'ബലാത്സംഗ കേസ് പിൻവലിക്കാൻ അമ്മയോട് പറയണം'; പ്രതിയുടെ ഭീഷണി, എതിർത്ത 17കാരിക്ക് നേരെ ആസിഡ് ആക്രമണം
പെൺകുട്ടിയുടെ അമ്മ പ്രേം സിങ്ങിനെതിരെ ബലാത്സംഗ പരാതി നൽകിയിരുന്നു. ഈ കേസിൽ നിന്നും പിന്മാറണമെന്ന് അമ്മയോട് പറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം.
ദില്ലി: ദില്ലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം. ബലാത്സംഗ കേസിലെ പ്രതിയായാണ് ഇരയുടെ മകൾക്ക് നേരെ ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ ആസിഡ് കുടിച്ച് ഇയാൾ ജീവനൊടുക്കി.
ആനന്ദ് പർബത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദില്ലി സ്വദേശിയായ 54 കാരനായ പ്രേം സിങ് ആണ് പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.
ആസിഡ് ആക്രമണത്തിൽ പതിനേഴുകാരി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മ പ്രേം സിങ്ങിനെതിരെ ബലാത്സംഗ പരാതി നൽകിയിരുന്നു. ഈ കേസിൽ നിന്നും പിന്മാറണമെന്ന് അമ്മയോട് പറണമെന്ന് പ്രതി പെൺകുട്ടിയെ വീടിന് മുന്നിലെ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തി. 17 കാരി ഇക്കാര്യം നിരസിച്ചതോടെ കൈവശം കരുതിയിരുന്ന ആസിഡ് കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. നിസാര പൊള്ളലേറ്റ പെൺകുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി പൊലീസ് പറഞ്ഞു.
ബലാത്സംഗ പരാതിയിൽ കേസിന്‍റെ വിചാരണ നടപടി തുടങ്ങാനിരിക്കെയാണ് സംഭവം. വ്യാഴാഴ്ച രാവിലെ 7.30 ഓടെയാണ് പ്രതി പരാതിക്കാരിയുടെ വീടിന് മുന്നിലെത്തിയത്. റോഡിൽ വെച്ച് പരാതിക്കാരിയുടെ മകളെ തടഞ്ഞ് നിർത്തി കേസ് പിൻവലിക്കണമെന്നും ഇക്കാര്യം അമ്മയോട് ആവശ്യപ്പെടണമെന്നും പ്രേം സിങ് ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഭീഷണിക്ക് വഴങ്ങിയില്ല. ഇതോടെ ഇയാൾ പെൺകുട്ടിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. ഇതിനിടെ സംഭവ സ്ഥലത്ത് നിന്നും മുങ്ങിയ പ്രതി ആസിഡ് കുടിച്ച് ജീവനൊടുക്കുകയായിരുന്നു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രേം സിംങെന്ന് പൊലീസ് അറിയിച്ചു.