'കോയമ്പത്തൂരിൽ സ്വന്തം തുണിക്കമ്പനി, ഇരട്ടി ലാഭം'; കൊച്ചിക്കാരി രമ്യയുടെ വാക്ക് വിശ്വസിച്ചു, പോയത് 85 ലക്ഷം!
കോയമ്പത്തൂരിലുള്ള തന്‍റെ തുണിക്കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം തിരിച്ച് നൽകാമെന്ന് ധരിപ്പിച്ചാണ് തമ്മനം സ്വദേശിയായ രമ്യ ഷിയാസ് നാട്ടുകാരിൽ നിന്ന് പണം തട്ടിയെടുത്തതെന്നാണ് പരാതി.
കൊച്ചി: കോയമ്പത്തൂരിലെ തുണിക്കമ്പനിയുടെ പേരിൽ വീട്ടമ്മമാരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് യുവതി 85 ലക്ഷംരൂപ തട്ടിയെന്ന് പരാതി. കോൺഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്‍റ് രമ്യ ഷിയാസിനെതിരെയാണ് 40 ലേറെ പേർ പരാതിയുമായി രംഗത്ത് വന്നത്. ചേരാനെല്ലൂർ പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടത്തുന്നതായും പരാതിക്കാർ ആരോപിച്ചു. എറണാകുളം ചേരാനെല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ വീട്ടമ്മമാരടക്കമുള്ളവർ പ്രതിഷേധവുമായെത്തിതോടെയാണ് രമ്യ ഷിയാസിന്‍റെ മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായത്.
കഴിഞ്ഞ മൂന്ന് വർഷമായി പ്രദേശത്ത് വൻ സാന്പത്തിക തട്ടിപ്പ് നടത്തിയ സ്ത്രീയ്ക്കെതിരെ മാസങ്ങൾക്ക് മുൻപ് തന്നെ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. ഇതോടെയാണ് തട്ടിപ്പിനിരയായവർ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പരാതിക്കാർ കൂട്ടതോടെ സ്റ്റേഷനിലെത്തിയതോടെ ഒടുവിൽ പൊലീസിന് മൊഴി എടുക്കേണ്ടിവന്നു. കോയമ്പത്തൂരിലുള്ള തന്‍റെ തുണിക്കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം തിരിച്ച് നൽകാമെന്ന് ധരിപ്പിച്ചാണ് തമ്മനം സ്വദേശിയായ രമ്യ ഷിയാസ് നാട്ടുകാരിൽ നിന്ന് പണം തട്ടിയെടുത്തതെന്നാണ് പരാതി.
രമ്യയുടെ വാക്ക് വിശ്വസിച്ച് പണം നിക്ഷേപിച്ചവർ പലരും തൊഴിലുറപ്പ് തൊഴിലാളികളും മറ്റ് കൂലിപ്പണിക്കാരുമാണ്. സ്വർണ്ണാഭരണങ്ങൾ വിറ്റും, കുടുംബശ്രീ ലോൺ എടുത്തുമാണ് പലരും രമ്യയ്ക്ക് പണം നൽകിയത്. ആദ്യ മാസങ്ങളിൽ ചിലർക്ക് നേരിയ ലാഭവും നൽകി. ഇതോടെ വിശ്വാസം കൂടുകയും തട്ടിപ്പ് വളരുകയുമായിരുന്നു. കഴിഞ്ഞ ഏതാനും മാസമായി പണം നൽകിയ നിക്ഷേപകർക്ക് രമ്യ വാഗ്ദാനം ചെയ്ത പണം ഒന്നും ലഭിക്കുന്നില്ല. ഇതോടെയാണ് ഇവർ തട്ടിപ്പ് തിരിച്ചറിയുന്നത്. തട്ടിപ്പിനെക്കുറിച്ച് സോഷ്യൽ മീഡിയവഴി പ്രചാരണം നടത്തിയ പ്രവീൺ എന്നയാളെ രമ്യയും ഭർത്താവും വീട് കയറി ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നാല് കേസുകൾ റജിസ്റ്റർ ചെയ്തെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അതേസമയം പരാതിയെക്കുറിച്ച് പ്രതികരിക്കാൻ രമ്യ ഷിയാസ് തയ്യാറായിട്ടില്ല.