പള്ളിയുടെ സംഭാവനപ്പെട്ടി പൊളിക്കാന്‍ ശ്രമം: നാട്ടുകാര്‍ കണ്ടതോടെ ഒളിച്ചത് വാട്ടര്‍ ടാങ്കില്‍, അറസ്റ്റ്
ആലത്തൂര്‍പ്പടി ജുമ മസ്ജിദിന്റെ സംഭാവനപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താനാണ് മുജീബ് ശ്രമിച്ചതെന്ന് പൊലീസ്.
മലപ്പുറം: പള്ളിയുടെ സംഭാവനപ്പെട്ടി പൊളിച്ച് പണം കവരാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കണ്ണൂര്‍ കക്കാട് സ്വദേശി മുജീബ് (35) ആണ് പിടിയിലായത്. ആലത്തൂര്‍പ്പടി ജുമ മസ്ജിദിന്റെ സംഭാവനപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താനാണ് മുജീബ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെയാണ് പള്ളി കമ്മിറ്റി പള്ളിയുടെ മുന്നില്‍ സ്ഥാപിച്ച സംഭാവനപ്പെട്ടിയിലെ പണം മോഷ്ടിക്കാന്‍ ശ്രമം നടന്നത്. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് രണ്ടുപേര്‍ സംഭാവനപ്പെട്ടിയുടെ പൂട്ട് തകര്‍ക്കുന്നത് ആദ്യം കണ്ടത്. ഇവര്‍ ഉടനെ സമീപത്തെ രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കടക്കാരന്‍ സമീപവാസികളെ വിവരം അറിയിക്കുയായിരുന്നു. നാട്ടുകാര്‍ മോഷണശ്രമം അറിഞ്ഞെന്ന് മനസിലാക്കിയ പ്രതികള്‍ ഓടിയൊളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ സിസി ടിവിയുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയപ്പോള്‍ ഒരാള്‍ പള്ളിയുടെ സമീപമുള്ള കെട്ടിടത്തിലെ വാട്ടര്‍ ടാങ്കില്‍ കയറി ഒളിച്ചതായി മനസിലാക്കി. ഉടനെ മലപ്പുറം പൊലീസിനെ നാട്ടുകാര്‍ വിവരം അറിയിച്ചു. പൊലീസ് സാന്നിധ്യത്തില്‍ തന്നെ പ്രതിയെ ടാങ്കില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇതിനിടെ മുജീബിന്റെ കൂടെയുണ്ടായിരുന്ന മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ഐ.പി.സി 511, ഐ.പി.സി 380 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. സമാനമായ കേസുകളില്‍ നേരത്തെയും ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.