നാട് വിട്ട മകനെ സന്യാസ ജീവിതത്തിൽ നിന്ന് മോചിപ്പിക്കാൻ 10 ലക്ഷം, കാത്തിരിപ്പിന്റെ വേദന വഞ്ചനയുടെ നീറ്റലിലേക്ക്
സന്യാസം ഉപേക്ഷിക്കാൻ 10 ലക്ഷം രൂപ വേണമെന്ന മകന്റെ നിർദേശം അനുസരിച്ച് ഗ്രാമത്തിലെ സ്ഥലം വിറ്റാണ് പിതാവ് പണം കണ്ടെത്തിയത്. എന്നാൽ നേരിട്ട് എത്താതെ ജി പേയിലൂടെയോ ബാങ്ക് അക്കൌണ്ടിലൂടെ മാത്രമോ പണം കൈമാറാൻ മകൻ ആവശ്യപ്പെട്ടതോടെയാണ് വീട്ടുകാർക്ക് ചതിയുടെ സംശയം തോന്നിയത്
ലക്നൌ: 22 വർഷം മുമ്പ് നാടുവിട്ട 11 വയസ്സുകരാൻ സന്ന്യാസിയായി വീട്ടിൽ തിരിച്ചെത്തിയ സംഭവത്തിൽ വലിയ ട്വിസ്റ്റ്. വലിയ രീതിയിൽ വഞ്ചിക്കപ്പെട്ടതായാണ് കുടുംബം വിശദമാക്കുന്നത്. വർഷങ്ങളായി മകനെ കാണാതിരുന്ന് കണ്ടെത്തിയതിലെ അമ്മയുടെ സന്തോഷം ചതിയുടെ നീറ്റലിലേക്ക് മാറിയത് ഏറെ താമസമില്ലാതെയാണ്. കഴിഞ്ഞ മാസമാണ് 11ാം വയസിൽ വീട് വിട്ട് പോയ മകൻ പിങ്കുവിനെ ദില്ലി സ്വദേശിയായ ഭാനുമതി സന്യാസിയുടെ രൂപത്തിൽ കണ്ടെത്തിയത്.
ഭാനുമതിmയുടെ ഭർത്താവ് രതിപാൽ സിംഗും മകനെ കാണുന്നതും മകന സാരംഗി വായിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി എത്തിയത്. ജനുവരി 27നായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. ലോകസുഖങ്ങൾ ത്യജിച്ചതായും ജാർഖണ്ഡിലെ പ്രശാന്ത് മഠത്തിലേക്ക് മടങ്ങുന്നതായും പിങ്കു അറിയിക്കുകയും ചെയ്തു. അയോധ്യ സന്ദർശിച്ച് മാതാപിതാക്കളിൽ നിന്ന് ഭിക്ഷ സ്വീകരിച്ചാലേ ദീക്ഷ പൂർണമാകൂവെന്നാണ് ഗുരു വിശദമാക്കിയതെന്നാണ് പിങ്കു മാതാപിതാക്കളോട് വിശദമാക്കിയത്. ആദ്യം എതിർത്തെങ്കിലും മകന്റെ ആഗ്രഹത്തിന് മാതാപിതാക്കൾ അനുവാദം നൽകുകയായിരുന്നു. പിന്നാലെ ഗ്രാമവാസികളിൽ നിന്നെല്ലാമായി 13 ക്വിന്റലോളം ഭക്ഷ്യധാന്യങ്ങളും 11000 രൂപയും രതിപാൽ പിങ്കുവിന് നൽകിയിരുന്നു.
പരസ്പരം ബന്ധം തുടരാനായി രതിപാൽ മകന് ഒരു ഫോണും നൽകിയിരുന്നു. ഫെബ്രുവരി 1നാണ് പിങ്കു ആശ്രമത്തിലേക്ക് മടങ്ങിയത്. എന്നാൽ ഇതിന് ശേഷം മാതാപിതാക്കളുടെ അടുക്കലേക്ക് മടങ്ങിയെത്തണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച് പിങ്കു നിരന്തരം ഫോൺ ചെയ്യാനാരംഭിച്ചു. പത്ത് ലക്ഷം രൂപ നൽകാതെ മഠാധിപതികൾ വീട്ടിലേക്ക് വിടില്ലെന്നാണ് പിങ്കു രതിപാൽ സിംഗിനോട് വിശദമാക്കിയത്. മകനെ തിരികെ കിട്ടാനായി ഗ്രാമത്തിലെ സ്ഥലം വിറ്റാണ് രതിപാൽ സിംഗ് പണം സമാഹരിച്ചത്. ഇതിന് ശേഷം പണവുമായി ജാർഖണ്ഡിലെ ആശ്രമത്തിലേക്ക് വരുന്നതായി രതിപാൽ സിംഗ് പിങ്കുവിനെ അറിയിച്ചു. എന്നാൽ വീട്ടുകാർ ആശ്രമത്തിലേക്ക് വരുന്നതിനെ പിങ്കു പലവിധ കാരണങ്ങൾ നിരത്തി എതിർക്കാൻ തുടങ്ങി. വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്ന കാരണങ്ങൾ മകൻ പറയാൻ തുടങ്ങിയതോടെയാണ് പിതാവിന് സംശയം തോന്നിയത്. പിന്നാലെ പിതാവ് പൊലീസ് സഹായം തേടുകയും ചെയ്തു. പൊലീസ് അന്വേഷണത്തിലാണ് കുടുംബം ചെന്ന് ചാടിയ വൻ തട്ടിപ്പ് പുറത്ത് വന്നത്.
ജാർഖണ്ഡിൽ മകൻ ദീക്ഷ സ്വീകരിച്ചെന്ന് അവകാശപ്പെട്ട പേരിൽ മഠമില്ലെന്ന് തിരിച്ചറിഞ്ഞതോടെ രതിപാൽ സിംഗും ഞെട്ടി. പിന്നാലെ ശനിയാഴ്ച രതിപാൽ സിംഗ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. പിങ്കു എന്ന പേരിൽ കുടുംബത്തെ പറ്റിച്ചത് മറ്റൊരാളെന്നാണ് പൊലീസ് വിശദമാക്കുന്നത്. വലിയൊരു സംഘത്തിന്റെ തട്ടിപ്പിൽ നിന്നാണ് കുടുംബം കഷ്ടിച്ച് രക്ഷപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 2021 ജൂലൈ മാസത്തിൽ സമാനമായ രീതിയിൽ മറ്റൊരു കുടുംബത്തെയും സംഘം പറ്റിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം