ജസ്നയുടെ തിരോധനം; കേരള പൊലീസിനെ തള്ളി സിബിഐ, നിർണായക മണിക്കൂറുകൾ കളഞ്ഞുവെന്ന് ആക്ഷേപം

നിർണായകമായ മണിക്കൂറുകൾ പൊലീസ് കളഞ്ഞുവെന്ന് സിബിഐ വിമര്‍ശിച്ചു. 48 മണിക്കൂറിനുള്ളിൽ പൊലീസ് ഒന്നും ചെയ്തില്ല. ഒരാഴ്ച കഴിഞ്ഞാണ് അന്വേഷണം ഊർജിതമാക്കിയതെന്നും സിബിഐ പറയുന്നു.

Jesna missing case CBI Aagainst kerala police nbu

തിരുവനന്തപുരം: ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചെന്നായിരുന്നു പൊലീസ് അന്വേഷണത്തിൽ പറഞ്ഞത്. എന്നാല്‍, അങ്ങനെ ഒരു തെളിവും ലഭിച്ചിരുന്നില്ലെന്ന് സിബിഐ പറയുന്നു. നിർണായകമായ മണിക്കൂറുകൾ പൊലീസ് കളഞ്ഞുവെന്ന് സിബിഐ വിമര്‍ശിച്ചു. 48 മണിക്കൂറിനുള്ളിൽ പൊലീസ് ഒന്നും ചെയ്തില്ല. ഒരാഴ്ച കഴിഞ്ഞാണ് അന്വേഷണം ഊർജിതമാക്കിയതെന്നും സിബിഐ പറയുന്നു. ജസ്നയുടെ അച്ഛനോ സുഹൃത്തിനോ തിരോധാനത്തിൽ ഒരു പങ്കുമില്ലെന്ന് സിബിഐ വ്യക്തമാക്കി.

കോട്ടയം എരുമേലിയില്‍ നിന്ന് കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് കോടതിയിൽ സിബിഐ സമര്‍പ്പിച്ച റിപ്പോർട്ടിലാണ് കേരള പൊലീസിനെതിരായ പരാമര്‍ശങ്ങള്‍ ഉള്ളത്. രണ്ട് പേരെ ശാസ്ത്രീയ പരിശോധന നടത്തിയെന്നും മത പരിവർത്തന കേന്ദ്രങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തിയെന്നും സിബിഐ കോടതിയെ അറിയിച്ചു. ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. ജെസ്ന തിരോധാനം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടർ അന്വേഷണം നടത്താമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു തിരോധാനം. കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. 

Latest Videos
Follow Us:
Download App:
  • android
  • ios