന് മുത്തങ്ങ ചെക്പോസ്റ്റില്‍ 98 ഗ്രാം എം.ഡി.എം.എയും പത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുത്ത കേസില്‍ പന്തീരാങ്കാവ് പെരുമണ്ണ പട്ടരുമറ്റത്തില്‍ അബ്ദുല്‍ഗഫൂറിനെയാണ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.
കേസില്‍ നേരത്തെ അറസ്റ്റിലായ ഫാസിര്‍ എന്നയാള്‍ അഞ്ചുമാസമായി റിമാന്റിലാണ്. അബ്ദുല്‍ ഗഫൂറിനെ വിട്ടയച്ചെങ്കിലും ഫാസിറുമായി ഇയാള്‍ക്കുള്ള പങ്കിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദമായി അന്വേഷിക്കുകയായിരുന്നു. ഫാസിറിന്റെയും അബ്ദുല്‍ഗഫൂറിന്റെയും ഫോണ്‍ വിളികളുടെയും ടവര്‍ ലൊക്കേഷനുകളുടെയും വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
അബ്ദുല്‍ ഗഫൂറിന്റെയും ഭാര്യയുടെയും ബാങ്ക് ഇടപാടുകളും പരിശോധനക്ക് വിധേസമാക്കി. തുടരന്വേഷണത്തിലാണ് ഫാസിറും അബ്ദുള്‍ഗഫൂറും ഒരുമിച്ചാണ് ബെംഗലുരുവില്‍ എത്തിയതെന്നും മടിവാളയില്‍ മുറിയെടുത്ത് പരസ്പരധാരണയോടെ തന്നെയാണ് എം.ഡി.എം.എ വാങ്ങിയതെന്നും കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് വാങ്ങുന്നതിനും മറ്റുമായി ഫാസിറിന് അബ്ദുല്‍ഗഫൂര്‍ സാമ്പത്തിക സഹായം നല്‍കിയതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്നാണ് അബ്ദുല്‍ഗഫൂറിനെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം