'ന്‍റെ മോളെ ഓര് കൊന്നതാണ്, ഭർത്താവിന്‍റെ പിതാവ് കഴുത്തിന് പിടിച്ചു'; ഷഫ്നയുടെ മരണം കൊലപാതകമെന്ന് കുടുംബം

വിവാഹസമയത്ത് സ്വർണം കുറഞ്ഞു പോയതിൽ ഭർതൃ വീട്ടുകാർക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്നും നിരന്തരം സ്വർണത്തിന്‍റെ കാര്യങ്ങൾ ചോദിച്ച് ഭർതൃവീട്ടുകാർ മകളെ മാനസികമായി വിഷമിപ്പിച്ചിരുന്നുവെന്നും ഷഫ്നയുടെ മാതാവ് പറഞ്ഞു.

family suspects murder in Shahna who was found dead in her husband's home in Kannur vkv

കണ്ണൂർ: ചൊക്ലിയിലെ ഷഫ്നയുടെ മരണം കൊലപാതകം ആണെന്ന ആരോപണവുമായി ബന്ധുക്കൾ. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരപ്പൊയിൽ സ്വദേശി റിയാസിന്‍റെ ഭാര്യ ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുല്ലാക്കരയിലെ ഭർതൃവീട്ടിലെ കിണറ്റിലായിരുന്നു പെട്ടിപ്പാലം സ്വദേശിയായ ഇരുപത്തിയാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഷഫ്ന ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ലെന്ന് മാതാവും സഹോദരനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകളും ബലം പ്രയോഗിച്ച പാടുകളുമുണ്ടെന്നും കുടുംബം പറയുന്നു. ഷഫ്ന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം നേരത്തെയും പ്രതികരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടോടെ ഉന്നതതല അന്വേഷണം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. വിവാഹസമയത്ത് സ്വർണം കുറഞ്ഞു പോയതിൽ ഭർതൃ വീട്ടുകാർക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്നും നിരന്തരം സ്വർണത്തിന്‍റെ കാര്യങ്ങൾ ചോദിച്ച് ഭർതൃവീട്ടുകാർ മകളെ മാനസികമായി വിഷമിപ്പിച്ചിരുന്നുവെന്നും മാതാവ് പറഞ്ഞു. ഭർത്താവിന്‍റെ വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും അവിടെ നിൽക്കാൻ പറ്റില്ല എന്ന് ഒരുപാട് തവണ ഷഫ്ന കരഞ്ഞു പറഞ്ഞിരുന്നുവെന്ന് സഹോദരനും പ്രതികരിച്ചു. 

'ന്‍റെ മോളെ ഓര് കൊന്നതാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷഫ്നയുടെ ശരീരത്തിൽ മുറിവുകളുണ്ട് എന്നാണ് പറയുന്നത്. ഷഫ്ന അങ്ങനെ ഒരു മുറിവ് വരുത്തില്ല. വേദന സഹിക്കാൻ പറ്റാത്ത കുട്ടിയാണ്. കത്തി തട്ടി ഒരു ചെറിയ മുറിവുണ്ടായാലാണ് രണ്ട് ദിവസം കരയണ കുട്ടിയാണ് ഷഫ്ന. അവിടെ ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു.  കിണറ്റിൽ ചാടേണ്ട ഒരു കാര്യവുമില്ല, അങ്ങനെ അവൾ ആത്മഹത് ചെയ്യില്ല'- ഷഫ്നയുടെ മാതാവ് പറഞ്ഞു.

ഭർത്താവിന്‍റെ പിതാവ് കഴുത്തിന് പിടിച്ചുവെന്നും ഉപദ്രവിച്ചുവെന്നും ഷഫ്ന പറഞ്ഞതായി സഹോദരനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ. ഇവിടെ ജീവിക്കേണ്ട, വീട്ടിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. സ്വർണ്ണം കുറഞ്ഞത് കൊണ്ട് വീട്ടില് പ്രശ്നം ആണെന്നും അവൾ പറഞ്ഞിരുന്നു. സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് ഭർത്താവിന്‍റെ മാതാവ് വീട്ടിലേക്ക് ഫോൺ വിളിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷേ ഇനി സ്വർണം കൊടുക്കാനാവില്ലെന്ന് പറഞ്ഞു. ഇതോടെ അവർക്ക് സഹോദരിയോട് വൈരാഗ്യമായിരുന്നു'- സഹോദരൻ പറഞ്ഞു. ചൊക്ലി പൊലീസ് ആണ് ഇപ്പോൾ അസ്വഭാവിക മരണത്തിന് കേസെടുത്ത്  അന്വേഷിക്കുന്നത്. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഷഫ്നയുടെ മരണം, കൊലപാതകമെന്ന് അമ്മ- വീഡിയോ സ്റ്റോറി

Latest Videos
Follow Us:
Download App:
  • android
  • ios