ലക്ഷ്യമിട്ടത് കൂടുതല്‍ കുട്ടികളെയോ, കേസിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തമുണ്ടോ? വ്യക്തത തേടി അന്വേഷണ സംഘം
പ്രതികൾ കൂടുതൽ കുട്ടികളെ ലക്ഷ്യം വച്ചിരുന്നുവെന്ന സൂചന ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മൂന്നാം പ്രതി അനുപമയുടെ നോട്ട് ബുക്കിൽ നിന്ന് ഇക്കാര്യത്തിൽ ചില വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് കിട്ടി.
കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ നേരത്തെ മറ്റ് ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് സൂചന. തട്ടിക്കൊണ്ടുപോകലിനുള്ള കാരണം, കൂടുതൽ ആളുകളുടെ പങ്കാളിത്തം എന്നിവയിൽ വ്യക്തത തേടുകയാണ് അന്വേഷണ സംഘം. നാളെ പ്രതികളുമായി തെളിവെടുപ്പ് നടത്തും.
പ്രതികൾ കൂടുതൽ കുട്ടികളെ ലക്ഷ്യം വച്ചിരുന്നുവെന്ന സൂചന ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മൂന്നാം പ്രതി അനുപമയുടെ നോട്ട് ബുക്കിൽ നിന്ന് ഇക്കാര്യത്തിൽ ചില വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് കിട്ടി. കൃത്യമായ പദ്ധതി ഒരുക്കിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമാകുന്ന വിവരങ്ങൾ ചോദ്യം ചെയ്യലിലും ലഭിച്ചു. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തുടർച്ചയായ രണ്ടാം ദിനവും മൂന്ന് പ്രതികളെയും ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന പ്രതികളുടെ മൊഴിയിൽ ചുരുളഴിക്കാനായിട്ടില്ല. പ്രതികളുടെ ആസ്തി, ബാധ്യത എന്നിവ വിശദമായി പരിശോധിക്കുകയാണ്.
മറ്റാരുടേയെങ്കിലും സഹായമോ പ്രേരണയോ സംഘത്തിന് കിട്ടിയിട്ടുണ്ടോയെന്നതിലും വ്യക്തത വരുത്തും. നാളെ വിവിധ സ്ഥലങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന് ശേഷം വീണ്ടും ചോദ്യം ചെയ്യും. ഏഴ് ദിവസത്തേക്കാണ് കൊട്ടാരക്കര കോടതി പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്‍റെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യം.
ആ ഉപദേശങ്ങള്‍ എന്റേതല്ല; തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ 'ഡീപ് ഫേക്കേന്ന്' രത്തന്‍ ടാറ്റയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പുമായി പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. നഷ്ട സാധ്യതകളില്ലാത്തതും നൂറ് ശതമാനം നേട്ടം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് രത്തന്‍ ടാറ്റയുടെ 'ഉപദേശങ്ങള്‍' വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബുധനാഴ്ച രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ പേരിലുള്ള വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സോന അഗര്‍വാള്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നുള്ള വീഡിയോയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിക്ഷേപങ്ങള്‍ രത്തന്‍ ടാറ്റ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖമാണ് വ്യാജമായി തയ്യാറാക്കിയിരിക്കുന്നത്. ഈ വ്യാജ വീഡിയോയില്‍ സോന അഗര്‍വാളിനെ തന്റെ മാനേജറായി അവതരിപ്പിച്ചുകൊണ്ട് രത്തന്‍ ടാറ്റ സംസാരിക്കുന്നതായാണ് ചിത്രീകരണം.
ഇന്ത്യയിലുള്ള എല്ലാ ഓരോരുത്തരോടും രത്തന്‍ ടാറ്റ നിര്‍ദേശിക്കുന്ന കാര്യം എന്ന തരത്തില്‍ തലക്കെട്ട് കൊടുത്തിട്ടുണ്ട്. 100 ശതമാനം ഗ്യാരന്റിയോടെ മറ്റ് റിസ്കുകള്‍ ഒട്ടുമില്ലാതെ നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ഇതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ചാനല്‍ സന്ദര്‍ശിക്കാനും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ ആവശ്യപ്പെടുന്നു. നിരവധിപ്പേര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പണം തങ്ങളുടെ അക്കൗണ്ടുകളില്‍ വന്നതായി കാണിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും വീഡിയോയില്‍ ഉള്‍പ്പെടുന്നുണ്ട്.