ചെക്ക് പോസ്റ്റിന് മുന്നേയിറങ്ങി മുങ്ങാന്‍ ശ്രമം, 37കാരനിൽ നിന്ന് പിടികൂടിയത് ലക്ഷങ്ങൾ വിലയുള്ള കഞ്ചാവ്
ഉദിയൻകുളങ്ങരയിൽ ഇറങ്ങി മറ്റൊരു ബസ്സിൽ കയറി പോകുന്നതിനിടയിൽ റൂറൽ എസ്.പിയുടെ ആന്റി നാർകോട്ടിക് സ്ക്വാഡ് ആണ് ഇയാളെ ഓടിച്ചിട്ടു പിടികൂടിയത്.
തിരുവനന്തപുരം: ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആഡംബര ബസ്സിൽ നിന്നും ഇറങ്ങിയ യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടികൂടി. തിരുവനന്തപുരം ആനയിറ വെൺപ്പാലവട്ടം സ്വദേശി വിനോദ് (37) ആണ് ഉദിയൻകുളങ്ങരയിൽ ഇറങ്ങി മറ്റൊരു ബസ്സിൽ കയറി പോകുന്നതിനിടയിൽ പിടികൂടിയത്. റൂറൽ എസ്.പിയുടെ ആന്റി നാർകോട്ടിക് സ്ക്വാഡ് ആണ് ഇയാളെ ഓടിച്ചിട്ടു പിടികൂടിയത്.
ദേശീയപാതയിലെ അമരവിള ചെക്പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവുമായി വന്ന വിനോദ് ചെക്ക് പോസ്റ്റിന് രണ്ടു കിലോമീറ്റർ മുന്നിലായി ഇറങ്ങിയത് എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് പരിശോധനയിൽ നാല് കിലോയോളം കഞ്ചാവാണ് കണ്ടെത്തിയത്.
ഡിസംബർ ആദ്യവാരത്തിൽ ക്രിസ്തുമസ്, ന്യൂ ഇയർ അനുബന്ധിച്ച് വ്യാപകമായ രീതിയിൽ സംസ്ഥാനത്തേക്ക് കഞ്ചാവും മയക്കുമരുന്നുകളും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നത് തടയാനായി നടത്തിയ പരിശോധനയിൽ മോഷണക്കേസ് പ്രതിയെ കഞ്ചാവുമായി പിടികൂടിയിരുന്നു. തിരുവനന്തപുരം കാരോട് ബൈപ്പാസിൽ വാഹന പരിശോധനയിലാണ് വലിയ തോതിൽ കഞ്ചാവ് പിടികൂടിയത്. ചെങ്കൽചൂള സ്വദേശി ശരത്തിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോയിലധികം കഞ്ചാവുമായി ഓട്ടോറിക്ഷയിലാണ് ശരത്ത് എത്തിയത്.
ലഹരി മാഫിയകൾ ചെക്ക് പോസ്റ്റുകളിലെ കർശന പരിശോധനകളിൽ നിന്നും ഒഴിവാക്കുന്നതിലേക്കായി കാരോട് കഴക്കൂട്ടം ബൈപ്പാസ് കടത്തിനായി ഉപയോഗിക്കുന്നത് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെമു ടീം ബൈപ്പാസിലെ വിവിധ ഇടങ്ങളിലായി കർശനമായ രീതിയിൽ വാഹന പരിശോധന നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം