ദില്ലി ബർഗർ കിംഗ് വെടിവയ്പിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പക, വെളിപ്പെടുത്തലുമായി ഇന്ത്യൻ വംശജൻ
നിലവിൽ തിഹാർ ജയിലുള്ള കുറ്റവാളിയായ നവീൻ ബലിയും താനും ചേർന്നാണ് ചൊവ്വാഴ്ച ദില്ലിയിലെ രജൌരി ഗാർഡനിൽ വച്ച് നടന്ന അക്രമം നടത്തിയതെന്നാണ് ഇയാൾ അവകാശപ്പെടുന്നത്
ദില്ലി: ദില്ലിയിൽ ബർഗർ കിങ് റെസ്റ്റോറസ്റ്റില്‍ വച്ച് ഹരിയാന സ്വദേശിയായ ഗുണ്ടയെ വെടിവെച്ച് കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യുവാവ്. പോര്‍ച്ചുഗലില്‍ താമസിക്കുന്ന ഇന്ത്യൻ വംശജനാണ് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനിടെ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിന് പിന്നാലെയുള്ള ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വിവിധ കേസുകളിൽ വാണ്ടഡ് ലിസ്റ്റുകളിൽ ഉൾപ്പെട്ടതിന് പിന്നാലെ പോർച്ചുഗലിലേക്ക് നാടുവിട്ട ഹിമാൻഷു ഭായ് എന്നയാളാണ് ആക്രമണത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്.
നിലവിൽ തിഹാർ ജയിലുള്ള കുറ്റവാളിയായ നവീൻ ബലിയും താനും ചേർന്നാണ് ചൊവ്വാഴ്ച ദില്ലിയിലെ രജൌരി ഗാർഡനിൽ വച്ച് നടന്ന അക്രമം നടത്തിയതെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ദില്ലി രജൌരി ഗാർഡനിലുള്ള ബർഗർ കിംഗിന്റെ ഔട്ട്ലെറ്റിൽ 40 ലെറെ തവണയാണ് വെടിയുതിർക്കപ്പെട്ടത്. ഒരാളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശക്തി ദാദ എന്നയാളുടെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ചൊവ്വാഴ്ചത്തെ സംഭവമെന്നാണ് സൂചന. ശക്തി ദാദയെ കൊലപ്പെടുത്തിയവരെയെല്ലാം ഉടൻ തന്നെ ആക്രമിക്കുമെന്നാണ് ഹിമാൻഷു സമൂഹമാധ്യമങ്ങളിൽ അവകാശപ്പെട്ടത്.
ഇന്റർപോൾ ഹിമാൻഷുവിനായി റെഡ് കോർണർ നോട്ടീസ് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഹിമാൻഷുവിന്റെ നിർദ്ദേശത്തിൽ പശ്ചിമ ദില്ലിയിൽ കാറിന് നേരെ വെടിവച്ചയാളെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നിരുന്നു. ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പ്രധാന എതിരാളികളിലൊരാളാണ് ഹിമാൻഷു. ദില്ലിയിലും ഹരിയാനയിലുമായി നിരവധി അക്രമ സംഭവങ്ങളാണ് ഹിമാൻഷുവിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം