നടുറോഡില്‍ ട്രാഫിക്ക് പൊലീസുകാരന്റെ കൈയില്‍ കടി; യുവാവ് പിടിയില്‍
പിടിച്ചെടുത്ത വണ്ടിയുടെ താക്കോല്‍ തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കോണ്‍സ്റ്റബിളിന്റെ കൈയില്‍ കടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.
ബംഗളൂരു: ഹെല്‍മറ്റ് ധരിക്കാത്തതിന് സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയെടുത്ത ട്രാഫിക്ക് പൊലീസുകാരന്റെ കൈയില്‍ കടിച്ച യുവാവ് പിടിയില്‍. ബിടിഎം ലേഔട്ട് മേഖലയിലെ താമസക്കാരനയ സയ്യിദ് ഷാഫി(28)യാണ് അറസ്റ്റിലായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചു, ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി, പരസ്യമായി വെല്ലുവിളിച്ചു, ഭീഷണി മുഴക്കി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഷാഫിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 11.30ന് മാരിഗൗഡ റോഡില്‍ വച്ചായിരുന്നു സംഭവം. വില്‍സണ്‍ ഗാര്‍ഡന്‍ ടെന്‍ത് ക്രോസിലൂടെ ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഷാഫിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. സ്‌കൂട്ടര്‍ നിര്‍ത്തിയപ്പോള്‍ ട്രാഫിക്ക് പൊലീസുകാരന്‍ താക്കോല്‍ ഊരിയെടുത്തു. മറ്റൊരു ഉദ്യോഗസ്ഥന്‍ സംഭവം വീഡിയോയില്‍ പകര്‍ത്താനും ശ്രമിച്ചു. ഇതോടെ പ്രകോപിതനായ ഷാഫി പൊലീസുകാരനില്‍ നിന്ന് തന്റെ വീഡിയോ പകര്‍ത്തകരുതെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ പിടിച്ചെടുത്ത വണ്ടിയുടെ താക്കോല്‍ തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കോണ്‍സ്റ്റബിളിന്റെ കൈയില്‍ കടിച്ചത്.
അതേസമയം, ആശുപത്രിയില്‍ പോകാനായി തിടുക്കത്തില്‍ ഇറങ്ങിയതാണെന്നും ഹെല്‍മറ്റ് ധരിക്കാന്‍ മറന്നുപോയെന്നും ഷാഫി പൊലീസുകാരോട് പറയുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. സെെബർ ലോകത്തെ ഒരു വിഭാഗം ആളുകൾ ഷാഫിയെ പിന്തുണച്ചും പൊലീസുകാരുടെ നടപടി എതിർത്തും രംഗത്തെത്തിയിരുന്നു. എന്നാൽ പൊലീസുകാരെ ആക്രമിച്ച ഷാഫിയുടെ നടപടിയെ ശരിയല്ലെന്നും ഇവർ അഭിപ്രായപ്പെടുന്നു.