സിസിടിവി ഹാർഡ് ഡിസ്ക് പ്രതികൾ കൊണ്ടുപോയി, സ്വർണം വിറ്റതായി തെളിവില്ല; ഒരു ലീഡും കിട്ടാതെ മൈലപ്ര കൊലക്കേസ്
പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം നിരന്തരം ചോദ്യംചെയ്യുന്നുണ്ടെങ്കിലും കൊല നടത്തിയവരെ കുറിച്ച് ഒരു തുമ്പും കിട്ടിയില്ല
പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ ഇരുട്ടിൽതപ്പി പൊലീസ്. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും നിർണായക തെളിവുകൾ കണ്ടെത്താനായില്ല. പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം നിരന്തരം ചോദ്യംചെയ്യുന്നുണ്ടെങ്കിലും അന്വേഷണം വഴിമുട്ടിയ അവസ്ഥയാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോർജ് ഉണ്ണുണ്ണിയെ പട്ടാപ്പകൽ സ്വന്തം കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട ഡിവൈഎസ്പിയുടെ കീഴിൽ പ്രത്യേക സംഘം രൂപീകരിച്ച് എസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം തുടങ്ങി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നിർണ്ണായകമായ ഒരു ലീഡും പൊലീസിന് ലഭിച്ചില്ല. പ്രധാന പ്രതികളെ സഹായിച്ചെന്ന് കരുതുന്ന നഗരത്തിലെ താമസക്കാരനായ ഓട്ടോ ഡ്രൈവറെ നിരന്തരം ചോദ്യംചെയ്യുന്നുണ്ട്. എന്നാൽ കൊല നടത്തിയവരെ കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. തമിഴ്നാട് സ്വദേശികൾ എന്ന സൂചനയിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണ സംഘം പോയിട്ടുണ്ടെന്നാണ് വിവരം.
കൊല്ലപ്പെട്ട ജോർജ്ജിന്‍റെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികൾ കൊണ്ടുപോയത്. എന്നാൽ സ്വർണ്ണം പണയം വെച്ചതിന്‍റെയോ വില്പന നടത്തിയതിന്‍റെയോ ഒരു തെളിവും അന്വേഷണ സംഘത്തിന് കിട്ടിയില്ല. മധ്യകേരളത്തിലെ കുപ്രസിദ്ധനായ മോഷ്ടാവിന്‍റെ സഹായം കൂടി പ്രതികൾക്ക് കിട്ടിയിട്ടുണ്ടെന്ന സംശയം പൊലീസിനുണ്ട്. വ്യാപാരിയുടെ കടയിലെ സി സി ടി വിയുടെ ഹാർഡ് ഡിസ്ക് ഉൾപ്പെടെ എടുത്ത് മാറ്റിയുള്ള കൊലപാതകത്തിൽ അന്വേഷണം വെല്ലുവിളിയാണ്.
സംഭവം നടന്ന വൈകുന്നേരം കടയ്ക്ക് മുന്നിലൂടെ പോയ ബസ്സുകളിലെ സി സി ടി വി പരിശോധിച്ചാണ് ഓട്ടോ ഡ്രൈവറിലേക്ക് എങ്കിലും പൊലീസ് എത്തിയത്. എന്നാൽ അതിനു ശേഷം ഒരുപടിപോലും അന്വേഷണ പുരോഗിയില്ല. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ തന്നെ അടിമുടി മാറ്റാനും സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം