ശരവേഗത്തിൽ പോകുന്നതിനിടെ മുന്നിൽ ചെറുകാർ എത്തി, പിന്നാലെ വെടിവയ്പ്, 4 വയസുകാരന് ദാരുണാന്ത്യം
ഫ്രീവേയിലൂടെ വന്ന കാറിന് നേരെയാണ് അമിത വേഗത്തിലെത്തിയ കാറിലെ യാത്രികർ വെടിയുതിർത്തത്. പിന്‍ സീറ്റിലിരുന്ന നാലുവയസുകാരന്റെ നെഞ്ചിനാണ് വെടിയേറ്റത്
ലോസാഞ്ചലസ്: ശരവേഗത്തിൽ പോകുന്നതിനിടെ മുന്നിൽ കാർ വന്നത് ഇഷ്ടമായില്ല, വെടിവയ്പിൽ നാല് വയസുകാരന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി അമേരിക്കയിലെ ലോസാഞ്ചലസിലാണ് സംഭവം. ഫ്രീവേയിലൂടെ വന്ന കാറിന് നേരെയാണ് അമിത വേഗത്തിലെത്തിയ കാറിലെ യാത്രികർ വെടിയുതിർത്തത്. പിന്‍ സീറ്റിലിരുന്ന നാലുവയസുകാരന്റെ നെഞ്ചിനാണ് വെടിയേറ്റത്. പരിക്കേറ്റ കുഞ്ഞിനെ രക്ഷിതാക്കൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റോഡിലെ അനിയന്ത്രിതമായ ക്ഷോഭ പ്രകടനത്തിനിടയിലാണ് നാല് വയസുകാരന്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ സിയേര ഹൈവേയിലാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട നാലുവയസുകാരനും രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാർ ഫ്രീ വേയിലൂടെ വന്ന് പ്രധാനപാതയിലക്ക് എത്തിയതിന് പിന്നാലെ സമീപത്ത് ഉണ്ടായിരുന്ന കാറിന് വേഗത കുറയ്ക്കേണ്ടി വന്നിരുന്നു. ഈ കാറിലുള്ളവർ പിന്തുടരുന്നത് പോലെ തോന്നിയപ്പോൾ കുട്ടിയുടെ പിതാവ് വേഗത കുറച്ചിരുന്നു.
ഈ സമയത്ത് സമാന്തരമായി എത്തിയ കാറിൽ നിന്ന് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 29കാരനായ യുവാവും 27കാരിയായ യുവതിയുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ലാന്‍കാസ്റ്ററിലെ സിയേര ഹൈവേയിലായിരുന്നു അതിക്രമം നടന്നത്. വെടിവയ്പിൽ കൊല്ലപ്പെട്ട കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം