'മാപ്പ് പറഞ്ഞിട്ടും തിരിച്ചെടുത്തില്ല'; സസ്പെൻഷന് പിന്നാലെ ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർത്ഥി ജീവനൊടുക്കി
അതേസമയം കോളേജ് അധികൃതർക്കെതിരെ ആരോപണവുമായി നിഖിലിന്‍റെ കുടുംബം രംഗത്തെത്തി. സസ്പെൻഷന് പിന്നാലെ നിഖിൽ മാപ്പ് ചോദിച്ചിരുന്നുവെന്നും എന്നാൽ മകനെ തിരിച്ചെടുക്കാൻ കോളേജ് തയ്യാറായില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.
ബെംഗളൂരു: ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒന്നാം വർഷ ഹോട്ടൽ മാനേജ്‌മെന്‍റ് വിദ്യാർത്ഥിയായ നിഖിൽ സുരേഷിനെയാണ് ചന്ദ്ര ലേഔട്ടിലെ താമസ സ്ഥലത്ത് ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നിഖിൽ കോളേജിലെ സുഹൃത്തുക്കൾക്കൊപ്പമാ.യിരുന്നു താമസം. വ്യാഴാഴ്ചയാണ് നിഖിൽ ഉറക്ക ഗുളികകൾ കഴിച്ച് ജീവനൊടുക്കിയത്.
നിഖിലിനെ അടുത്തിടെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അച്ചടക്കമില്ലായ്മ, ക്ലാസിൽ ഹാജരാകുന്നില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ. ഇതിൽ നിഖിൽ നിരാശനായിരുന്നുവെന്നാണ് സുഹൃത്തുക്കൾ നൽകിയ മൊഴിയെന്ന് പൊലീസ് പഞ്ഞു. എന്നാൽ സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. അതേസമയം കോളേജ് അധികൃതർക്കെതിരെ ആരോപണവുമായി നിഖിലിന്‍റെ കുടുംബം രംഗത്തെത്തി. സസ്പെൻഷന് പിന്നാലെ നിഖിൽ മാപ്പ് ചോദിച്ചിരുന്നുവെന്നും എന്നാൽ മകനെ തിരിച്ചെടുക്കാൻ കോളേജ് തയ്യാറായില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.
നിഖിലിനെ കോളേജ് അധികൃതർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും മകന്‍റെ മരണത്തിൽ നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും കോളേജിന് മുന്നിൽ പ്രതിഷേധവുമായെത്തി. സസ്പെൻഷനിലായതിന് പിന്നാലെ നിഖിൽ അമ്മയ്ക്കൊപ്പം കോളേജിലെത്തി മാപ്പ് പറഞ്ഞിരുന്നു. ഇനി വീഴ്ച സംഭവിക്കില്ലെന്നും
സസ്പെൻഷൻ പിൻവലിക്കണമെന്നും നിഖിലും അമ്മയും അധികൃതരോട് അഭ്യാർത്ഥിച്ചു.
എന്നാൽ ഇത് കോളേജ് മാനേജ്മെന്‍റ് അംഗീകരിച്ചില്ല, മകനെ അവർ തിരിച്ചെടുത്തില്ല. ഇതിൽ മനം നൊന്താണ് നിഖിൽ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. അതേസമയം കോളേജ് അധികൃതർക്കെതിരെ രേഖാമൂലം പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)