മദ്യപാനത്തിനിടെയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
ആഴത്തിൽ മുറിവേറ്റ ക്ലമെന്റ് മുറ്റത്ത് വീണപ്പോൾ വീണ്ടും തടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും, അടിവയറ്റിൽ ചവിട്ടി വൃഷ്ണത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു.
പത്തനംതിട്ട: കൂടെ താമസിച്ച യുവാവിനെ തടിക്കഷ്ണം കൊണ്ട് മർദ്ദിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 75000 രൂപ പിഴയും. തിരുവനന്തപുരം വട്ടപ്പാറ കഴുനാട് കിഴക്കേമുക്കോല മഞ്ഞാംകോട് കോളനിയിൽ പ്രകാശി(39)നെയാണ് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-1 ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്. കോന്നി പൊലീസ് 2011 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട ക്ലെമെന്റിന്റെ പിതാവിനോ മാതാവിനോ നൽകണം.
തിരുവനന്തപുരം വാമനപുരം സ്വദേശി ക്ലമെന്റി(30) നെ ഒപ്പം താമസിച്ച പ്രതി മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപ്പെടുത്തിയത്. പ്രകാശിനും മറ്റു തൊഴിലാളികൾക്കും ഒപ്പം താമസിച്ച് ടാറിങ് ജോലി ചെയ്യുകയായിരുന്നു ക്ലമെന്റ്. 2011 മേയ് 6 ന് പകൽ ഇരുവരും മദ്യപാനത്തിനിടെ വഴക്കുണ്ടായി. വൈകിട്ട് അടിപിടിയുമുണ്ടായി. നേരം വെളുക്കും മുമ്പ് പണി തരും എന്ന് പ്രകാശ് ക്ലമെന്റിനോട് പറഞ്ഞതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വഴക്കിട്ടതിലെ വിരോധം കാരണം പിറ്റേന്ന് പുലർച്ചെ 4 മണിയോടെ, വീടിന്റെ സിറ്റൗട്ടിൽ വച്ച് തടികഷ്ണം കൊണ്ട് തലക്കടിക്കുകയായിരുന്നു.
ആഴത്തിൽ മുറിവേറ്റ ക്ലമെന്റ് മുറ്റത്ത് വീണപ്പോൾ വീണ്ടും തടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും, അടിവയറ്റിൽ ചവിട്ടി വൃഷ്ണത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഒപ്പമുണ്ടായിരുന്നവരും മറ്റും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോന്നി എസ് ഐ മാരായിരുന്ന സാം ടി സാമുവൽ, എസ് ന്യൂമാൻ എന്നിവരും പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ടി എ അന്റണിയും അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി.