തമിഴ്നാട് സ്വദേശികളായ 4 സ്ത്രീകൾ; കുക്കറും ഫാനും ഓട്ടുവിളക്കുമടക്കം സകലതും പൊക്കി, വൻ മോഷണം, റിമാൻഡിൽ
ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് അകത്ത് കയറിയ സംഘംവീട്ടിലുണ്ടായിരുന്ന സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു.
കോട്ടയം: കോട്ടയം ആനിക്കാട് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ സ്ത്രീകളെ റിമാൻഡ് ചെയ്തു. തമിഴ്നാട് സ്വദേശികളായ നാല് പേരാണ് പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട് തേനി സ്വദേശിയായ 49കാരി പൊന്നമ്മാൾ ശെൽവത്തിന്‍റെ നേതൃത്വത്തിലുള്ള മോഷണ സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കൂട്ടാളികളായ 35 കാരി അഞ്ജലി, 22കാരി നാഗജ്യോതി, തിരുച്ചിറപ്പള്ളി സ്വദേശി 28കാരി ചിത്ര എന്നിവരും പിടിയിലായിരുന്നു.
പള്ളിക്കത്തോടിന് സമീപമുള്ള ആനിക്കാട്ടെ വീട്ടിലാണ് നാലംഗ സംഘം മോഷണം നടത്തിയത്. ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് അകത്ത് കയറിയ സംഘംവീട്ടിലുണ്ടായിരുന്ന സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. പഴയ കുക്കറുകളും ഫാനും ഓട്ടവിളക്കും, അലുമിനിയം പാത്രങ്ങളുമടക്കം നിരവധി വീട്ടുസാധനങ്ങൾ ഇവർ മോഷ്ടിച്ചു. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
തുടർന്ന് വീട്ടുടമ പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് തമിഴ്നാട് സ്വദേശികളായ സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊന്നമ്മാൾ ശെൽവത്തെയും അഞ്ജലിയെയും നാഗജ്യോതിയെയും ചിത്രയെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ മോഷണ മുതൽ കണ്ടെടുക്കാനും പൊലീസിനായി. കോടതിയിൽ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു.
Read More : ജനം ക്ഷമയുടെ നെല്ലിപ്പലക കണ്ടു, വയോധികയുടെ മരണത്തിന് ഉത്തരവാദി കഴിവുകെട്ട സര്‍ക്കാർ; വിമർശിച്ച് സതീശൻ