Asianet News MalayalamAsianet News Malayalam

'എന്‍റെ പിള്ളേരെ വിട്ടയച്ചില്ലെങ്കിൽ സ്റ്റേഷനിൽ ബോംബ് വയ്ക്കും'; പൊലീസിന് സാജന്‍റെ ഭീഷണി

തന്റെ അനുയായികളായ കുട്ടികളെ വിട്ടയച്ചില്ലെങ്കിൽ ഈസ്റ്റ് സ്റ്റേഷനിൽ ബോംബ് വയ്ക്കുമെന്നാണ് സാജന്‍റെ  ഭീഷണി.

gangster sajan with threatening says Police station will be bombed if followers are not released
Author
First Published Jul 8, 2024, 7:02 PM IST | Last Updated Jul 8, 2024, 8:17 PM IST

തൃശൂര്‍: ആവേശം മോഡല്‍ ജന്മദിനാഘോഷം മുടക്കിയതിന് പൊലീസിനെതിരെ ഭീഷണി സന്ദേശവുമായി ഗുണ്ട സാജന്‍. തന്റെ അനുയായികളായ കുട്ടികളെ വിട്ടയച്ചില്ലെങ്കിൽ ഈസ്റ്റ് സ്റ്റേഷനിൽ ബോംബ് വയ്ക്കുമെന്നാണ് തീക്കാറ്റ് സാജൻ എന്ന് വിളിപ്പേരുള്ള ഗുണ്ടയുടെ ഭീഷണി. ഫോൺ സന്ദേശമായാണ് ഭീഷണി എത്തിയത്. ഇതിന് പിന്നാലെ സാജനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സാജന്‍റെ പുത്തൂരിലെ വീട്ടിലും ഉറ്റ അനുയായികളുടെ വീട്ടിലും തൃശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് റെയ്ഡ് നടത്തി.

24 വയസ്സിനുള്ളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ പത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പുത്തൂര്‍ സ്വദേശിയായ സാജന്‍. അനുയായികള്‍ക്കൊപ്പം തെക്കേഗോപുര നടയില്‍ തൻ്റെ ജന്മദിനം ആഘോഷിക്കാന്‍ പുറപ്പെട്ടതോടെയാണ് പണിപാളിയത്. കാര്യം മണത്തറിഞ്ഞ പൊലീസ് ആഘോഷത്തിനെത്തിയ 32 പേരെ കസ്റ്റഡിയിലെടുത്തു. കൂട്ടാളികള്‍ അകത്തായതോടെ മാസ് എന്‍ട്രിക്ക് തയാറെടുത്തിരുന്ന സാജന്‍ മുങ്ങുകയായിരുന്നു. രാത്രി ഒളിത്താവളത്തില്‍ വടിവാള്‍ ഉപയോഗിച്ചായിരുന്നു സാജന്‍റെ കേക്ക് മുറി. ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരില്‍ പ്രായപൂര്‍ത്തിയാവാത്ത 16 കുട്ടികളുമുണ്ടായിരുന്നു. അവരെ താക്കീത് ചെയ്ത ശേഷം പൊലീസ് ബന്ധുക്കള്‍ ഒപ്പം വിട്ടു. 

'പിള്ളാരെ തൊടാറായോ' എന്ന് ഈസ്റ്റ് എസ്ഐയുടെ മൊബൈല്‍, വെസ്റ്റ് പൊലീസ് സ്റ്റേഷന്‍, കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് സാജന്‍ വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തു. ഈസ്റ്റ് സ്റ്റേഷനില്‍ ബോംബുവയ്ക്കുമെന്നും ഭീഷണി മുഴക്കി. ഇതോടെ സാജന്‍റെ പുത്തൂരെ വീട്ടിലും അഞ്ച് കൂട്ടാളികളുടെ വീടുകളിലുമടക്കം തൃശൂര്‍ എസിപി സുദര്‍ശന്‍റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. സാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.

പുത്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൂത്തമകനായ സാജന്‍ പ്ലസ് ടു വരെയാണ് പഠിച്ചിട്ടുള്ളത്. കൊലപാതക ശ്രമക്കേസില്‍ രണ്ട് കൊല്ലം അകത്ത് കിടന്ന് പുറത്തുവന്നശേഷം വീട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ല സാജന്. ഇന്‍സ്റ്റഗ്രാം, എസ്ജെ കമ്പനിയെന്ന വാട്സാപ്പ് കൂട്ടായ്മ തുടങ്ങിയവയിലൂടെയാണ് അനുയായികളുമായി സാജന്‍ ബന്ധപ്പെടുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ സംഘത്തില്‍ ചേര്‍ക്കുന്നത് മയക്കുമരുന്നിനടിമയാക്കിയിട്ടാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios